IPL 2026: അടിയുടെ 'അഭിഷേകം', സെഞ്ചുറിയിൽ റെക്കോഡ് നേട്ടവുമായി അഭിഷേക് ശർമ; രോഹിത്തിനെ പിന്നിലാക്കി, കോഹ്ലിക്കൊപ്പം തലപ്പത്ത്

1 month ago 12

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam21 Apr 2026, 9:31 p.m. IST

IPL 2026: സമീപകാലത്തായി അഭിഷേക് ശർമയുടെ പ്രകടനത്തിൽ സ്ഥിരത പ്രശ്നമായിരുന്നു. ഡക്കുകളും ഇടക്കിടെ സംഭവിച്ചു. എന്നാൽ ഈ വെല്ലുവിളികളെയെല്ലാം മറികടന്ന് അഭിഷേക് ശർമ ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്

ഹൈലൈറ്റ്:

  • അഭിഷേക് ശർമക്ക് വമ്പൻ റെക്കോഡ്
  • ഒമ്പതാം ടി20 സെഞ്ചുറി നേടി അഭിഷേക്
  • ഓറഞ്ച് ക്യാപ്പ് അഭിഷേകിനൊപ്പം
abhishek sharmaഅഭിഷേക് ശർമ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ സൺറെെസേഴ്സ് ഹെെദരാബാദിനൊപ്പമുള്ള അഭിഷേക് ശർമയുടെ തകർപ്പൻ പ്രകടനം തുടരുകയാണ്. ഡൽഹി ക്യാപിറ്റൽസിനെതിരേ 47 പന്തിൽ സെഞ്ചുറി നേടിയ അഭിഷേക് വമ്പൻ റെക്കോഡുകളാണ് സ്വന്തം പേരിലാക്കിയത്. മോശം ഫോമിലാണെന്ന് പറഞ്ഞവരെക്കൊണ്ട് തന്നെ കെെയടിപ്പിക്കുന്ന ബാറ്റിങ് വിരുന്നൊരുക്കാൻ അഭിഷേകിന് സാധിച്ചു.68 പന്ത് നേരിട്ട് പുറത്താവാതെ 135 റൺസാണ് അഭിഷേക് ശർമ നേടിയത്. 10 വീതം സിക്സും ഫോറും ഉൾപ്പെടെയായിരുന്നു കിടിലൻ ഇന്നിങ്സ്. 198.53 സ്ട്രെെക്ക് റേറ്റിലായിരുന്നു ബാറ്റിങ് പ്രകടനം. കരിയറിലെ ഒമ്പതാം ടി20 സെഞ്ചുറി നേട്ടത്തോടെ പല വമ്പൻ റെക്കോഡുകൾ കടപുഴക്കാൻ അഭിഷേകിന് സാധിച്ചിരിക്കുകയാണ്.

സൂര്യവംശിയുടെ മിന്നൽ പ്രടനം; റെക്കോഡുകൾ സ്വന്തമാക്കാൻ താരം


ഈ സീസണിലെ താരത്തിന്റെ കന്നി സെഞ്ചുറി പ്രകടനമാണ് ഡൽഹിക്കെതിരേ പിറന്നത്. മോശം ഫോമിലാണെന്നും സ്ഥിരതയില്ലെന്നുമുള്ള പഴി സമീപകാലത്തായി അഭിഷേകിന് കേൾക്കേണ്ടി വന്നെങ്കിലും ടി20 ക്രിക്കറ്റിൽ ഇപ്പോഴും താൻ ഒന്നാം നമ്പർ ബാറ്റ്സ്മാനാണെന്ന് തെളിയിക്കുന്ന ബാറ്റിങ് പ്രകടനമാണ് അഭിഷേക് പുറത്തെടുത്തത്. ടി20 ക്രിക്കറ്റിലെ കൂടുതൽ സെഞ്ചുറിയുള്ള ഇന്ത്യക്കാരുടെ റെക്കോഡിൽ തലപ്പത്തേക്കെത്തിയിരിക്കുകയാണ് അഭിഷേക് ശർമ.

