13 കോടി വാങ്ങി കളിച്ചത് രണ്ടു മത്സരങ്ങൾ മാത്രം, ഐപിഎല്‍ സിക്സുകൾക്കു കാരണം ‘ഫ്ലാറ്റ് പിച്ചുകളെന്ന്’ ഇംഗ്ലണ്ട് ഓൾറൗണ്ടർ

1 month ago 6

മനോരമ ലേഖകൻ

Published: June 04, 2026 09:09 PM IST

1 minute Read

 NOAH SEELAM / AFP
ലിയാം ലിവിങ്സ്റ്റൻ. Photo: NOAH SEELAM / AFP

ലണ്ടൻ∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളുടെ സംഘാടനത്തെ വിമർശിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ലിയാം ലിവിങ്സ്റ്റൻ. റണ്ണൊഴുകുന്ന പിച്ചുകളിൽ മത്സരങ്ങൾ തുടർച്ചയായി വന്നത് സിക്സുകളുടെ എണ്ണം വര്‍ധിപ്പിച്ചതായും ഇതു രസംകൊല്ലിയാണെന്നും ലിവിങ്സ്റ്റൻ ഒരു പോഡ്കാസ്റ്റിൽ തുറന്നടിച്ചു. 200ന് മുകളിൽ ടീം ടോട്ടൽ പോയ എണ്ണത്തിൽ റെക്കോർഡാണ് 2026 ഐപിഎലിൽ സംഭവിച്ചത്. 17 തവണയാണ് ഇത്തവണ 200 ഓ, അതിനു മുകളിലോ സ്കോറുകൾ ചേസ് ചെയ്തതെന്ന പ്രത്യേകതയുമുണ്ട്. 2026 ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു ലിയാം ലിവിങ്സ്റ്റൻ. 13 കോടി രൂപയാണു താരലേലത്തിൽ ലിവിങ്സ്റ്റനു ലഭിച്ച പ്രതിഫലം.

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 244 റൺസ് വിജയലക്ഷ്യം എട്ടു പന്തുകൾ ബാക്കി നിൽക്കെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ചേസ് ചെയ്തു വിജയിച്ചതും ലിവിങ്സ്റ്റൻ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഗ്രൗണ്ടിലെ ബൗണ്ടറികൾ വലുതായിരുന്നെങ്കിലും, ഫ്ലാറ്റ് പിച്ചുകള്‍ ഒരുക്കിയത് ബാറ്റർമാർക്ക് വലിയ ആനുകൂല്യം ലഭിക്കാന്‍ കാരണമായെന്നും ലിവിങ്സ്റ്റൻ ഒരു പോഡ്കാസ്റ്റിൽ തുറന്നടിച്ചു. ‘‘മുംബൈയ്ക്കെതിരെ വലിയ ടോട്ടൽ ഞങ്ങൾ 18–ാം ഓവറിലാണ് ചേസ് ചെയ്തു വിജയിച്ചത്. അതു വളരെ വിരസമായിട്ടാണ് എനിക്കു തോന്നിയത്. ആളുകൾ തുടർച്ചയായി സിക്സുകൾ അടിക്കുന്നു. അതിലൊന്നും യാതൊരു കഴിവുമില്ല. ബൗണ്ടറികൾ വലുതാണെങ്കിലും ഫ്ലാറ്റ് പിച്ചുകളാണ് ഒരുക്കുന്നത്. മുംബൈയ്ക്കെതിരെ പന്ത് പറക്കുകയായിരുന്നു. ഹൈദരാബാദിൽ അഞ്ചോ, ആറോ മത്സരങ്ങൾ ഞാൻ ഒരു പിച്ചിലാണു കളിച്ചത്.’’

പക്ഷേ വൈഭവ് സൂര്യവംശി തുടർച്ചയായി ബൗണ്ടറികൾ പറത്തുന്നതിനെ ലിവിങ്സ്റ്റൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ‘‘ഇതുവരെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ല. എന്റെ ഏഴാമത്തെ ഐപിഎൽ സീസണാണ്. മികച്ച താരങ്ങൾക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. വൈഭവ് ഒരു തവണ പോലും പന്ത് തെറ്റായി അടിച്ചിട്ടില്ല. ഞങ്ങൾ ബൗണ്‍സറുകൾ എറിയുമ്പോൾ അദ്ദേഹം തേർഡ് മാനിലേക്ക് അടിക്കുന്നു. ഏതു ഭാഗത്തേക്ക് എറിഞ്ഞാലും അതിനെല്ലാം വൈഭവിന്റെ മറുപടിയുണ്ടാകും. വൈഭവിനെതിരെ എങ്ങനെ പന്തെറിയും എന്നാണ് ബോളർമാർ ഇപ്പോൾ ചിന്തിക്കുന്നത്.’’– ലിവിങ്സ്റ്റൻ വ്യക്തമാക്കി.

2026 ഐപിഎലിൽ രണ്ടു മത്സരങ്ങൾ മാത്രമാണ് ലിവിങ്സ്റ്റൻ കളിച്ചത്. പ്ലേയിങ് ഇലവനിൽ നാലു വിദേശ താരങ്ങളെ മാത്രമാണ് ടീമുകൾക്കു കളിപ്പിക്കാൻ സാധിക്കുക. ഹൈദരാബാദ് ടീമില്‍ സ്ഥിരസാന്നിധ്യങ്ങളായ പാറ്റ് കമിൻസ്, ട്രാവിസ് ഹെഡ്, ഹെൻറിച് ക്ലാസൻ‌ എന്നിവർ നിലയുറപ്പിച്ചപ്പോൾ മധ്യനിര താരമായ ലിവിങ്സ്റ്റൻ ഇടം കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നു.

English Summary:

Liam Livingstone criticized the enactment of Indian Premier League matches, peculiarly the high-scoring quality of games and the interaction of level pitches

Read Entire Article