43 പന്തുകൾ ബാക്കിനിൽക്കെ വമ്പൻ വിജയം, ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞു; ന്യൂസീലൻഡ് ലോകകപ്പ് ഫൈനലിൽ

2 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: March 04, 2026 09:33 PM IST Updated: March 04, 2026 10:12 PM IST

1 minute Read

CRICKET-ICC-MENS-T20-WC-2026-NZL-RSA
ഫിൻ അലനും ടിം സിഫർട്ടും ബാറ്റിങ്ങിനിടെ. Photo: ARUN SANKAR / AFP

കൊൽക്കത്ത∙ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ട്വന്റി20 ലോകകപ്പ് ഫൈനലിൽ കടന്ന് ന്യൂസീലൻഡ്. സെമി ഫൈനൽ വരെ തോൽവിയറിയാതെ കുതിച്ച ദക്ഷിണാഫ്രിക്കയെയാണ് ന്യൂസീലൻഡ് ഒരു സാധ്യതയും അനുവദിക്കാതെ തച്ചുതകർത്തത്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന സെമി പോരാട്ടത്തിൽ ഒൻപതു വിക്കറ്റ് വിജയമാണ് ന്യൂസീലൻഡ് സ്വന്തമാക്കിയത്. 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 43 പന്തുകൾ ബാക്കി നിൽക്കെ വിജയ റൺസ് കുറിച്ചു. 33 പന്തുകൾ‍ നേരിട്ട കിവീസ് ബാറ്റർ ഫിൻ അലൻ എട്ട് സിക്സും പത്തു ഫോറുകളും ഉൾപ്പടെ 100 റൺസുമായി പുറത്താകാതെനിന്നു. 

ഓപ്പണര്‍ ടിം സീഫർട്ട് അര്‍ധ സെഞ്ചറി നേടി പുറത്തായി. 33 പന്തുകൾ നേരിട്ട സീഫർട്ട് 58 റൺസെടുത്തു. വൺഡൗണായിറങ്ങിയ രചിൻ രവീന്ദ്ര 13 റൺസെടുത്തും പുറത്താകാതെനിന്നു. മറുപടി ബാറ്റിങ്ങിന്റെ ആദ്യ പന്തു മുതൽ ബാറ്റിങ്ങിൽ കിവീസിന്റെ ആധിപത്യം പ്രകടമായിരുന്നു. പവർപ്ലേയിൽ വിക്കറ്റുപോകാതെ 84 റൺസാണ് ന്യൂസീലൻഡ് ബാറ്റർമാർ അടിച്ചെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ 117 റൺസടിച്ച ന്യൂസീലൻഡിന് ടിം സീഫർട്ടിന്റെ വിക്കറ്റു നഷ്ടമായെങ്കിലും അനായാസം വിജയം കാണുകയായിരുന്നു. മാർച്ച് എട്ടിനു നടക്കുന്ന കലാശപ്പോരിൽ ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളെ കിവീസ് നേരിടും. വ്യാഴാഴ്ചയാണ് ഇന്ത്യ– ഇംഗ്ലണ്ട് സെമി ഫൈനൽ‌ മത്സരം.

ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസടിച്ചു. വാലറ്റത്ത് അർധ സെഞ്ചറി നേടിയ മാർകോ യാൻസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 30 പന്തുകൾ നേരിട്ട യാൻസൻ അഞ്ച് സിക്സും രണ്ട് ഫോറുകളുമുൾപ്പടെ 55 റൺസെടുത്തു പുറത്താകാതെനിന്നു. 77 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായ ദക്ഷിണാഫ്രിക്കയെ കരകയറ്റിയത് യാൻസന്റെ ബാറ്റിങ് മികവാണ്. 

24 പന്തിൽ 29 റൺസുമായി ട്രിസ്റ്റൻ സ്റ്റബ്സും യാൻസനെ പിന്തുണച്ചതോടെ ദക്ഷിണാഫ്രിക്ക പൊരുതാവുന്ന സ്കോറിലേക്കെത്തി. ടോപ് ഓർഡറിൽ 27 പന്തിൽ 34 റൺസെടുത്ത ഡെവാൾഡ് ബ്രെവിസും തിളങ്ങി. ബാറ്റിങ് പവർപ്ലേയിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 48 റൺസാണു ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. ക്വിന്റന്‍ ഡികോക്കിനെയും (10), റയാൻ റിക്കിൾട്ടനെയുമാണ് (പൂജ്യം) ദക്ഷിണാഫ്രിക്കയ്ക്കു തുടക്കത്തിൽ തന്നെ നഷ്ടമായത്.

സ്കോർ 55 ൽ നിൽക്കെ ക്യാപ്റ്റൻ മാർക്രത്തെയും (18), 77 ൽ നിൽക്കെ ഡേവിഡ് മില്ലര്‍, ഡെവാൾഡ് ബ്രെവിസ് എന്നിവരെയും നഷ്ടമായതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. തുടർന്നായിരുന്നു യാൻസൻ രക്ഷകനായി അവതരിച്ചത്. ന്യൂസീലൻഡിനായി മാറ്റ് ഹെൻറി, കോൾ മകൻചി, രചിൻ രവീന്ദ്ര എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ലോക്കി ഫെർഗൂസനും ജെയിംസ് നീഷമിനും ഓരോ വിക്കറ്റുകൾ വീതവുമുണ്ട്. മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനു വിടുകയായിരുന്നു.

 ARUN SANKAR / AFP

ദക്ഷിണാഫ്രിക്കൻ താരം മാർകോ യാൻസൻ അർധ സെഞ്ചറി നേടിയപ്പോൾ. Photo: ARUN SANKAR / AFP

English Summary:

Twenty 20 World Cup Semi Final, New Zealand vs South Africa Match Live Updates

Read Entire Article