19കാരൻ യുവരാജിന്റെ സെഞ്ചറി വിഫലം; ‘ഇരട്ട’ അർധസെഞ്ചറിയിൽ കാനഡയെ വീഴ്ത്തി കിവീസ് സൂപ്പർ എട്ടിൽ, അഫ്ഗാൻ പുറത്ത്

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: February 17, 2026 03:05 PM IST

1 minute Read

ട്വന്റി20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ മത്സരത്തിൽ സെഞ്ചറി നേടിയ കാനഡ ബാറ്റർ യുവരാജ് സമ്ര (PTI Photo/R SenthilKumar)
ട്വന്റി20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ മത്സരത്തിൽ സെഞ്ചറി നേടിയ കാനഡ ബാറ്റർ യുവരാജ് സമ്ര (PTI Photo/R SenthilKumar)

ചെന്നൈ ∙ ട്വന്റി20 ലോകകപ്പിൽ കാനഡയെ വീഴ്ത്തി സൂപ്പർ എട്ട് റൗണ്ടിൽ കടന്ന് ന്യൂസീലൻഡ്. കാനഡ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം 15.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ കിവീസ് മറികടക്കുകയായിരുന്നു; എട്ടു വിക്കറ്റ് ജയം. മൂന്നു മത്സരങ്ങളിൽനിന്ന് ആറു പോയിന്റുമായി ഗ്രൂപ്പ് ഡിയിൽനിന്ന് രണ്ടാം സ്ഥാനക്കാരായാണ് ന്യൂസീലൻഡിന്റെ സൂപ്പർ എട്ട് പ്രവേശനം. ദക്ഷിണാഫ്രിക്ക നേരത്തെ തന്നെ സ്ഥാനം ഉറപ്പിച്ചിരുന്നു. കിവീസിന്റെ ജയത്തോടെ അഫ്ഗാനിസ്ഥാൻ ടൂർണമെന്റിൽനിന്നു പുറത്തായി. കാനഡയ്ക്കെതിരെ ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും അതു വിജയിച്ചാലും അഫ്ഗാനിസ്ഥന് നാലു പോയിന്റു മാത്രമേ ആകൂ.

നേരത്തെ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കാനഡയെ ഓപ്പണർ യുവരാജ് സമ്രയുടെ (65 പന്തിൽ 110) കിടിലൻ സെഞ്ചറിയാണ് മികച്ച സ്കോറിലെത്തിച്ചത്. 58 പന്തിൽ സെഞ്ചറി നേടിയ 19 വയസ്സുകാരനായ യുവരാജ്, ട്വന്റി20 ലോകകപ്പിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമാണ്. ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങിനോടുള്ള ആരാധനയെ തുടർന്നാണ് താരത്തിന്റെ മാതാപിതാക്കൾ ഈ പേരിട്ടത്. ആറു സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു കിവീസിനെതിരെ യുവരാജ് സമ്രയുടെ ഇന്നിങ്സ്. ഓപ്പണറായി ഇറങ്ങിയ താരം അവസാന ഓവറിലാണ് പുറത്താകുന്നത്. മറ്റൊരു ഓപ്പണറായ ക്യാപ്റ്റൻ ദിൽപ്രീത് ബജ്‌വ 39 പന്തിൽ 36 റൺസെടുത്തു. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് കാനഡ 173 റൺസെടുത്തത്.

മറുപടി ബാറ്റിങ്ങിൽ, അർധസെഞ്ചറി നേടിയ ഗ്ലെൻ ഫിലിപ്സ് (36 പന്തിൽ 76*), രചിൻ രവീന്ദ്ര (39 പന്തിൽ 59*) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ന്യൂസീലൻഡ് അനായാസം വിജയത്തിലെത്തിയത്. ഓപ്പണർമാരായ ടിം സീഫെർട്ട് (10 പന്തിൽ 6), ഫിൻ അലൻ (8 പന്തിൽ 21) എന്നിവർ പുറത്തായശേഷം ഒന്നിച്ച ഫിലിപ്സ്– രവീന്ദ്ര സഖ്യം വെടിക്കെട്ട് ബാറ്റിങ്ങുമായി ന്യൂസീലൻഡിനെ അതിവേഗം വിജയത്തിലത്തിക്കുകയായിരുന്നു. ആറു സിക്സും നാലു ഫോറുമടങ്ങുന്നതായിരുന്നു ഫിലിപ്സിന്റെ ഇന്നിങ്സ്. രചിൻ മൂന്നു സിക്സും നാലും ഫോറുമടിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 146 റൺസ് അടിച്ചുകൂട്ടി.
 

English Summary:

New Zealand has precocious to the Super 8 circular of the T20 World Cup aft defeating Canada. Glenn Phillips and Rachin Ravindra's stellar batting show secured an casual triumph for New Zealand, chasing down Canada's target.

Read Entire Article