Published: June 09, 2026 06:16 PM IST
1 minute Read
സ്വന്തം നാട്ടിൽ 12 ഡിഗ്രി സെൽഷ്യസിന്റെ കുളിർമയിൽ നിന്നെത്തുന്ന നോർവേ ടീമിനു ന്യുജഴ്സിയിലെ ലോകകപ്പ് മത്സരങ്ങൾ ‘സ്റ്റീം ബാത്തിനു’ തുല്യമായി തോന്നിയാൽ അദ്ഭുതപ്പെടാനില്ല. ന്യൂജഴ്സിയും കൻസസ് സിറ്റിയുമടക്കം യുഎസിൽ ഫിഫ ലോകകപ്പിനു വേദിയൊരുക്കുന്ന നഗരങ്ങളിലെല്ലാം പകൽ സമയത്ത് അനുഭവപ്പെടുന്നതു പ്രതീക്ഷിച്ചതിലും ഉയർന്ന ചൂടാണ്. ഇന്നലെ ഉച്ചയ്ക്കു ന്യൂജഴ്സിയിൽ താപനില 30 ഡിഗ്രി സെൽഷ്യസിൽ മുട്ടി. മെക്സിക്കോയിലെ ഗ്വാഡലഹാരയിലും മെക്സിക്കോ സിറ്റിയിലും 40 ഡിഗ്രി സെൽഷ്യസിലേക്കെത്തിയാലും അദ്ഭുതമില്ല.
What you should work next
പാവം യുറഗ്വായ്
ശരാശരി 15 ഡിഗ്രി സെൽഷ്യസ് ചൂടുള്ള യുറഗ്വായ്ക്കാണു ലോകകപ്പിലെ ഏറ്റവും കഠിന പരീക്ഷണം നേരിടേണ്ടിവരിക. ഏറ്റവും ചൂടുകൂടിയ വേദിയായ ഗ്വാഡലഹാരയിൽ കളിക്കേണ്ടി വരുന്നതു കഠിന വെല്ലുവിളിയാകും. വൈകുന്നേരങ്ങളിൽ പോലും 27 ഡിഗ്രി ചൂടാണവിടെ. സമാന കാലാവസ്ഥയിലാകും ഫ്രാൻസും കളിക്കേണ്ടിവരിക. സ്വന്തം നാട്ടിലെക്കാൾ 12 ഡിഗ്രി സെൽഷ്യസ് ഉയർന്ന ചൂടിലാണു കൊളംബിയയുടെ മത്സരങ്ങളും. ഫ്ലോറിഡയിൽ കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ടീം പരിശീലനത്തിനിറങ്ങിയതു 32 ഡിഗ്രി ചൂടിലാണ്. ഹൈഡ്രേഷൻ ബ്രേക്കുകൾ ഏർപ്പെടുത്തി, ഉയർന്ന ചൂടിനെ പ്രതിരോധിക്കാൻ ഫിഫ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയണം.
എസി സബ്സ്റ്റിറ്റ്യൂഷൻ
ബെഞ്ചിലെ താരങ്ങളെ ഇക്കുറി ഡ്രസിങ് റൂമിലെ എസിയുടെ തണുപ്പിൽ തന്നെ ഇരുത്താനാകും ടീമുകൾ ശ്രമിക്കുകയെന്നു സൂചനയുണ്ട്. സബ്സ്റ്റിറ്റ്യൂഷന്റെ സമയത്തു മാത്രമാകും ഇവരെ പുറത്തിറക്കുക. ഇവർക്കു മത്സരം കാണാൻ പ്രത്യേക മോണിറ്റർ ഒരുക്കും. സബ്സ്റ്റിറ്റ്യൂഷന്റെ സമയത്ത് അസി.മാനേജർ ലോക്കർ റൂമിലെത്തി ഓരോരുത്തരെയായി കൂട്ടിക്കൊണ്ടുവരുന്ന രീതിയിലാകും പുതിയ ക്രമീകരണം. ഉയർന്ന ചൂട് കണക്കിലെടുത്താണ് ഈ പരീക്ഷണം.
What you should work next
വെല്ലുവിളിയായി യാത്ര
മൂന്നു രാജ്യങ്ങൾക്കിടയിലെ യാത്ര സൃഷ്ടിക്കുന്ന പ്രയാസവും ടീമുകൾക്കു വെല്ലുവിളിയാണ്. ഉറക്കക്കുറവും ക്ഷീണവുമടക്കം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഭീതി സൃഷ്ടിക്കുന്നുണ്ട്. ന്യൂജഴ്സിയിൽ കഴിഞ്ഞ ദിവസങ്ങളിൽ അപ്രതീക്ഷിതമായി മഴ പെയ്തിരുന്നു. രാത്രി താപനില ചിലപ്പോൾ 16 ഡിഗ്രി സെൽഷ്യസ് വരെ താഴാറുണ്ട്. പല നഗരങ്ങളിലും കാലാവസ്ഥയിലെ ഈ പ്രവചനാതീത സാഹചര്യം കളിക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ടീമുകളുടെ ആശങ്ക.
പാം കൂളിങ്
ചൂടിനെ പ്രതിരോധിക്കാൻ അത്‌ലീറ്റുകൾ ഉപയോഗിക്കുന്ന പാം കൂളിങ് ഉപകരണം കയ്യിലണിഞ്ഞാണ് ഇംഗ്ലണ്ട് ടീം പരിശീലനം നടത്തിയത്. ശരീരത്തിന്റെ മൊത്തം ചൂട് കുറയ്ക്കാൻ പാം കൂളിങ് ഡിവൈസ് ഉപകരിക്കും. മത്സരങ്ങൾക്കിടയിലെ ഹൈഡ്രേഷൻ ബ്രേക്കുകളിലും ടീം അംഗങ്ങൾ ഇതണിയാൻ സാധ്യതയുണ്ട്.
English Summary:





English (US) ·