Published: January 24, 2026 07:39 AM IST
2 minute Read
റായ്പുർ ∙ ഒളിഞ്ഞിരുന്ന നിധി വീണ്ടുകിട്ടിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ട്വന്റി20 ലോകകപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ആവേശവും ആത്മവിശ്വാസവും വാനോളമുയർത്തി ഇഷാൻ കിഷന്റെയും (32 പന്തിൽ 76) സൂര്യകുമാർ യാദവിന്റെയും (37 പന്തിൽ 82 നോട്ടൗട്ട്) വെടിക്കെട്ട് അർധ സെഞ്ചറികൾ. സൂപ്പർ ബാറ്റർമാർ ഫോമിലേക്കു തിരിച്ചെത്തിയപ്പോൾ ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ ഉജ്വല വിജയം.
ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം 28 പന്തുകളും 7 വിക്കറ്റും ബാക്കി നിർത്തി ഇന്ത്യ മറികടന്നു. സ്കോർ: ന്യൂസീലൻഡ്– 20 ഓവറിൽ 6ന് 208. ഇന്ത്യ– 15.2 ഓവറിൽ 3ന് 209. ശിവം ദുബെയും (18 പന്തിൽ 36 നോട്ടൗട്ട്) ഇന്ത്യൻ ബാറ്റിങ്ങിൽ തിളങ്ങി. 5 മത്സര പരമ്പരയിൽ ഇതോടെ ഇന്ത്യ 2–0ന് മുന്നിലെത്തി. മൂന്നാം ട്വന്റി20 നാളെ ഗുവാഹത്തിയിൽ.
ട്വന്റി20യിൽ ഇന്ത്യ ചേസ് ചെയ്തു കീഴടക്കുന്ന ഉയർന്ന വിജയ ലക്ഷ്യമാണിത്. 2023ൽ ഓസ്ട്രേലിയയ്ക്കെതിരെയും ഇന്ത്യ 209 റൺസ് വിജയലക്ഷ്യം മറികടന്നിരുന്നു. 200 റൺസിൽ കൂടുതലുള്ള വിജയലക്ഷ്യം ഏറ്റവുമധികം പന്തുകൾ ബാക്കിയാക്കി വിജയിക്കുന്നതിലും ഇന്ത്യ റെക്കോർഡിട്ടു. 28 പന്തുകൾ ബാക്കി നിർത്തിയാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. കഴിഞ്ഞ വർഷം ന്യൂസീലൻഡിനെതിരെ 205 റൺസ് വിജയലക്ഷ്യം 24 പന്തുകൾ ബാക്കിനിർത്തി ജയിച്ച പാക്കിസ്ഥാന്റെ റെക്കോർഡാണ് ഇന്ത്യ തകർത്തത്.
∙ വൻ തിരിച്ചുവരവ്
രണ്ടര വർഷക്കാലം ഇന്ത്യൻ ദേശീയ ടീമിനു പുറത്തായിരുന്ന ഇഷാൻ കിഷൻ, തിരിച്ചുവരവിലെ രണ്ടാം മത്സരത്തിലാണ് ഉജ്വല ബാറ്റിങ്ങിലൂടെ കരുത്തുകാട്ടിയത്. ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലും അംഗമായ ഇഷാന് ബാറ്റിങ്ങിലെ വൺഡൗൺ സ്ഥാനം ഏറക്കുറെ ഉറപ്പിക്കാനും ഈ ഇന്നിങ്സിലൂടെ സാധിച്ചു. 23 ഇന്നിങ്സുകളുടെയും 468 ദിവസങ്ങളുടെയും കാത്തിരിപ്പിനുശേഷമാണ് ട്വന്റി20യിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ അർധ സെഞ്ചറി പിറക്കുന്നത്. ഇഷാൻ 21 പന്തിൽ 7–ാം അർധ സെഞ്ചറി കുറിച്ചപ്പോൾ 23 പന്തുകളിൽ സൂര്യ 22–ാം അർധ സെഞ്ചറി പിന്നിട്ടു.
ഓപ്പണർമാരായ സഞ്ജു സാംസണിനെയും (6) അഭിഷേക് ശർമയെയും (0) ആദ്യ 2 ഓവറിനുള്ളിൽ നഷ്ടമായ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 6 റൺസ് എന്ന നിലയിൽ പതറുമ്പോഴാണ് സൂര്യയും ഇഷാനും ക്രീസിലൊന്നിച്ചത്. 48 പന്തിൽ 122 റൺസ് നേടിയ ഇവരുടെ വെടിക്കെട്ട് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് അനായാസ വിജയത്തിലേക്കുള്ള വഴിവെട്ടി. 10–ാം ഓവറിലെ ആദ്യ പന്തിൽ ഇഷാൻ പുറത്താകുമ്പോൾ ടീം സ്കോർ 128 റൺസിലെത്തിയിരുന്നു. തുടർന്ന് 37 പന്തിൽ 81 റൺസ് അടിച്ചുകൂട്ടിയ സൂര്യകുമാർ – ശിവം ദുബെ സഖ്യം നാലാം വിക്കറ്റിലും വെടിക്കെട്ട് തുടർന്നതോടെ ഇന്ത്യൻ ജയം പ്രതീക്ഷിച്ചതിലും നേരത്തെയായി.
∙ കിവീസിന്റെ പ്രഹരം
നേരത്തേ അർഷ്‌ദീപ് സിങ്ങിനെതിരെ ആദ്യ ഓവറിൽ 18 റൺസ് അടിച്ചുകൂട്ടി ഡെവൻ കോൺവേ നൽകിയ മിന്നൽ തുടക്കമാണ് ന്യൂസീലൻഡിനെ മികച്ച സ്കോറിലെത്തിച്ചത്. ആദ്യ 2 ഓവറിൽ 36 റൺസ് വഴങ്ങിയ അർഷ്‍ദീപിനെ ഓപ്പണർമാർ തിരഞ്ഞിട്ട് ആക്രമിച്ചതോടെ 3 ഓവറിൽ ന്യൂസീലൻഡ് നേടിയത് 43 റൺസ്.
കോൺവേയെയും (19) ടിം സെയ്ഫർട്ടിനെയും (24) അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചെങ്കിലും രചിൻ രവീന്ദ്രയുടെയും (26 പന്തിൽ 44) മിച്ചൽ സാന്റ്നറുടെയും (27 പന്തിൽ 47 നോട്ടൗട്ട്) മികവിൽ റൺറേറ്റ് താഴാതെ കിവീസ് സ്കോറുയർത്തി. 4 ഓവറിൽ 53 റൺസ് വഴങ്ങിയ അർഷ്‌ദീപ് നിരാശപ്പെടുത്തിയപ്പോൾ കുൽദീപ് യാദവും ഹാർദിക് പാണ്ഡ്യയും മാത്രമാണ് ബോളിങ്ങിൽ മികച്ചുനിന്നത്. ജസ്പ്രീത് ബുമ്രയ്ക്കും അക്ഷർ പട്ടേലിനും പകരം ഹർഷിത് റാണയും കുൽദീപ് യാദവും ഇന്നലെ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഇടംനേടി.
English Summary:







English (US) ·