32കാരിയായ ‘അർജന്റീനക്കാരി’ ഇനി പോർച്ചുഗൽ ഇതിഹാസത്തിന്റെ ഭാര്യ, ആദ്യ കണ്ടുമുട്ടൽ സ്റ്റോറിലോ നൈറ്റ്ക്ലബ്ബിലോ? 10 വർഷത്തെ ‘മിസ്റ്ററി’ ലൈഫ്!

1 month ago 6

2026 ഓഗസ്റ്റ് 11. പോർച്ചുഗലിലെ മനോഹരമായ തീരദേശ നഗരമായ കാസ്‌കെയ്‌സ്. ലോകമെമ്പാടുമുള്ള ആരാധകരും മാധ്യമങ്ങളും വൻ ആഘോഷം പ്രതീക്ഷിച്ച നിമിഷം. എന്നാൽ, ചുവന്ന പരവതാനികളോ ക്യാമറകളുടെ ഫ്ലാഷ് ലൈറ്റുകളോ ഇല്ലാതെ, തികച്ചും ശാന്തമായ അന്തരീക്ഷത്തിൽ ആ വിവാഹം നടന്നു. ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും അദ്ദേഹത്തിന്റെ ദീർഘകാല പങ്കാളി ജോർജീന റോഡ്രിഗസും ഔദ്യോഗികമായി ഒന്നായി. അഞ്ച് മക്കളും അടുത്ത കുടുംബാംഗങ്ങളും മാത്രം സാക്ഷികളായ ലളിതമായ ചടങ്ങ്. വിവാഹശേഷം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത് രണ്ടു മോതിരങ്ങളുടെ ചിത്രവും ‘C ❤ G’ എന്ന അടിക്കുറിപ്പും മാത്രം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലോകത്തിനു മുന്നിൽ അതിതീവ്രമായി പ്രണയിച്ച ഒരു ദമ്പതികൾക്ക്, തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം ആഘോഷിക്കാൻ ഈ നിശബ്ദത തന്നെ ധാരളം.

What you should work next

∙ ഗുച്ചി സ്റ്റോറും ബുഗാട്ടിയും: പ്രണയത്തിന്റെ ആദ്യ അധ്യായം

2016ലാണ് റൊണാൾഡോയും ജോർജീനയും ആദ്യമായി കണ്ടുമുട്ടുന്നത്. റയൽ മഡ്രിഡിൽ പുതിയ കരാർ ഒപ്പിട്ട് തന്റെ കരിയറിന്റെയും ആഗോള ജനപ്രീതിയുടെയും കൊടുമുടിയിൽ നിൽക്കുകയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ മഡ്രിഡിലെ ഒരു ഗുച്ചി സ്റ്റോറിൽ അദ്ദേഹത്തെ കാത്തിരുന്നത് കളിക്കളത്തിന് പുറത്തെ ഏറ്റവും വലിയ നിയോഗമായിരുന്നു. അന്ന് 22 വയസ്സുള്ള ജോർജീന റോഡ്രിഗസ് ആ ആഡംബര സ്റ്റോറിലെ ഒരു സാധാരണ സെയിൽസ് അസിസ്റ്റന്റായിരുന്നു. തന്റെ ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങാനിരിക്കെ, ഒരു പ്രത്യേക ക്ലയന്റ് എത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് ജോർജിന അവിടെത്തന്നെ നിൽക്കാൻ നിർബന്ധിതയായി. മകൻ ക്രിസ്റ്റ്യാനോ ജൂനിയറിനും സുഹൃത്തുക്കൾക്കുമൊപ്പം അവിടെയെത്തിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും (Instagram/georginagio/)

ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും (Instagram/georginagio/)

