കൊൽക്കത്ത ∙ ലക്നൗവിന്റെ ‘ലക്കി ചാം’ ആണ് ഇനി മുകുൾ ചൗധരി. കൈവിട്ടു പോയം മത്സരം ഒറ്റയ്ക്കു പോരാടി കൈപ്പിടിയിലൊതുക്കിയാണ് മുകുൾ ലക്‌നൗവിന്റെ ഹീറോ ആയത്. 27 പന്തിൽ 54 റൺസ് അടിച്ചുകൂട്ടിയാണ് കൊൽക്കത്തയിൽനിന്നു ജയം മുകുൾ തട്ടിപ്പറിച്ചത്. ത്രില്ലർ പോരാട്ടത്തിൽ 3 മൂന്നു വിക്കറ്റിനാണ് ലക്നൗവിന്റെ വിജയം. ആദ്യം ബാറ്റു ചെയ്തു കൊൽക്കത്ത ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗ, അവസാനപന്തിലാണ് ലക്ഷ്യം മറികടന്നത്. 16 ഓവറിൽ 7ന് 128 എന്ന നിലയിൽ തകർന്നുനിന്ന ല്കനൗവിനെയാണ് മുകുൾ ഒറ്റയാൾ പോരാട്ടത്തിലൂടെ വിജയത്തിലെത്തിച്ചത്. സീസണിൽ ലക്നൗവിന്റെ രണ്ടാം ജയമാണിത്. കൊൽക്കത്തയുടെ മൂന്നാം തോൽവിയും. ലക്നൗവിനു വേണ്ടി ആയുഷ് ബദോനിയും (34 പന്തിൽ 54) അർധസെഞ്ചറി നേടി.
മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കമാണ് ലക്നൗവിനു ലഭിച്ചത്. ഓപ്പണർമാരായ മിച്ചൽ മാർഷും (11 പന്തിൽ 15), ഏയ്ഡൻ മാർക്രം (15 പന്തിൽ 22) എന്നിവർ മിന്നിയതോടെ ലക്നൗ അനായാസം വിജയത്തിലേക്ക് എത്തുമെന്ന് തോന്നി. എന്നാൽ അഞ്ചാം ഓവറിൽ വൈഭവ് അറോറയുടെ ഇരട്ടപ്രഹരത്തിൽ മാർക്രവും മാർഷും വീണതോടെ ലക്നൗ പ്രതിരോധത്തിലാകുകയായിരുന്നു. പിന്നീടെത്തിയ ക്യാപ്റ്റൻ ഋഷഭ് പന്തിനും (9 പന്തിൽ 10) തിളങ്ങാനായില്ല. സീസണിൽ ആദ്യമായി പന്തെറിഞ്ഞ ഓൾറൗണ്ടർ കാമറൂൺ ഗ്രീനാണ് പന്തിന്റെ വിക്കറ്റ് വീഴ്ത്തിയത്.
നാലാമാനായി ഇറങ്ങിയ ആയുഷ് ബദോനി (34 പന്തിൽ 54) ഒരറ്റത്തുനിന്നു പൊരുതിയെങ്കിലും മറുവശത്ത് വിക്കറ്റു വീണുകൊണ്ടേയിരുന്നു. നിക്കോളാസ് പുരാൻ (15 പന്തിൽ 13), അബ്ദുൽ സമദ് (5 പന്തിൽ 2), മുഹമ്മദ് ഷമി (3 പന്തിൽ 1) എന്നിവർക്കാർക്കും നിലയുറപ്പിക്കാനായില്ല. 15–ാം ഓവറിൽ ബദോനി പുറത്തായതോടെ ലക്നൗവിനറെ പ്രതീക്ഷികൾ ഏറെക്കുറെ അവസാനിച്ചിരുന്നു. എന്നാൽ എട്ടാം വിക്കറ്റിൽ മുകുളും ആവേശ് ഖാനും ഒന്നിച്ചതോടെ കഥമാറുകയായിരുന്നു. ആവേശിനെ കാഴ്ചക്കാരനാക്കി മുകുൾ കത്തിക്കറിയതോടെ ജയിച്ചുനിന്ന കൊൽക്കത്ത തോൽവിയിലേക്കു നീങ്ങി.
