ബോസ്റ്റൺ ∙ മൊറോക്കൻ ഗോൾ കീപ്പർ യാസിൻ ബൂണോയുടെ ഗംഭീര സേവുകളും ഫ്രാൻസിന്റെ പ്രതിരോധക്കരുത്തും, പിന്നാലെ ആറു മിനിറ്റിനിടെ രണ്ടു ഗോളും കണ്ട ക്വാർട്ടർ പോരാട്ടത്തിൽ തുടർച്ചയായ രണ്ടാം സെമി ഫൈനൽ സ്വപ്നം കണ്ടെത്തിയ മൊറോക്കോയെ തകർത്ത് സെമി ഫൈനലിലേക്ക് മാർച്ച് ചെയ്ത് ഫ്രഞ്ച് പട. ഫ്രാൻസിന്റെ തുടർച്ചയായ മൂന്നാം സെമി ഫൈനലാണിത്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ആധിപത്യം സ്ഥാപിച്ച ഫ്രഞ്ച് പട മൊറോക്കൻ പ്രതിരോധത്തിന് കടുത്ത വെല്ലുവിളിയുയർത്തി. സൂപ്പർ താരം കിലിയന്‍ എംബപെയുടെ പെനാൽറ്റി ഉൾപ്പെടെ ഒരുപിടി എണ്ണംപറഞ്ഞ ഷോട്ടുകൾ തടുത്തിട്ട ഗോൾ കീപ്പർ യാസിൻ ബൂണോയാണ് മൊറോക്കോയെ രക്ഷിച്ചത്. തുടരെ ആക്രമിച്ച് കയറി പെനാൽറ്റി ഏരിയയിൽ നിന്ന് ഏഴെണ്ണം ഉൾപ്പെടെ 13 ഗോൾശ്രമങ്ങൾ നടത്തിയിട്ടും ആദ്യ പകുതിയിൽ വല ചലിപ്പിക്കാൻ എംബപെയ്‌ക്കും സംഘത്തിനുമായില്ല.
What you should work next
നാലാം മിനിറ്റിൽ തുടരെ രണ്ട് ഗോൾശ്രമങ്ങളാണ് ഫ്രാൻസ് നടത്തിയത്. ആദ്യം സൂപ്പർ താരം കിലിയന്‍ എംബപെ വെടിയുണ്ട കണക്കെ തൊടുത്ത ഷോട്ടും തൊട്ടടുത്ത നിമിഷം ദയോത് ഉപമെകാനോയുടെ ഹെഡറും മൊറോക്കൻ ഗോൾ കീപ്പർ യാസിൻ ബൂണോ തടുത്തു. ഹൈഡ്രേഷൻ ബ്രേക്കിന് തൊട്ടുമുൻപ് ബോക്സിനുള്ളിൽ കിലിയന്‍ എംബപെയെ നൂസൈർ മസ്റാവി വീഴ്ത്തിയതിന് ഫ്രാൻസിന് പെനാൽറ്റി അനുവദിച്ചു. ഫ്രാൻസിനെ മുന്നിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്ത് എംബപെ തൊടുത്ത ഷോട്ട് ഗോൾ കീപ്പർ തന്റെ ഇടതുവശത്തേക്ക് ഗംഭീര ഡൈവിലൂടെ കൈപ്പിടിയിലൊതുക്കി. ആദ്യ പകുതിയുടെ അധിക സമയത്ത് ലൂക്കാസ് ഡിഗ്നെയുടെ ഇടംകാലൻ ഷോട്ട് ക്രോസ് ബാറിൽ തട്ടിയകന്നു. അതേസമയം ആദ്യ 45 മിനിറ്റിൽ ഫ്രാൻസിന്റെ കരുത്തുറ്റ പ്രതിരോധ നിരയ്ക്ക് ഭീഷണിയാകുന്ന ഒരേ ഒരു നീക്കം മാത്രമാണ് മൊറോക്കോയ്‌ക്ക് നടത്താനായത്.
What you should work next
രണ്ടാം പകുതിയിൽ പക്ഷെ കളി മാറി. പൂർണമായി ആക്രമണത്തിലേക്ക് ഗിയർ മാറ്റിയ ഫ്രഞ്ച് പടയ്ക്കു മുന്നിൽ മൊറോക്കൻ പ്രതിരോധം നന്നേവിയർത്തു. പിന്നാലെ ഗോൾ കീപ്പർ യാസിൻ ബൂണോയുടെ പ്രതിരോധം ഭേദിച്ച് ആറു മിനിറ്റിനുള്ളിൽ, ആദ്യം എംബപെയും പിന്നാലെ ഉസ്മാൻ ഡെംബലെയും മൊറോക്കൻ വല ചലിപ്പിച്ചതോടെ ഫ്രഞ്ച് ആധിപത്യം പൂർണമായി. ഇതോടെ തുടർച്ചയായ രണ്ടാം ലോകകപ്പിലും സെമിഫൈനലിൽ എത്താമെന്ന ആത്മവിശ്വാസം നഷ്ടമായ മൊറോക്കോ, പൊരുതാനുള്ള ശ്രമം പോലും നടത്താതെ കിഴടങ്ങുകയായിരുന്നു.
എട്ട് ഓൺടാർഗറ്റ് ഷോട്ടുകൾ ഉൾപ്പെടെ 21 ഗോളവസരങ്ങളാണ് മത്സരത്തിൽ ഫ്രഞ്ച് പട സൃഷ്ടിച്ചത്. ഇതിൽ 12 എണ്ണം പെനാൽറ്റി ഏരിയയിൽ നിന്നായിരുന്നു. അതേസമയം, ഒരു ഓൺടാർഗറ്റ് ഷോട്ടുകൾ ഉൾപ്പെടെ ആകെ നാല് ഗോളവസരങ്ങൾ മാത്രമാണ് മൊറോക്കോയ്‌ക്ക് ലഭിച്ചത്.