‘പരിഭ്രമം കാരണം അദ്ദേഹത്തിന്റെ മുഖത്തുപോലും നോക്കാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല’, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായ ‘ഐ ആം ജോർജീന’യിൽ ആ നിമിഷത്തെക്കുറിച്ച് ജോർജീന പറഞ്ഞു. റൊണാൾഡോയ്ക്കും അത് വെറുമൊരു കണ്ടുമുട്ടലായിരുന്നില്ല, ഒരിക്കലും മറക്കാനാവാത്ത ഒരു ‘ക്ലിക്ക് നിമിഷം’ എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. പിന്നീടുള്ള ദിവസങ്ങളിൽ, ജോർജീനയുടെ ഷിഫ്റ്റ് കഴിയുന്ന സമയത്ത് റൊണാൾഡോ സ്റ്റോറിന് മുന്നിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ടാക്സിയിലോ സാധാരണ കാറിലോ ആയിരുന്നില്ല അത്—സഹപ്രവർത്തകരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ഒരു ബുഗാട്ടി സൂപ്പർകാറിലായിരുന്നു അദ്ദേഹത്തിന്റെ വരവ്. ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഫുട്ബോൾ താരം, ഫാഷൻ സ്റ്റോറിൽ ജോലി ചെയ്യുന്ന തന്റെ പ്രണയിനിയെ കാണാനെത്തുന്ന ആ ആദ്യകാല ദിനങ്ങൾ ഇരുവരും ‘ഏറ്റവും മനോഹരമായ കാലഘട്ടം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
അതിനിടെ, മഡ്രിഡിലെ ‘ഓപിയം’ എന്ന എക്സ്ക്ലൂസീവ് നൈറ്റ്ക്ലബ്ബിൽ വച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയതെന്നും ഗുച്ചി സ്റ്റോർ കഥ ഒരു മാർക്കറ്റിങ് തന്ത്രം മാത്രമാണെന്നും ജോർജീനയുടെ മുൻ സഹപ്രവർത്തകൻ പാബ്ലോ ബൂൺ അവകാശപ്പെട്ടിരുന്നു. എന്നാൽ റൊണാൾഡോയും ജോർജിനയും ഈ ഊഹാപോഹങ്ങളെ പൂർണമായും നിഷേധിച്ചിരുന്നു.

∙ ‘അർജന്റീനക്കാരി’ ജോര്‍ജീന

ഇന്ന് 73 ദശലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുള്ള പ്രശസ്ത മോഡലും, ബിസിനസുകാരിയും, സ്നേഹനിധിയായ അമ്മയുമാണ് 32 വയസ്സുകാരിയായ ജോർജീന. സ്‌പെയിനിലെ ജാക്കയിൽ തന്റെ സഹോദരി ഇവാനയ്ക്കൊപ്പമാണ് ജോര്‍ജീന വളർന്നത്. അമ്മ സ്പാനിഷ് വംജയും അച്ഛൻ അർജന്റീനിയൻ സ്വദേശിയുമാണ്. ജോർജീനയുടെ അർജന്റീന ബന്ധത്തെക്കുറിച്ച് ഇക്കഴിഞ്ഞ ലോകകപ്പിനിടെ റൊണാൾഡോ തുറന്നുപറഞ്ഞിരുന്നു. തന്റെ പങ്കാളി അർജന്റീനക്കാരിയാണെന്നും അതുകൊണ്ട് അർജന്റീനക്കാരോട് തനിക്ക് പ്രത്യേക ഇഷ്ടമുണ്ടെന്നുമായിരുന്നു പോർച്ചുഗൽ താരത്തിന്റെ പരാമർശം.

ഒരു കാത്തലിക് സ്കൂളിൽ പഠിച്ച ജോർജീന, തന്റെ ചെറുപ്പകാലത്ത് നൃത്തവേദികളിൽ തിളങ്ങി. പിന്നീട് മഡ്രിഡിലേക്ക് താമസം മാറിയതോടെയാണ് അവരുടെ ജീവിതത്തിന്റെ ഗതി തന്നെ മാറിയത്. മാസിമോ ഡുട്ടി എന്ന ബ്രാൻഡിൽ ജോലി ചെയ്യാൻ തുടങ്ങിയ അവർ പിന്നീട് ഗുച്ചിയിലേക്ക് മാറി. റൊണാൾഡോയ്ക്കൊപ്പം ജീവിതമാരംഭിച്ച ശേഷം ജോർജീന പിന്നീട് മോഡലിങ് രംഗത്ത് മികച്ച ഒരു കരിയർ കെട്ടിപ്പടുക്കുകയും പ്രശസ്തമായ പല ഫാഷൻ ബ്രാൻഡുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തു.

