Published: February 22, 2026 10:11 AM IST
2 minute Read
അഹമ്മദാബാദ്∙ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്നലെ ദക്ഷിണാഫ്രിക്കയുടെ പരിശീലന സെഷനിൽ കൂടുതൽ ബാറ്റു ചെയ്തവരിലൊരാൾ പണ്ടേ വിരമിച്ചൊരു താരമാണ്; ടീമിന്റെ ബാറ്റിങ് പരിശീലകൻ ആൽബി മോർക്കൽ. ഇടംകയ്യനായ ആൽബിക്കെതിരെ തങ്ങളുടെ കൃത്യത പരീക്ഷിക്കുന്ന തിരക്കിലായിരുന്ന ക്യാപ്റ്റൻ എയ്ഡൻ മാർക്രം ഉൾപ്പെടെയുള്ള ദക്ഷിണാഫ്രിക്കയുടെ ഓഫ് സ്പിന്നർമാർ.
ട്വന്റി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിലെ ആദ്യ മത്സരത്തിന് ഇന്നു കളത്തിലിറങ്ങുമ്പോൾ ദക്ഷിണാഫ്രിക്കയുടെ ഉന്നം 6 ഇടംകയ്യൻമാർ ഉൾപ്പെട്ട ഇന്ത്യൻ ബാറ്റിങ് നിരയെന്നു വ്യക്തം. ഗ്രൂപ്പ് റൗണ്ടിലെ 4 മത്സരങ്ങളിലായി ഇന്ത്യയുടെ 11 വിക്കറ്റുകൾ വീഴ്ത്തിയത് ഓഫ് സ്പിന്നർമാരാണ്. ആതിഥേയരുടെ ആശങ്കയും ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയും ഈ കണക്കുകളിലാണ്. അഹമ്മദാബാദിൽ ഇന്നു രാത്രി 7 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം.
തിലകോ സഞ്ജുവോ ?ലോകകപ്പിൽ ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ലെങ്കിലും അഭിഷേക് ശർമയിൽ ഒരിക്കൽക്കൂടി വിശ്വാസമർപ്പിച്ച് ഇന്ത്യ ഇന്നു ബാറ്റിങ് തുടങ്ങും. 2 അർധ സെഞ്ചറിയുമായി തകർത്തടിക്കുന്ന സഹ ഓപ്പണർ ഇഷാൻ കിഷനിലാണ് ടീമിന്റെ പ്രതീക്ഷ. വൺഡൗൺ ബാറ്റിങ്ങിൽ തിലക് വർമയ്ക്കു പകരം സഞ്ജു സാംസൺ എത്തുമോ എന്നതിലാണ് ആകാംക്ഷ. 4 മത്സരങ്ങളിൽനിന്ന് 120 സ്ട്രൈക്ക് റേറ്റിൽ 106 റൺസ് മാത്രം നേടാനായ തിലകിന്റെ മെല്ലപ്പോക്കാണ് മധ്യ ഓവറുകളിൽ ഇന്ത്യൻ സ്കോറിങ്ങിനു തിരിച്ചടിയായത്.
6 ഇടംകൈ ബാറ്റർമാർ ഉൾപ്പെട്ട ഇന്ത്യയുടെ ലൈനപ്പ് എതിർ ടീമിനെ ഓഫ് സ്പിൻ തന്ത്രങ്ങളൊരുക്കാൻ സഹായിക്കുന്നുമുണ്ട്. വെള്ളിയാഴ്ച നെറ്റ്സിൽ മണിക്കൂറുകളോളം ബാറ്റിങ് പരിശീലനം നടത്തിയ സഞ്ജു പ്ലേയിങ് ഇലവനിലേക്കുള്ള തിരിച്ചുവരവിന്റെ സൂചന നൽകിക്കഴിഞ്ഞു. എന്നാൽ ബാറ്റിങ് ലൈനപ്പിൽ കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്നാണ് ഇന്നലെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രതികരിച്ചത്. 4 മത്സരങ്ങളിൽനിന്ന് 9 വിക്കറ്റു നേടിയ സ്പിന്നർ വരുൺ ചക്രവർത്തിയാകും ഇന്നും ബോളിങ്ങിലെ വജ്രായുധം.