24 പന്തിൽ 54 റൺസ് എന്ന വിജയലക്ഷ്യമാണ് മുകുൾ ഒറ്റയ്ക്കുനിന്നു നേടിയത്. ഇതിൽ ആവേശ് ഖാന്റെ സംഭാവന ഒരു റൺ മാത്രം. 17–ാം ഓവറിൽ 11 റൺസ്, 18–ാം ഓവറിൽ 13 റൺസ്, 19–ാം ഓവറിൽ 16 റൺസ്, 20–ാം ഓവറിൽ 14 റൺസ് എന്നിങ്ങനെയാണ് മുകുൾ നേടിയത്. ഏഴു സിക്സും രണ്ടു ഫോറുമാണ് മുകുളിന്റെ ബാറ്റിൽനിന്നു പിറന്നത്.
∙ തുടക്കവും ഒടുക്കവും മിന്നിആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത, നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 181 റൺസെടുത്തത്. അംഗ്‌ക്രിഷ് രഘുവംശി (33 പന്തിൽ 45), ക്യാപ്റ്റൻ അജിൻക്യ രഹാനെ (24 പന്തിസൽ 41), അവസാന ഓവറുകളിൽ തകർത്തടിച്ച റോവ്‍മൻ പവൽ (24 പന്തിൽ 39*), കാമറൂൺ ഗ്രീൻ (24 പന്തിൽ 32*) എന്നിവരുടെ ബാറ്റിങ്ങാണ് കൊൽക്കത്തയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ ഫിൻ അലന്റെ (8 പന്തിൽ 9) വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറിൽ പ്രിൻസ് യാദവാണ് അലനെ ദിഗ്‌വേഷ് സിങ് റാത്തിയുടെ കൈകളിൽ എത്തിച്ചത്. രണ്ടാം വിക്കറ്റിൽ ഒന്നിച്ച രഹാനെ– രഘുവംശി സഖ്യം ഇന്നിങ്സിനെ മുന്നോട്ടുനയിക്കുകയായിരുന്നു. കരുതലോടെ കളിച്ച ഇരുവരും മെല്ലെ സ്കോർ ഉയർത്തി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 84 റൺസാണ് കൂട്ടിച്ചേർത്തത്. ഏതൊരു വിക്കറ്റിലും ലക്നൗവിനെതിരെ കൊൽക്കത്തയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്.
11–ാം ഓവറിൽ കൊൽക്കത്ത സ്കോർ 99ൽ നിൽക്കെ രഹാനെയെ വീഴ്ത്തി ദിഗ്‌വേഷ് സിങ് റാത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ അംഗ്‌ക്രിഷ് രഘുവംശിയെ മണിമാരൻ സിദ്ധാർത്ഥും വീഴ്ത്തി. ഇതോടെ കൊൽക്കത്ത വീണ്ടും പരുങ്ങലിലായി. നാലാം വിക്കറ്റിൽ ഒന്നിച്ച കാമറൂൺ ഗ്രീൻ– റിങ്കു സിങ് (7 പന്തിൽ 4) കൂട്ടുകെട്ടിന് താളം കണ്ടെത്താൻ സാധിക്കാത്തതോടെ കൊൽക്കത്ത സ്കോർ ഇഴഞ്ഞു. അധികെ വൈകാതെ റിങ്കുവിനെ ആവേശ് ഖാൻ ബൗൾണ്ടാക്കുകയും ചെയ്തു. പിന്നീട് റോവ്‌മൻ പവൽ ക്രീസിലെത്തിയതോടെയാണ് കൊൽക്കത്ത ഇന്നിങ്സിനു വീണ്ടും ജീവൻവച്ചത്.
രണ്ടു സിക്സും നാലു ഫോറുമടങ്ങുന്നതായിരുന്നു പവലിന്റെ ഇന്നിങ്സ്. പവലിന്റെ ബാറ്റിങ്ങിൽനിന്ന് ‘ഊർജം’ ഉൾക്കൊണ്ട കാമറൂൺ ഗ്രീനും തകർത്തടിച്ചതോടെ കൊൽക്കത്ത സ്കോർ 180 കടന്നു. പവൽ 24 പന്തിൽനിന്ന് 39 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ ഗ്രീൻ 24 പന്തിൽനിന്ന് 32 റൺസെടുത്ത് പുറത്താകാതെ നിന്നു. ലക്നൗവിനായി ഷമിയൊഴികെ പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി. എന്നാൽ ഏറ്റവും കുറവ് റൺസ് വഴങ്ങിയത് ഷമിയാണ്. നാല് ഓവറിൽ 27 റൺസ് മാത്രമാണ് ഷമി വിട്ടുകൊടുത്തത്.
English Summary:








English (US) ·