2021ൽ ‘OM by G’ എന്ന പേരിൽ സ്വന്തമായി ഒരു ഫാഷൻ ബ്രാൻഡ് ആരംഭിച്ച് അവർ തന്റെ പ്രൊഫഷണൽ മേഖല കൂടുതൽ വിപുലീകരിച്ചു. മുടി മാറ്റിവയ്ക്കൽ കമ്പനിയായ 'ഇൻസ്പര്യ' ഉൾപ്പെടെയുള്ള വിവിധ ബിസിനസ്സ് സംരംഭങ്ങളിലും അവർ പങ്കാളിയായി. ഫോബ്‌സ് സ്‌പെയിൻ മുൻപ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, റൊണാൾഡോയ്‌ക്കൊപ്പം ഈ കമ്പനിയുടെ സഹ ഉടമയായും അഡ്മിനിസ്ട്രേറ്ററായും അവർ സേവനമനുഷ്ഠിച്ചിരുന്നു. എന്നാൽ പിന്നീട് വന്ന ഒരു റിപ്പോർട്ട് പ്രകാരം, 2024ൽ അവർ തന്റെ അഡ്മിനിസ്ട്രേറ്റീവ് പദവിയിൽ നിന്ന് ഒഴിഞ്ഞതായും വ്യക്തമാക്കുന്നുണ്ട്.

നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ‘ഐ ആം ജോർജീന’ എന്ന മിനി സീരീസിലൂടെയാണ് ഇവരുടെ സ്വകാര്യജീവിതവും കുടുംബ വിശേഷങ്ങളും കൂടുതൽ ജനപ്രിയമായത്. ആദ്യ സീസണിന്റെ വൻ വിജയത്തിന് ശേഷം പിന്നീട് രണ്ടു സീസണുകൾ കൂടി പ്രേക്ഷകരിലേക്ക് എത്തി. സീരീസിൽ ക്രിസ്റ്റ്യാനോ അപൂർവമായി മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ. ജോര്‍ജീനയെ പരിചയപ്പെടുന്നതിനു മുൻപ്, റഷ്യൻ മോഡൽ ഐറിന ഷൈക്കുമായി റൊണാൾഡോ അഞ്ചു വർഷത്തോളം പ്രണയത്തിലായിരുന്നു.

∙ പ്രണയം പരസ്യമാക്കിയത് റെഡ് കാർപെറ്റിൽ

തന്റെ സ്വകാര്യ ജീവിതം എപ്പോഴും മാധ്യമങ്ങളിൽ നിന്ന് മറച്ചുപിടിക്കാൻ ആഗ്രഹിച്ച റൊണാൾഡോ, ജോർജീനയുമായുള്ള ബന്ധത്തിന്റെ തുടക്കത്തിലും അതു തുടരാൻ ശ്രമിച്ചു. ഒരിക്കൽ പാരിസിലെ ഡിസ്‌നിലാൻഡിൽ വച്ച് തിരിച്ചറിയപ്പെടാതിരിക്കാൻ വിഗ്ഗും സൺഗ്ലാസും ധരിച്ചാണ് റൊണാൾഡോ ജോർജീനയ്ക്കൊപ്പം സമയം ചെലവഴിച്ചത്. 2017 ജനുവരിയിൽ സൂറിക്കിൽ നടന്ന ‘ദി ബെസ്റ്റ് ഫിഫ ഫുട്ബോൾ അവാർഡ്സ്’ വേദിയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് റെഡ് കാർപെറ്റിൽ പ്രത്യക്ഷപ്പെട്ടത്. അതേവർഷം മേയ് മാസത്തിൽ, ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കുന്ന ഒരു ചിത്രം റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

