IPL 2026: 12 റൺസിൽ ക്യാച്ച് കെെവിട്ടു, കിടിലൻ സെഞ്ചുറി നേടി കെ എൽ രാഹുൽ, സഞ്ജുവിനെ മറികടന്നു, ഇനി ക്രിസ് ​ഗെയ്ലിനൊപ്പം

1 month ago 9

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam25 Apr 2026, 5:26 p.m. IST

IPL 2026: കെ എൽ രാഹുലിന്റെ കിടിലൻ ബാറ്റിങ് പ്രകടനമാണ് പഞ്ചാബിനെതിരേ കണ്ടത്. പഞ്ചാബ് ശക്തമായ ബൗളിങ് കരുത്തുള്ള ടീമാണെങ്കിലും ഇതൊന്നും വകവെക്കാതെ രാഹുൽ തകർപ്പൻ സെഞ്ചുറി നേടിയെടുക്കുകയായിരുന്നു

ഹൈലൈറ്റ്:

  • കെ എൽ രാഹുലിന് റെക്കോഡ് സെഞ്ചുറി
  • പഞ്ചാബിന്റെ ഫീൽഡിങ് മോശം
  • രാഹുൽ കോഹ്ലിയെ മറികടന്ന് റൺവേട്ടയിൽ തലപ്പത്ത്
KL RAHULകെ എൽ രാഹുൽ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ പഞ്ചാബ് കിങ്സിനെതിരേ തകർപ്പൻ സെഞ്ചുറി നേടി ഡൽഹി ക്യാപിറ്റൽസ് താരം കെ എൽ രാഹുൽ . പഞ്ചാബിന്റെ കരുത്തുറ്റ ബൗളിങ് നിരയെ നേരിട്ട് 47 പന്തിലാണ് രാഹുൽ സെഞ്ചുറിയിലേക്കെത്തിയത്. പഞ്ചാബിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് സ്വന്തം തട്ടകത്തിൽ രാഹുൽ തകർത്താടുകയായിരുന്നു.12 റൺസിൽ രാഹുൽ പുറത്താവേണ്ടതായിരുന്നു. എന്നാൽ ശശാങ്ക് സിങ്ങിന്റെ വലിയ പിഴവിലാണ് രാഹുൽ സെഞ്ചുറിയിലേക്കെത്തിയത്. അർഷ്ദീപിന്റെ ഓവറിൽ രാഹുലിന്റെ ഷോട്ട് ശശാങ്കിന്റെ കെെയിലേക്കാണ് എത്തിയത്. എന്നാൽ ഇത് കെെയിലാക്കാൻ ശശാങ്കിന് സാധിക്കാതെ പോവുകയും പന്ത് ബൗണ്ടറി കടക്കുകയും ചെയ്തു. ഇതിന് ശേഷം പഞ്ചാബിന് ഒരു അവസരം പോലും നൽകാതെയാണ് രാഹുൽ കടന്നാക്രമിച്ചത്.

ധോണിക്ക് പോലും സാധിക്കാത്ത നേട്ടത്തിൽ സഞ്ജു


രാഹുലിന്റെ ഐപിഎല്ലിലെ ആറാം സെഞ്ചുറി പ്രകടനമാണിത്. ഇതോടെ സെഞ്ചുറി നേട്ടക്കാരിൽ സഞ്ജു സാംസണിന്റെ റെക്കോഡിനെ മറികടക്കാനും രാഹുലിന് സാധിച്ചു. നിലവിൽ ക്രിസ് ഗെയ്ലിനൊപ്പമാണ് രാഹുലുള്ളത്. ഏഴ് തവണ സെഞ്ചുറി നേടിയ ജോസ് ബട്ലറും എട്ട് തവണ സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുമാണ് നിലവിൽ രാഹുലിന് മുന്നിലുള്ളത്.