ഒമ്പത് തവണയാണ് അഭിഷേക് സെഞ്ചുറി പ്രകടനം നടത്തിയിരിക്കുന്നത്. വിരാട് കോഹ്ലിയും ഒമ്പത് തവണ ടി20യിൽ സെഞ്ചുറി നേടിയിട്ടുണ്ട്. എന്നാൽ ഇത്രയും വേഗത്തിൽ ഒമ്പത് സെഞ്ചുറി പ്രകടനം നടത്താൻ അഭിഷേകിന് മാത്രമെ സാധിച്ചിട്ടുള്ളൂ. 25 വയസിനുള്ളിലാണ് അഭിഷേകിന്റെ ഈ സെഞ്ചുറി പ്രകടനങ്ങൾ. 25 വയസിനുള്ളിൽ കൂടുതൽ ടി20 സെഞ്ചുറി നേടുന്ന താരവും അഭിഷേകാണ്. രണ്ടാം സ്ഥാനത്തുള്ള ശുഭ്മാൻ ഗില്ലിന്റെ പേരിൽ ആറ് സെഞ്ചുറികളാണുള്ളത്.
Samayam MalayalamIPL 2026: ഞാൻ മാത്രമല്ല അത് ചെയ്തിട്ടുള്ളത്, ബുംറയുമായി യാതൊരു പ്രശ്നവുമില്ല; വിവാദ സംഭവത്തെക്കുറിച്ച് ഹാർദിക് പാണ്ഡ്യ
എട്ട് സെഞ്ചുറികളുള്ള രോഹിത് ശർമയെ മറികടക്കാൻ അഭിഷേക് ശർമക്ക് സാധിച്ചു. സഞ്ജു സാംസണും കെ എൽ രാഹുലിനും ഇഷാൻ കിഷനും ഏഴ് സെഞ്ചുറികൾ വീതമാണുള്ളത്. ഇതിനെ നേരത്തെ തന്നെ അഭിഷേക് മറികടന്നിട്ടുള്ളതാണ്. റുതുരാജ് ഗെയ്ക് വാദും ശുഭ്മാൻ ഗില്ലും സൂര്യകുമാർ യാദവും ആറ് സെഞ്ചുറികൾ വീതമാണ് ടി20യിൽ നേടിയിട്ടുള്ളത്. യുവതാരമായ അഭിഷേകിന് മുന്നിൽ ഇനിയും വലിയ ഭാവിയുണ്ട്. അതുകൊണ്ടുതന്നെ ഇനിയും പല വമ്പൻ റെക്കോഡുകളും തകർക്കാൻ വെെഭവിന് സാധിച്ചേക്കും.

തുടർച്ചയായി രണ്ട് സിക്സുകൾ പറത്തിയാണ് അഭിഷേക് സെഞ്ചുറിയിലേക്ക് എത്തിയത് എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഒരു ബൗളറേയും ഭയമില്ലാതെ കടന്നാക്രമിക്കാൻ അഭിഷേകിന് സാധിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം. 184 ഇന്നിങ്സിൽ നിന്ന് 9 സെഞ്ചുറികൾ നേടിയ താരം യുവരാജ് സിങ്ങിന്റെ ശിഷ്യനാണ് എന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യയുടെ ടി20 ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് അഭിഷേകിന്റെ കിടിലൻ തിരിച്ചുവരവ്.

IPL 2026: മുട്ടിക്കളിച്ച് തിലക് വർമ, ദേഷ്യത്തോടെ ഹാർദിക് പാണ്ഡ്യയുടെ ഇടപെടൽ; പിന്നെ കളി മാറി, ജിടിക്കെതിരേ സംഭവിച്ചത് ഇതാണ്

ടി20 ലോകകപ്പിൽ ഹാട്രിക് ഡക്കായതും ഇത്തവണത്തെ ഐപിഎല്ലിൽ ഡക്കായതുമെല്ലാം അഭിഷേക് ശർമക്ക് വലിയ തിരിച്ചടിയായിരുന്നു. വെെഭവ് സൂര്യവംശിയെ ഇന്ത്യ അഭിഷേകിന് പകരം ഓപ്പണർ റോളിലേക്ക് കൊണ്ടുവന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇപ്പോൾ താരത്തിന്റെ മിന്നും സെഞ്ചുറി പ്രകടനം. ഇനി പെട്ടെന്ന് അഭിഷേകിനെ തഴയാൻ ആരും തയ്യാറാകില്ലെന്ന് തന്നെ പറയാം.

ഏഴ് മത്സരത്തിൽ നിന്ന് 53.83 ശരാശരിയിൽ 323 റൺസോടെയാണ് അഭിഷേക് ഓറഞ്ച് ക്യാപ്പ് തലയിലെത്തിച്ചത്. 215.33 സ്ട്രെെക്ക് റേറ്റിൽ കളിക്കുന്ന താരം ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളും നേടി. 25 ഫോറും 27 സിക്സും ഉൾപ്പെടെയാണ് ഈ സീസണിൽ അഭിഷേക് മുന്നോട്ട് പോകുന്നത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article