∙ ‌സന്തോഷവും സങ്കടവും നിറഞ്ഞ കുഞ്ഞു സാമ്രാജ്യം

ക്രിസ്റ്റ്യാനോ ജൂനിയറിനെ കൂടാതെ, റൊണാൾഡോയ്ക്കും ജോർജീനയ്ക്കും നാല് മക്കളാണുള്ളത്. 2017 ജൂണിൽ വാടക ഗർഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികളായ ഇവാ മരിയ, മാറ്റിയോ എന്നിവർ ജനിച്ചു. റൊണാൾഡോയുടെ മാത്രം സംരക്ഷണത്തിലായിരുന്നു ഇവർ. പിന്നീട്, 2017 നവംബറിലാണ് ജോർജീനയുടെയും റൊണാൾഡോയുടെയും ആദ്യ കുഞ്ഞായ അലാന മാർട്ടിന ജനിക്കുന്നത്.

What you should work next

ഏതൊരു വലിയ പ്രണയകഥയിലെയും പോലെ, കഠിനമായ പരീക്ഷണഘട്ടങ്ങളിലൂടെ ഇരുവരും കടന്നുപോയി. 2022ൽ ഇരട്ടക്കുട്ടികളെ പ്രതീക്ഷിച്ചിരുന്ന ജോർജിനയ്ക്ക് പ്രസവത്തിനിടെ മകൻ 'എയ്ഞ്ചലിനെ' നഷ്ടപ്പെട്ടു. ‘ഒരു രക്ഷിതാവിന് അനുഭവിക്കാൻ കഴിയുന്ന ഏറ്റവും വലിയ വേദനയാണിത്’, എന്ന് പങ്കുവെച്ചുകൊണ്ട് റൊണാൾഡോ തങ്ങളുടെ ദുഃഖം ലോകത്തെ അറിയിച്ചു.

ബെല്ലയുടെ ഇരട്ട സഹോദരനായ എയ്ഞ്ചൽ പ്രസവ സമയത്ത് മരണപ്പെട്ടത് റൊണാൾഡോയ്ക്കും ജോർജീനയ്ക്കും വലിയ ആഘാതമായിരുന്നു. ‘‘ഞങ്ങളുടെ മകൻ മരിച്ചുവെന്ന വാർത്ത വളരെ വേദനയോടെയാണ് ഞങ്ങൾ അറിയിക്കുന്നത്. ഏതൊരു മാതാപിതാക്കൾക്കും അനുഭവിക്കാൻ കഴിയുന്ന ഏറ്റവും വലിയ വേദനയാണിത്.’’ അന്ന് റൊണാൾഡോയും ജോർജീനയും സംയുക്ത പ്രസ്താവനയിലൂടെ പറഞ്ഞു.

‌∙ അഭ്യൂഹങ്ങള്‍ നിറ‍ഞ്ഞ വിവാഹം

2025 ഓഗസ്റ്റ് 11ന്, അതായത് വിവാഹത്തിന് കൃത്യം ഒരു വർഷം മുൻപ്, ജോർജീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇടതു വിരലിൽ അണിഞ്ഞിരുന്ന ആ വലിയ വജ്രമോതിരം ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ഏറ്റെടുത്തു. ജ്വല്ലറി വ്യാപാരിയായ ഇനാക്കി ടോറസ് രൂപകൽപ്പന ചെയ്ത, 40 മുതൽ 45 കാരറ്റ് വരെ ഭാരമുള്ള ഓവൽ-കട്ട് വജ്രമോതിരത്തിന് ആറു ദശലക്ഷം യൂറോയിലധികം വിലമതിക്കുന്നതായിരുന്നു. ഒൻപത് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ഈ സുപ്രധാന ചുവടുവയ്പ് നടത്താൻ പറ്റിയ സമയം ഇതാണെന്ന് റൊണാൾഡോ പിന്നീട് വ്യക്തമാക്കി.