റെക്കോർഡ് ബുക്ക്
∙ തുടർച്ചയായ മൂന്നു ലോകകപ്പുകളിൽ സെമിഫൈനലിൽ എത്തുന്ന മൂന്നാമത്തെ ടീമായി ഫ്രാൻസ്. ജർമ്മനി (2002 മുതൽ 2014 വരെ 4 തവണയും 1982-1990 വരെ 3 തവണയും), ബ്രസീൽ (1994-2002 വരെ 3 തവണയും) എന്നിവയാണ് ഈ നേട്ടം കൈവരിച്ച മറ്റ് ടീമുകൾ.
∙ എട്ടാം തവണയാണ് ഫ്രാൻസ് ലോകകപ്പ് സെമിഫൈനലിൽ എത്തുന്നത്. ഈ നേട്ടത്തിൽ ഫ്രാൻസസ്, ബ്രസീലിനൊപ്പം (8 തവണ) രണ്ടാം സ്ഥാനത്തെത്തി. 12 തവണ സെമി ഫൈനൽ കളിച്ചിട്ടുള്ള ജർമനിയാണ് ഒന്നാമത്.
∙ 60 ാം മിനിറ്റിൽ ഗോൾ നേടിയ ഫ്രഞ്ച് സൂപ്പർ താരം കിലിയന്‍ എംബപെയ്‌ക്ക് ലോകകപ്പ് കരിയറിലെ ഗോളുകളുടെ എണ്ണം 20 ആയി. അർജന്റീനയുടെ ലയണൽ മെസ്സിക്ക് (21 ഗോൾ) പിന്നിൽ രണ്ടാം സ്ഥാനത്താണ് എംബപെ.
∙ ഈ ലോകകപ്പിൽ ഇതേവരെ 8 ഗോളുകൾ നേടിയ എംബപെ (3 അസിസ്റ്റ്), അസിസ്റ്റുകളുടെ കൂടി അടിസ്ഥാനത്തിൽ ഗോൾഡൻ ബൂട്ട് മത്സരത്തിൽ ലയണൽ മെസ്സിയെ (എട്ടു ഗോളും ഒരു അസിസ്റ്റും) മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.
∙ മൊറോക്കോയ്‌ക്കെതിരെയുള്ള ഗോളും അസിസ്റ്റും സഹിതം, ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ എംബപെയുടെ ആകെ ഗോൾ സംഭാവനകൾ 14 ആയി. കഴിഞ്ഞ 60 വർഷത്തിനിടെ ഈ നേട്ടം കൈവരിച്ചവരിൽ ലയണൽ മെസ്സിക്കൊപ്പം (14) ഒന്നാം സ്ഥാനത്താണ് എംബപെ.
∙ 8 ഗോളും 3 അസിസ്റ്റും സഹിതം ഈ ലോകകപ്പിൽ എംബപെ 11 ഗോളുകളിൽ പങ്കാളിയായി. 1970 ൽ ഗെർഡ് മുള്ളർക്ക് (13) ശേഷം ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ നൽകുന്ന താരമാണ് എംബപെ.
∙ 1966 ന് ശേഷം രണ്ടു വ്യത്യസ്ത ഫിഫ ലോകകപ്പുകളിൽ (2022, 2026) 10 ൽ അധികം ഗോൾ സംഭാവനകൾ നൽകുന്ന ആദ്യ കളിക്കാരനാണ് എംബപെ.
∙ ഒരു ലോകകപ്പ് മത്സരത്തിൽ എംബപെ ഗോളും അസിസ്റ്റും നേടുന്നത് ഇത് മൂന്നാം തവണയാണ്. 60 വർഷത്തിനിടെ ഈ നേട്ടം കൂടുതൽ തവണ (5) കൈവരിച്ച ഏക കളിക്കാരൻ ലയണൽ മെസ്സിയാണ്.
∙ മൊറോക്കോയ്‌ക്കെതിരെ ഗോൾ നേടിയതോടെ ഉസ്മാൻ ഡെംബലെയ്ക്ക് ലോകകപ്പ് കരിയറിലെ ഗോളുകളുടെ എണ്ണം 5 ആയി. ഈ ലോകകപ്പിലാണ് അദ്ദേഹം ഈ അഞ്ച് ഗോളുകളും നേടിയത് (2018, 2022 ലോകകപ്പുകളിൽ ഡെംബലെ ഗോൾ നേടിയില്ല).
∙ ഒരു ലോകകപ്പിൽ 5 ൽ അധികം ഗോളുകൾ നേടുന്ന, ഒരേ ടീമിലെ സഹതാരങ്ങൾ എന്ന നേട്ടത്തിനും എംബപെയും ഡെംബലെയും ഉടമകളായി. 2002 ൽ ബ്രസീലിനായി റൊണാൾഡോയും റിവാൾഡോയും ഈ നേട്ടം കൈവരിച്ചിരുന്നു.
∙ 60 വർഷത്തിനിടെ ഒരു ലോകകപ്പിൽ അഞ്ചോ അതിലധികമോ ഗോളുകൾ നേടുന്ന ഫ്രാൻസിന്റെ കളിക്കാർ എംബപെയും ഡെംബലെയും മാത്രമാണ്.
English Summary:





English (US) ·