സ്ലോബോൾ ട്രാപ്2 അർധ സെഞ്ചറികളടക്കം 178 റൺസ് നേടിയ എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിന്റെ കരുത്ത്. ക്വിന്റൻ ഡികോക്കും റയാൻ റിക്കൽറ്റനും ഉൾപ്പെടുന്ന ടോപ് ഓർഡറിനെ വേഗത്തിൽ വീഴ്ത്തുകയാകും ഇന്ത്യയുടെ ലക്ഷ്യം. മറുവശത്ത് സ്ലോ ബോൾ കെണിയിൽ എതിരാളികളെ വീഴ്ത്തുന്ന പേസ് ബോളിങ് തന്ത്രം ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്കെതിരെയും പ്രയോഗിക്കും. അഹമ്മദാബാദിൽ കളിച്ച 3 മത്സരങ്ങളിലായി ദക്ഷിണാഫ്രിക്കൻ പേസർമാരുടെ 20 ശതമാനം പന്തുകളും 120 കിലോമീറ്റർ താഴെ വേഗത്തിലായിരുന്നു. ഇത്തരം പന്തുകളിൽ 10 വിക്കറ്റു പിഴുത പേസർമാരുടെ ഇക്കോണമി 7 റൺസിൽ താഴെയുമാണ്.
ഇന്ത്യയുടെ സ്പിൻ പേടിട്വന്റി20 ലോകകപ്പിലെ ജീവൻമരണ പോരാട്ടങ്ങൾക്ക് ഇന്നു തുടക്കമിടുമ്പോൾ സ്പിന്നിനെതിരായ ബാറ്റർമാരുടെ കിതപ്പ് വലിയ ആശങ്കയായി ഇന്ത്യൻ ടീമിന് മുന്നിലുണ്ട്. കഴിഞ്ഞ 4 മത്സരങ്ങളിലായി വീണ 31 ഇന്ത്യൻ വിക്കറ്റുകളിൽ പതിനഞ്ചും നേടിയത് സ്പിൻ ബോളർമാരാണ്. ഇതിൽ പതിനൊന്നും ഓഫ് സ്പിന്നർമാർ സ്വന്തമാക്കി. സ്പിന്നിനെതിരെ കളിച്ച 42 ഓവറുകളിൽ 315 റൺസ് മാത്രം നേടാനായ ഇന്ത്യയുടെ റൺറേറ്റ് 7.5 മാത്രമാണ്.
ബൗണ്ടറികൾ നേടാതെ വലഞ്ഞ ഇന്ത്യൻ ബാറ്റർമാരുടെ സ്ട്രൈക്ക് റൊട്ടേഷനും സ്പിന്നിനെതിരെ വിജയകരമായില്ല. ഗ്രൂപ്പ് റൗണ്ടിൽ 3 മത്സരങ്ങളിലും പവർപ്ലേയിൽ 50 റൺസിനു മുകളിൽ നേടിയ ഇന്ത്യൻ സ്കോറിങ് അതിനുശേഷമാണ് കിതച്ചത്. പവർപ്ലേയ്ക്കു ശേഷമുള്ള 4 ഓവറുകളിൽ സ്പിന്നർമാർക്കെതിരെ 106 മാത്രമാണ് ഇന്ത്യയുടെ നിലവിലെ ബാറ്റിങ് സ്ട്രൈക്ക് റേറ്റ്. ഈ ഘട്ടത്തിൽ 41 ശതമാനം പന്തുകളിലും ഇന്ത്യൻ ബാറ്റർമാർ ഡോട്ബോൾ വഴങ്ങി.
മോർക്കൽ വാർട്വന്റി20 ലോകകപ്പിൽ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ വരുമ്പോൾ ഡഗ്ഔട്ടിൽ 2 സഹോദരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുമുണ്ടാകും. മുൻ ദക്ഷിണാഫ്രിക്കൻ പേസർ മോണി മോർക്കൽ ബോളിങ് പരിശീലകനായി ഇന്ത്യൻ ടീമിനൊപ്പമെങ്കിൽ സഹോദരൻ ആൽബി മോർക്കൽ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ബാറ്റിങ് പരിശീലകനാണ്. മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടറായ ആൽബി, ഇത്തവണത്തെ ലോകകപ്പിനു മുൻപാണ് ടീമിനൊപ്പം ചേർന്നത്.
English Summary:







English (US) ·