Published: May 15, 2026 09:44 PM IST Updated: May 15, 2026 11:37 PM IST
2 minute Read
ലക്നൗ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് ഇരുട്ടടി നൽകി ലക്നൗ സൂപ്പര്‍ ജയന്റ്സ്. നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഏഴു വിക്കറ്റ് വിജയമാണ് ലക്നൗ നേടിയത്. ചെന്നൈ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗ 16.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. സീസണിലെ ആറാം തോൽവി വഴങ്ങിയ ചെന്നൈ 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. ഇനിയുള്ള രണ്ടു കളികളും ജയിച്ചാലും ചെന്നൈയ്ക്ക് പരമാവധി 16 പോയിന്റാണു സ്വന്തമാകുക. ഇതോടെ മറ്റു ടീമുകളുടെ അവസ്ഥയും നെറ്റ് റൺറേറ്റും പ്ലേ ഓഫ് യോഗ്യതയ്ക്കു പരിഗണിക്കേണ്ടിവരും.
പോയിന്റ് പട്ടികയിൽ മുന്നിലുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനും ഗുജറാത്ത് ടൈറ്റൻസിനും ഇപ്പോൾ തന്നെ 16 പോയിന്റുണ്ട്. അതേസമയം പത്താം സ്ഥാനത്തുള്ള ലക്നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ നേരത്തേ അവസാനിച്ചിരുന്നു. മറുപടി ബാറ്റിങ്ങില്‍ അർധ സെഞ്ചറി നേടിയ മിച്ചൽ മാർഷിന്റെ പ്രകടനമാണ് ലക്നൗവിന് അനായാസ വിജയത്തിനു വഴിയൊരുക്കിയത്. 38 പന്തുകൾ നേരിട്ട മാര്‍ഷ് 90 റൺസാണ് അടിച്ചെടുത്തത്. ജോഷ് ഇംഗ്ലിഷ് (32 പന്തിൽ 36), നിക്കോളാസ് പുരാൻ (17 പന്തിൽ 32) എന്നിവരും ലക്നൗവിനെ വിജയത്തിലെത്തിക്കുന്നതിൽ നിര്‍ണായക റോൾ വഹിച്ചു.
ഓപ്പണിങ് വിക്കറ്റിൽ 135 റൺസിന്റെ പടുകൂറ്റൻ കൂട്ടുകെട്ടാണ് ലക്നൗ ഓപ്പണർമാരായ മിച്ചൽ മാർഷും ജോഷ് ഇംഗ്ലിഷും ചേർന്ന് നേടിയത്. ചെന്നൈ താരങ്ങൾ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടിയ പിച്ചിൽ ലക്നൗവിന്റെ ബാറ്റിങ് വിരുന്നായിരുന്നു. പവര്‍പ്ലേയിൽ 86 റൺസടിച്ച ലക്നൗ, 7.2 ഓവറിൽ 100 കടന്നു. മുകേഷ് ചൗധരി എറിഞ്ഞ 12–ാം ഓവറിലെ നാലാം പന്തിൽ ജോഷ് ഇംഗ്ലിഷ് റൺഔട്ടായി. തൊട്ടടുത്ത പന്തിൽ ഉർവിൽ പട്ടേലിന്റെ ക്യാച്ചിൽ മിച്ചൽ മാർഷും വീണു. സ്കോർ 144 ൽ നിൽക്കെ അബ്ദുൽ സമദിനെ ഏഴു റൺസിൽ പുറത്താക്കി സ്പെൻസർ ജോൺസൺ സീസണിലെ ആദ്യ വിക്കറ്റു സ്വന്തമാക്കി. എന്നാൽ സമ്മർദങ്ങളില്ലാതെ ബാറ്റു ചെയ്ത നിക്കോളാസ് പുരാനും മുകുൾ ചൗധരിയും ചേർന്ന് 20 പന്തുകൾ ബാക്കി നിൽക്കെ ലക്നൗവിനെ വിജയത്തിലെത്തിച്ചു. അന്‍ഷുൽ കാംബോജിന്റെ 17–ാം ഓവറിലെ നാലു പന്തുകള്‍ തുടർച്ചയായി സിക്സറുകൾ പറത്തിയാണ് പുരാൻ ലക്നൗവിന്റെ വിജയമാഘോഷിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. അർധ സെഞ്ചറി നേടി തകർത്തടിച്ച കാർത്തിക്ക് ശർമയാണ് ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 42 പന്തുകൾ നേരിട്ട കാർത്തിക്ക് ശർമ അഞ്ച് സിക്സുകളും ആറു ഫോറുകളുമുൾപ്പടെ 71 റൺസടിച്ചു. ശിവം ദുബെ (16 പന്തിൽ 32), ഡെവാൾഡ് ബ്രെവിസ് (16 പന്തിൽ 25), സഞ്ജു സാംസൺ (20 പന്തിൽ 20) എന്നിവരാണ് ചെന്നൈയുടെ മറ്റു പ്രധാന സ്കോറർമാര്‍.
ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദും സഞ്ജു സാംസണും ചേർന്ന് ചെന്നൈയ്ക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും അരങ്ങേറ്റ മത്സരം കളിക്കുന്ന ആകാശ് സിങ് തകർത്തെറിഞ്ഞതോടെ ടോപ് ഓർഡർ പ്രതിസന്ധിയിലായി. ഋതുരാജ് ഗെയ്ക്‌വാദ് (13), സഞ്ജു സാംസൺ, ഉർവിൽ പട്ടേൽ (ആറ്) എന്നിവരുടെ വിക്കറ്റുകൾ ആകാശിനാണ്. പവർപ്ലേയിൽ 37 റൺസ് മാത്രമാണ് ചെന്നൈ നേടിയത്. പിന്നാലെയെത്തിയ കാർത്തിക്ക് ശർമ തകർത്തടിച്ചതോടെ ചെന്നൈ സ്കോർ ഉയർന്നു.
12.4 ഓവറിലാണ് ചെന്നൈ 100 കടന്നത്. കാർത്തിക്ക് ശർമ, ഡെവാൾഡ് ബ്രെവിസ് എന്നിവർ പുറത്തായെങ്കിലും അവസാന ഓവറുകളിൽ റണ്ണുയർത്തിയ ശിവം ദുബെയും പ്രശാന്ത് വീറും (13) ചെന്നൈയെ 180 കടത്തി. നാലോവറുകൾ പന്തെറിഞ്ഞ ആകാശ് സിങ് 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷമിയും ഷഹബാസ് അഹമ്മദും ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.
English Summary:







English (US) ·