ജോർജിന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം, ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിനയും (Instagram/Georgina Rodríguez)

ജോർജിന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം, ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിനയും (Instagram/Georgina Rodríguez)

ഇരുവരും തമ്മിലുള്ള വിവാഹത്തിന് തൊട്ടുമുൻപ് അഭ്യൂഹങ്ങളുടെ വലിയൊരു നിര തന്നെയുണ്ടായിരുന്നു. മദീരയിലെ ഫൻചൽ കത്തീഡ്രലിൽ റൊണാൾഡോയും ജോർജീനയും വിവാഹിതരാകുന്നുവെന്ന തരത്തിൽ സ്ഥിരീകരിക്കാത്ത വാർത്തകൾ പരന്നു. ഇക്കാര്യം പിന്നാലെ നിഷേധിച്ചിരുന്നെങ്കിലും 8ന് കത്തീഡ്രലിൽ നടന്ന മറ്റൊരു വിവാഹച്ചടങ്ങിലേക്ക് നൂറുകണക്കിന് റൊണാൾഡോ ആരാധകർ ഇരച്ചെത്തി.

റൊണാള്‍ഡോയുടെ പേരെഴുതിയ ഏഴാം നമ്പർ ജഴ്സിയണിഞ്ഞ് രണ്ടായിരത്തോളമധികം ആരാധകരാണ് പള്ളി അങ്കണത്തിൽ തടിച്ചുകൂടിയത്. ഇതിനിടെ ഒരു ആഡംബര കാറിൽ വധു പള്ളിയിലേക്ക് എത്തിയതോടെ ആരാധകരുടെ ആവേശം അണപൊട്ടി. എന്നാൽ കാറിൽനിന്നിറങ്ങിയ ജോർജീന ആയിരുന്നില്ല, മറ്റൊരു യുവതിയായിരുന്നു. ജനക്കൂട്ടത്തെ കണ്ട് അമ്പരന്ന യുവതി, മദീര സ്വദേശിനിയായ ഫാത്തിമ നിക്കോളാണ് താനെന്നും പങ്കാളി ഫാബിയോ റാമോസുമായുള്ള തന്റെ വിവാഹത്തിനായാണ് എത്തിയതെന്നും ഉറക്കെ വിളിച്ചുപറഞ്ഞു. ഒടുവിൽ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി ആരാധകരെ മാറ്റിയ ശേഷമാണ് വധുവിന് സുരക്ഷിതമായി കത്തീഡ്രലിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞത്.

തുടർന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷം, എല്ലാ മാധ്യമങ്ങളുടെയും കണ്ണുവെട്ടിച്ച് റൊണാൾഡോ വിവാഹിതനായി. വിവാഹമോതിരം ധരിച്ച് ഇരുവരും കൈകൾ ചേർത്തുപിടിച്ച ചിത്രം റൊണാൾഡോ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇറ്റാലിയൻ ഫുട്ബോൾ പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയും വിവാഹ കാര്യം സ്ഥിരീകരിച്ചു. ആഡംബരങ്ങളുടെ തിളക്കത്തേക്കാൾ സ്നേഹത്തിന്റെ ലളിതമായ ഭാവം വിളിച്ചോതുന്ന ഒന്നായി മാറിയിരിക്കുകയാണ് ഇതിഹാസ താരത്തിന്റെ വിവാഹം.

English Summary:

Cristiano Ronaldo Georgina Rodriguez Wedding: Football icon Cristiano Ronaldo and his semipermanent spouse Georgina Rodriguez officially tied the knot successful a backstage ceremonial successful Cascais, Portugal, connected August 11, 2026. The intimate event, witnessed by their 5 children and adjacent family, marks the culmination of their decade-long relationship. The nonfiction delves into their afloat emotion story, their archetypal meeting, and their household life.

Read Entire Article