കൂടാതെ വിക്കറ്റ് കീപ്പർമാരിൽ കൂടുതൽ ഐപിഎൽ സെഞ്ചുറിയെന്ന റെക്കോഡിൽ തലപ്പത്തേക്കെത്താനും രാഹുലിന് സാധിച്ചു. ക്വിന്റൻ ഡീകോക്കും സഞ്ജു സാംസണും മൂന്ന് സെഞ്ചുറികൾ വീതം നേടി രാഹുലിനൊപ്പമുണ്ട്. ഋഷഭ് പന്തും ആദം ഗിൽക്രിസ്റ്റും രണ്ട് തവണ വീതമാണ് സെഞ്ചുറി പ്രകടനം നടത്തിയത്. ഡൽഹിക്കൊപ്പം 20 ഇന്നിങ്സിൽ നിന്ന് രണ്ട് സെഞ്ചുറികളാണ് രാഹുൽ നേടിയിരിക്കുന്നത്.
Samayam MalayalamIPL 2026: ഡക്കിൽ നിന്ന് രക്ഷപെട്ടു, പിന്നാലെ ചരിത്ര റെക്കോഡിട്ട് വിരാട് കോഹ്ലി; ഐപിഎല്ലിൽ മറ്റാർക്കും ഇല്ലാത്ത നേട്ടം
ലഖ്നൗ സൂപ്പർ ജയ്ന്റ്സിനൊപ്പം 38 ഇന്നിങ്സിൽ നിന്ന് രണ്ട് സെഞ്ചുറിയും പഞ്ചാബ് കിങ്സിനൊപ്പം 50 ഇന്നിങ്സിൽ നിന്ന് രണ്ട് സെഞ്ചുറിയുമാണ് രാഹുൽ നേടിയിട്ടുള്ളത്. ടി20യിൽ കൂടുതൽ സെഞ്ചുറിയുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കെത്താനും രാഹുലിന് സാധിച്ചു. ഒമ്പത് സെഞ്ചുറികൾ വീതമുള്ള അഭിഷേക് ശർമയും വിരാട് കോഹ്ലിയുമാണ് ഈ റെക്കോഡിൽ തലപ്പത്തുള്ളത്. രാഹുലിനൊപ്പം സഞ്ജു സാംസണും രോഹിത് ശർമയും എട്ട് സെഞ്ചുറികൾ വീതം നേടിയിട്ടുണ്ട്.
IPL 2026: സെഞ്ചുറിത്തിളക്കത്തിൽ സായ് സുദർശൻ, ഇത് മൂന്നാം തവണ; ക്രിസ് ഗെയ്ലിന്റെ വമ്പൻ റെക്കോഡും തകർത്തു

ഈ പ്രകടനത്തോടെ ഐപിഎല്ലിന്റെ ഈ സീസണിലെ ഓറഞ്ച് ക്യാപ്പ് വിരാട് കോഹ്ലിയെ മറികടന്ന് തലയിലെത്തിക്കാനും കെ എൽ രാഹുലിന് സാധിച്ചു. കെ എൽ രാഹുൽ തകർ‌പ്പൻ പ്രകടനം ഐപിഎല്ലിൽ നടത്തുമ്പോഴും ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ് രാഹുലിന്റെ സ്ഥാനമെന്നതാണ് എടുത്തു പറയേണ്ട കാര്യം. പലപ്പോഴും രാഹുലിന്റെ സ്ട്രെെക്ക് റേറ്റ് വിമർശനം കേൾപ്പിക്കുന്നതാണ്. എന്നാൽ ഇത്തവണ മികച്ച സ്ട്രെെക്ക് റേറ്റിൽ തന്നെ കളിക്കാൻ രാഹുലിന് സാധിച്ചു.

67 പന്ത് നേരിട്ട് 16 ഫോറും 9 സിക്സും ഉൾപ്പെടെ 152 റൺസോടെയാണ് രാഹുൽ പുറത്താവാതെ നിന്നത്. 226.87 സ്ട്രെെക്ക് റേറ്റിലായിരുന്നു രാഹുലിന്റെ തകർപ്പൻ ബാറ്റിങ്. ഐപിഎല്ലിലെ ഉയർന്ന മൂന്നാമത്തെ വ്യക്തിഗത സ്കോറാണിത്. 158 റൺസെടുത്ത ബ്രണ്ടൻ മക്കല്ലവും 175 റൺസെടുത്ത ക്രിസ് ഗെയ്ലുമാണ് രാഹുലിന് മുന്നിലുള്ളത്. നിതീഷ് റാണ 44 പന്തിൽ 91 റൺസും നേടി. ഇതോടെ രണ്ട് വിക്കറ്റിന് 264 എന്ന വമ്പൻ ടോട്ടലിലേക്കെത്താനും ഡൽഹിക്ക് സാധിച്ചു.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article