200 കടന്നിട്ടും ചെന്നൈയ്ക്ക് രക്ഷയില്ല, രണ്ടാം തോൽവി; പഞ്ചാബ് കിങ്സിന് അഞ്ച് വിക്കറ്റ് വിജയം

1 month ago 7

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന് രണ്ടാം വിജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ അഞ്ചു വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്. ചെന്നൈ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 18.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 29 പന്തിൽ 50 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. പഞ്ചാബിനായി ബാറ്റിങ്ങിനിറങ്ങിയവരെല്ലാം തിളങ്ങി. ശ്രേയസിനു പുറമേ പ്രബ്സിമ്രൻ സിങ് (34 പന്തിൽ 43), കൂപ്പർ കോണോലി (22 പന്തിൽ‍ 36), പ്രിയൻഷ് ആര്യ (11 പന്തിൽ 39) എന്നിവരും  തകർത്തടിച്ചു. ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് മൂന്നു വിക്കറ്റ് വിജയം നേടിയിരുന്നു. രണ്ടാം വിജയത്തോടെ പഞ്ചാബ് പട്ടികയിൽ ഒന്നാമതെത്തി. ചെന്നൈ സൂപ്പർ കിങ്സിന്റെ രണ്ടാം തോൽവിയാണിത്.

മറുപടി ബാറ്റിങ്ങിൽ 61 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് പ്രിയന്‍ഷ് ആര്യയും പ്രബ്സിമ്രൻ സിങ്ങും ചേർ‍ന്ന് അടിച്ചുകൂട്ടിയത്. മാറ്റ് ഹെന്‍റിയെറിഞ്ഞ അഞ്ചാം ഓവറിലെ രണ്ടാം പന്തിൽ പ്രിയൻഷ് ആര്യ ബോള്‍ഡായി. ആദ്യ ആറോവറുകളിൽ പഞ്ചാബ് 68 റൺസെടുത്തു. സ്കോര്‍ 95ൽ നിൽക്കെ പ്രബ്സിമ്രൻ സിങ് റൺഔട്ടായി. കൂപ്പർ കോണോലിക്കൊപ്പം ശ്രേയസ് അയ്യരും തകർത്തടിച്ചതോടെ 9.5 ഓവറില്‍ പഞ്ചാബ് 100 കടന്നു. 12–ാം ഓവറിൽ കോണോലിയെ അൻഷുൽ കാംബോജ് മാറ്റ് ഹെൻറിയുടെ കൈകളിലെത്തിച്ചു. 14.1 ഓവറിൽ പഞ്ചാബ് സ്കോർ 150 പിന്നിട്ടിരുന്നു. അവസാന 20 പന്തുകളിൽ 25 റൺസായിരുന്നു പഞ്ചാബിനു ജയിക്കാൻ വേണ്ടിയിരുന്നത്. അർധ സെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ അൻഷുൽ കാംബോജ് രാഹുൽ ചാഹറിന്റെ കൈകളിലെത്തിച്ചു. പിന്നാലെ നേഹല്‍ വധേരയും പുറത്തായി. എന്നാൽ മാർകസ് സ്റ്റോയ്നിസും (ഒൻപത്) ശശാങ്ക് സിങ്ങും (14) ചേർന്ന് എട്ടു പന്തുകൾ ബാക്കി നിൽക്കെ പഞ്ചാബിനെ വിജയത്തിലെത്തിച്ചു. 

priyansh-arya

പഞ്ചാബ് താരം പ്രിയൻഷ് ആര്യയുടെ ബാറ്റിങ്. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@IPLൽ നിന്ന് എടുത്തതാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. അര്‍ധ സെഞ്ചറി നേടിയ യുവതാരം ആയുഷ് മാത്രെയാണ് ചെന്നൈ നിരയിലെ ടോപ് സ്കോറർ. 43 പന്തുകൾ നേരിട്ട താരം അഞ്ച് സിക്സുകളും ആറു ഫോറുകളും ഉള്‍പ്പടെ 73 റൺസടിച്ചു പുറത്തായി. ശിവം ദുബെ (27 പന്തിൽ 45), സര്‍ഫറാസ് ഖാന്‍ (12 പന്തിൽ 32), ഋതുരാജ് ഗെയ്ക്‌വാദ് (22 പന്തിൽ 28) എന്നിവരാണ് ചെന്നൈ നിരയിലെ മറ്റു പ്രധാന സ്കോറർമാർ.

