19കാരൻ ജോബിന്റെ സെഞ്ചറി, ‘കലിപ്പ്’ മോഡിൽ കൊച്ചി; സാലി സാംസണും സംഘത്തിനും കൂറ്റൻ ജയം

2 weeks ago 2

മനോരമ ലേഖകൻ

Published: September 01, 2026 11:08 PM IST

2 minute Read

ആലപ്പി റിപ്പിൾസിനെതിരെ സെഞ്ചറി നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരം ജോബിൻ ജോബി (KCA)
ആലപ്പി റിപ്പിൾസിനെതിരെ സെഞ്ചറി നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരം ജോബിൻ ജോബി (KCA)

തിരുവനന്തപുരം ∙ ടൂർണമെന്റിൽനിന്നു പുറത്തായതിന്റെ ‘കലിപ്പ്’ കളത്തിൽ പുറത്തെടുത്തതോടെ ആലപ്പി റിപ്പിൾസിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് 69 റൺസിന്റെ കൂറ്റൻ ജയം. കൊച്ചി ഉയർത്തിയ 243 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആലപ്പി, 18.4 ഓവറിൽ 173 റൺസിന് ഓൾഔട്ടായി. തോറ്റെങ്കിലും ആലപ്പി റിപ്പിൾസ് സെമിഫൈനലിൽ കടന്നു. തൃശൂർ ടൈറ്റൻസ്, ട്രിവാൻഡ്രം റോയൽസ് ടീമുകളും സെമിയിൽ പ്രവേശിച്ചു.

What you should work next

ഓപ്പണർ ജോബിൻ ജോബിയുടെ (51 പന്തിൽ 109) സെ‍ഞ്ചറിക്കരുത്തിലാണ് കൊച്ചി കൂറ്റൻ ടാർഗറ്റ് ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ കെ.എ.അരുൺ (32 പന്തിൽ 59) അർധസെഞ്ചറി നേടിയെങ്കിലും ആലപ്പിയെ വിജയത്തിലെത്തിക്കാനായില്ല. കൊച്ചിക്കു വേണ്ടി മുഹമ്മദ് ആഷിഖ് 3 വിക്കറ്റും മനു ഉണ്ണികൃഷ്ണൻ, ഏദൻ ആപ്പിൾ ടോം എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.

സെമി സാധ്യതകൾ അവസാനിച്ച ടൈഗേഴ്സ് പുതിയൊരു ഓപ്പണിങ് കൂട്ടുകെട്ടുമായാണ് റിപ്പിൾസിനെതിരെ കളിക്കാനിറങ്ങിയത്. ജോബിൻ ജോബിയും വിപുൽ ശക്തിയും ചേർന്നുള്ള പുത്തൻ കൂട്ടുകെട്ട് കൊച്ചിക്ക് തകർപ്പൻ തുടക്കം നൽകുകയും ചെയ്തു. ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച ഇരുവരും ചേർന്ന് ആറാം ഓവറിൽ തന്നെ കൊച്ചിയുടെ സ്കോർ അമ്പത് കടത്തി. ഇടയ്ക്ക് ഇരുവരുടെയും ക്യാച്ചുകൾ കൈവിട്ടത് റിപ്പിൾസിന് തിരിച്ചടിയായി. സ്കോർ എഴുപതിൽ നിൽക്കെ 39 റൺസെടുത്ത വിപുൽ ശക്തി റണ്ണൗട്ടായി. എന്നാൽ ജോബിനൊപ്പം മനുകൃഷ്ണൻ ചേർന്നതോടെ കൊച്ചിയുടെ സ്കോറിങ് കൂടുതൽ വേഗത്തിലായി. 12-ാം ഓവറിൽ കൊച്ചിയുടെ സ്കോർ 100 കടന്നു.

ശ്രീരൂപ് എറിഞ്ഞ 13-ാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറും നേടിയാണ് ജോബിൻ അർധസെഞ്ചറി പൂർത്തിയാക്കിയത്. തൊട്ടടുത്ത ഓവറിൽ 31 റൺസെടുത്ത മനുകൃഷ്ണൻ പുറത്തായി. പകരമെത്തിയ മുഹമ്മദ് ആഷിഖും ജോബിനും ചേർന്ന് 19 പന്തുകളിൽ നിന്ന് 53 റൺസാണ് കൂട്ടിച്ചേർത്തത്. പത്ത് പന്തിൽ നിന്ന് 31 റൺസ് നേടി ആഷിഖ് മടങ്ങി. തുടർന്നെത്തിയ സച്ചിൻ സുരേഷും കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞു. റിപ്പിൾസ് ക്യാപ്റ്റൻ സച്ചിൻ ബേബി ബോളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ടൈഗേഴ്സിന്റെ സ്കോർ ബോർഡ് കുതിച്ചുപാഞ്ഞു.

ഒടുവിൽ അവസാന ഓവറിലെ രണ്ടാം പന്തിൽ ജോബിൻ ജോബി സെഞ്ചറി പൂർത്തിയാക്കി. 32 പന്തുകളിൽ നിന്ന് അർധസെഞ്ചറി നേടിയ ജോബിന് സെഞ്ചറിയിലേക്കു വേണ്ടി വന്നത് 16 പന്തുകൾ കൂടി മാത്രമാണ്. പത്ത് ഫോറും എട്ട് സിക്സുമടങ്ങുന്നതായിരുന്നു ജോബിന്റെ ഇന്നിങ്സ്. ഇതോടെ കെസിഎലിൽ ഒരിന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന നേട്ടവും ഈ പത്തൊൻപതുകാരനെ തേടിയെത്തി. ആലപ്പിക്ക് വേണ്ടി സിബിൻ ഗിരീഷ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ, കെ.എ.അരുണെ കൂടാതെ, മുഹമ്മദ് അസഹ്റുദ്ദീൻ (14 പന്തിൽ 32), ആകാശ് സി.പിള്ള (10 പന്തിൽ 10), ടി.കെ.അക്ഷയ് (10 പന്തിൽ 22), ശ്രീരൂപ് (15 പന്തിൽ 26) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. തകർത്തടിച്ച അസറുദ്ദീന്റെ മികവിൽ നാലാം ഓവറിൽ തന്നെ അമ്പതിലെത്തി. എന്നാൽ അസഹ്റുദ്ദീൻ മടങ്ങിയതോടെ റിപ്പിൾസിന്റെ തകർച്ചയ്ക്ക് തുടക്കമായി. 14 പന്തുകളിൽ ഒരു ഫോറും നാല് സിക്സുമടക്കം 32 റൺസ് നേടിയാണ് അസർ മടങ്ങിയത്. തുടർന്നെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബിയും ആകാശ് പിള്ളയും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. സച്ചിൻ ഏഴും ആകാശ് 10 റൺസും നേടി. തുടർന്നെത്തിയ കെ.എ. അരുണിന്റെ ചെറുത്തുനിൽപ്പാണ് റിപ്പിൾസിന്റെ സ്കോർ 173ൽ എത്തിച്ചത്. 32 പന്തുകളിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്സുമടക്കം അരുൺ 59 റൺസ് നേടി. 22 റൺസെടുത്ത അക്ഷയ് ടി.കെ.യും 26 റൺസെടുത്ത ശ്രീരൂപുമാണ് റിപ്പിൾസ് ബാറ്റിങ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.  

English Summary:

KCA T20 lucifer saw a ascendant 69-run triumph for Kochi Blue Tigers implicit Alappuzha Ripples. Jobin Joby's explosive period powered Kochi to a monolithic total, and contempt Alappuzha's beardown start, they were bowled out, securing a semi-final berth for Kochi.

Read Entire Article