5000 രൂപ നിക്ഷേപിച്ചാല്‍ ശ്രദ്ധിക്കും, അപ്പോഴാണ്...; സഞ്ജീവ് ഗോയങ്കയുടെ ‘ഇടപെടലിനെ’ പിന്തുണച്ച് മുഹമ്മദ് ഷമി

1 month ago 9

ഓൺലൈൻ ഡെസ്ക്

Published: April 03, 2026 10:44 AM IST

1 minute Read

സഞ്ജീവ് ഗോയങ്കയും കെ.എൽ. രാഹുലും (ഫയൽ ചിത്രം)
സഞ്ജീവ് ഗോയങ്കയും കെ.എൽ. രാഹുലും (ഫയൽ ചിത്രം)

ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സ് ടീം ഉടമ ടീമംഗങ്ങളുമായി നടത്തുന്ന ചർച്ചകളെ പിന്തുണച്ച് ലക്നൗ സൂപ്പർ ജയന്റ്സ് താരം മുഹമ്മദ് ഷമി. 2024 ഐപിഎലിനിടെ ലക്നൗ ടീം തുടർച്ചയായി തോൽവികൾ വഴങ്ങിയപ്പോൾ ടീം ക്യാപ്റ്റനായിരുന്ന കെ.എൽ. രാഹുലിനെ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽവച്ച‍് ശകാരിച്ചിരുന്നു. സംഭവം വലിയ വിവാദമായതോടെ രാഹുൽ ലക്നൗ ടീം വിട്ടിരുന്നു. ഇത്തവണയും ലക്നൗവിന്റെ ആദ്യ മത്സരത്തിലെ തോൽവിക്കു ശേഷം ഗോയങ്കയും ക്യാപ്റ്റൻ ഋഷഭ് പന്തും ഗ്രൗണ്ടിൽവച്ച് ഏറെ നേരം സംസാരിച്ചതു അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു. ടീം ഉടമയും ക്യാപ്റ്റനും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നു കാണിക്കാൻ ലക്നൗ നീണ്ട വിഡിയോയും പങ്കുവച്ചിരുന്നു.

ഫ്രാഞ്ചൈസിക്കു വേണ്ടി കോടികൾ മുടക്കുന്ന ഗോയങ്കയ്ക്ക്, ആവശ്യമെങ്കിൽ ടീമിന്റെ കാര്യങ്ങളിൽ ഇടപെടാമെന്നാണ് ഷമിയുടെ നിലപാട്. 10 കോടി രൂപയ്ക്കാണ് ഐപിഎൽ താരലേലത്തിൽ മുഹമ്മദ് ഷമി ലക്നൗ സൂപ്പർ ജയന്റ്സിൽ ചേർന്നത്. ‘‘ആരായാലും ഇത്രയും വലിയ തുക നിങ്ങൾക്കു വേണ്ടി നിക്ഷേപിച്ചിരിക്കുകയാണ്. അവർ‍ ഉയർന്ന പ്രതീക്ഷകൾ വച്ചുപുലർത്തുന്നതു സാധാരണ കാര്യമാണ്. ഗോയങ്ക ജിയും ടീമിനെക്കുറിച്ചു ശ്രദ്ധിക്കുന്നതിൽ തെറ്റൊന്നും പറയാനില്ല.’’

‘‘താരങ്ങള്‍ അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നതിൽ എന്താണു കുഴപ്പം. പുറത്തുവരുന്ന പല കാര്യങ്ങളും ശരിയല്ല. ഒരാൾ 5,000 രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, അതു നഷ്ടമാകുമോ എന്നാകും എപ്പോഴും ചിന്തിക്കുക. അതുകൊണ്ടു തന്നെ കൂടുതൽ ശ്രദ്ധയും ഉണ്ടാകും. ഞാൻ രണ്ടോ മൂന്നോ തവണ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. ടീമുമായി ബന്ധപ്പെട്ട കാര്യങ്ങൾ വളരെ വ്യക്തതയോടെയാണ് അദ്ദേഹം പറയുന്നത്. ഗോയങ്കയുമായുള്ള ചർച്ചകൾ ഞാൻ നന്നായി ആസ്വദിക്കാറുണ്ട്.’’– ഷമി ഒരു പോഡ്കാസ്റ്റിൽ വ്യക്തമാക്കി.

സീസണിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ പേസ് ആക്രമണം നയിക്കുന്നത് മുഹമ്മദ് ഷമിയാണ്. ഷമിക്കു പുറമേ, മയങ്ക് യാദവ്, മൊഹ്സിന്‍ ഖാൻ, നമൻ തിവാരി, പ്രിൻസ് യാദവ് എന്നിവരും ടീമിൽ ഇന്ത്യൻ പേസർമാരായുണ്ട്. 7,090 കോടി രൂപ ചെലവിട്ടാണ് സഞ്ജീവ് ഗോയങ്ക ഐപിഎലിൽ ലക്നൗ ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്. 2021 ലായിരുന്നു ഫ്രാ‍ഞ്ചൈസിയെ ഗോയങ്ക വാങ്ങിയത്.

English Summary:

Mohammed Shami Backs LSG Owner's Intervention successful Team Affairs

Read Entire Article