ഓപ്പണറായിറങ്ങിയ സഞ്ജു സാംസണാണ് ചെന്നൈ നിരയിൽ ആദ്യം പുറത്തായത്. ഏഴു പന്തുകൾ നേരിട്ട മലയാളി താരം ഏഴു റൺസുമായി മടങ്ങി. സേവ്യർ ബാർട്‍ലെറ്റിന്റെ ലെങ്ത് ബോൾ ഒന്നു പിന്നോട്ടുനീങ്ങി നേരിടാൻ ശ്രമിച്ച സഞ്ജുവിന്റെ ബാറ്റിൽ തട്ടിയ പന്ത് പഞ്ചാബ് വിക്കറ്റ് കീപ്പർ പ്രബ്സിമ്രൻ സിങ് അനായാസം പിടിച്ചെടുത്തു. സഞ്ജു പൊരുതാതെ വീണപ്പോൾ, ആയുഷ് മാത്രെ ക്രീസിലെത്തിയതോടെയാണ് ചെന്നൈ തകർത്തടിച്ചത്. പവര്‍പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 57 റൺസെടുത്തു. 29 പന്തുകളിൽ നാലു വീതം സിക്സും ഫോറും അടിച്ച് മാത്രെ അർധ സെഞ്ചറിയിലെത്തി.

9.5 ഓവറിൽ (59 പന്തുകള്‍) ചെന്നൈ സ്കോർ 100 പിന്നിട്ടു. സ്കോർ 110 ൽ നിൽക്കെ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനെ യുസ്‌വേന്ദ്ര ചെഹൽ നേഹൽ വധേരയുടെ കൈകളിലെത്തിച്ചു. വിജയകുമാർ വൈശാഖിന്റെ 14–ാം ഓവറിൽ മാത്രെയും മടങ്ങിയതോടെ ചെന്നൈയുടെ റൺഒഴുക്കിന്റെ വേഗത കുറഞ്ഞു. ശിവം ദുബെ ഒരു വശത്ത് നിലയുറപ്പിച്ചു കളിച്ചപ്പോൾ നേരിട്ട മൂന്നാം പന്തിൽ കാർത്തിക്ക് ശര്‍മ മടങ്ങി. വിജയകുമാർ വൈശാഖിന്റെ 17–ാം ഓവറിലെ ആദ്യ മൂന്നു പന്തുകൾ സർഫറാസ് ബൗണ്ടറി കടത്തി. നാലാം പന്ത് ഉയർത്തിയടിക്കാൻ ശ്രമിച്ചപ്പോൾ, നേഹൽ വധേര ക്യാച്ചെടുത്തു. 

ayush-mhatre

ചെന്നൈയ്ക്കായി അർധ സെഞ്ചറി നേടിയ ആയുഷ് മാത്രെ. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@IPLൽ നിന്ന് എടുത്തതാണ്.

തുടർന്ന് അരങ്ങേറ്റ മത്സരം കളിക്കുന്ന പ്രശാന്ത് വീറുമായി ചേർന്ന് ശിവം ദുബെയാണ് ചെന്നൈയുടെ സ്കോര്‍ 200 കടത്തിയത്. അർഷ്ദീപ് സിങ്ങിന്റെ അവസാന ഓവറിൽ‍ ബൗണ്ടറി നേടി ചെന്നൈ 200 പിന്നിട്ടു. അവസാന ഓവറിൽ 14 റൺസാണ് അർഷ്ദീപ് വഴങ്ങിയത്. അവസാന നാലോവറുകളിൽ ചെന്നൈ അടിച്ചെടുത്തത് 64 റൺസ്. പഞ്ചാബ് കിങ്സിനായി വിജയകുമാർ വൈശാഖ് രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി. സേവ്യർ ബാർട്‍ലെറ്റ്, മാർകോ യാന്‍സൻ, യുസ്‍വേന്ദ്ര ചെഹൽ എന്നിവർ ഓരോ വിക്കറ്റു വീതവും നേടി.

English Summary:

Indian Premier League, Chennai Super Kings vs Punjab Kings Match Live Updates

Read Entire Article