IPL 2026: അടിയുടെ പൊടിപൂരം, 36 പന്തിൽ സെഞ്ചുറി നേടി വെെഭവ് സൂര്യവംശി; മറ്റാർക്കുമില്ലാത്ത ലോക റെക്കോഡിട്ട് യുവതാരം

1 month ago 6

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam25 Apr 2026, 9:18 p.m. IST

IPL 2026: വെെഭവ് സൂര്യവംശിയുടെ ​ഗംഭീര ബാറ്റിങ് പ്രകടനമാണ് സൺറെെസേഴ്സ് ഹെെദരാബാദിനെതിരേ കണ്ടത്. സീസണിൽ ആദ്യം നേർക്കുനേർ എത്തിയപ്പോൾ ഡക്കിന് പുറത്തായ വെെഭവ് ഇപ്പോൾ ഹെെദരാബാദിനോട് പകരം വീട്ടിയിരിക്കുകയാണ്

ഹൈലൈറ്റ്:

  • റെക്കോഡ് സെഞ്ചുറി നേടി വെെഭവ് സൂര്യവംശി
  • വെെഭവ് സൂര്യവംശിക്ക് ലോക റെക്കോഡ്
  • പ്രഫുൽ ഹിൻഗയോട് പകരം വീട്ടി വെെഭവ്
vaibhav suryavanshiവെെഭവ് സൂര്യവംശി
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ തകർപ്പൻ സെഞ്ചുറി നേടി വെെഭവ് സൂര്യവംശി . സൺറെെസേഴ്സ് ഹെെദരാബാദിനെതിരേ 37 പന്തിൽ 103 റൺസാണ് 15കാരനായ വെെഭവ് നേടിയെടുത്തത്. അഞ്ച് ഫോറും 12 സിക്സും ഉൾപ്പെടെയാണ് യുവതാരത്തിന്റെ സെഞ്ചുറി പ്രകടനം. 278.38 സ്ട്രെെക്ക് റേറ്റിലായിരുന്നു യുവതാരം കത്തിക്കയറിയത്. സീസണിൽ ആദ്യം നേർക്കുനേർ എത്തിയപ്പോൾ ഹെെദരാബാദിനോട് ഗോൾഡൻ ഡക്കായി വെെഭവ് നിരാശപ്പെടുത്തിയിരുന്നു. എന്നാൽ ഇതേ എതിരാളികൾക്കെതിരേ തകർപ്പൻ സെഞ്ചുറി നേടിയാണ് വെെഭവ് തിരിച്ചുവരവ് നടത്തിയത്. അന്ന് പുറത്താക്കിയ പ്രഫുൽ ഹിൻഗെയുടെ ആദ്യ ഓവറിൽ‌ നാല് സിക്സുകൾ അടക്കം നേടിയാണ് വെെഭവിന്റെ കിടിലൻ ബാറ്റിങ്.

ധോണിക്ക് പോലും സാധിക്കാത്ത നേട്ടത്തിൽ സഞ്ജു


ലോക റെക്കോഡ് പ്രകടനമാണ് വെെഭവ് കാഴ്ചവെച്ചത്. 14 വയസും 32 ദിവസവും പ്രായമുള്ളപ്പോൾ അവസാന സീസണിൽ വെെഭവ് സെഞ്ചുറി നേടിയിരുന്നു. ഇത്തവണ 15 വയസും 29 ദിവസവും പ്രായം ഉള്ളപ്പോഴാണ് വെെഭവ് വീണ്ടും ഐപിഎൽ സെഞ്ചുറി നേടിയെടുക്കുന്നത്. 15 വയസിനുള്ളിൽ ഐപിഎല്ലിൽ രണ്ട് സെഞ്ചുറി നേടുന്ന ആദ്യത്തെ താരമെന്ന ലോക റെക്കോഡാണ് വെെഭവ് സ്വന്തം പേരിലാക്കിയത്. ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരങ്ങളുടെ റെക്കോഡിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഇനി വെെഭവുണ്ടാകും.

പല റെക്കോഡുകളും തകർക്കപ്പെട്ടേക്കാമെങ്കിലും വെെഭവിന്റെ ഈ റെക്കോഡ് തകർക്കാൻ ഇനിയൊരു യുവ വിസ്മയം പിറവിയെടുക്കേണ്ടിയിരിക്കുന്നു. ഐപിഎല്ലിലെ വേഗ സെഞ്ചുറിക്കാരിലെ മൂന്നാം സ്ഥാനത്തേക്കെത്താനും വെെഭവിനായി. 30 പന്തിൽ പൂനെക്കെതിരേ ക്രിസ് ഗെയ്ൽ നേടിയ സെഞ്ചുറിയാണ് ഈ റെക്കോഡിൽ തലപ്പത്ത്. അവസാന സീസണിൽ 35 പന്തിൽ സെഞ്ചുറി നേടിയ വെെഭവ് ഈ റെക്കോഡിൽ രണ്ടാം സ്ഥാനത്തുണ്ട്. ഇപ്പോൾ 36 പന്തിൽ സെഞ്ചുറി നേടി മൂന്നാം സ്ഥാനവും നേടിയെടുക്കാൻ യുവതാരത്തിന് സാധിച്ചിരിക്കുകയാണ്.
Samayam MalayalamIPL 2026: അന്ന് ​ഗോൾഡൻ ഡക്കാക്കി, ഇന്ന് ഒരോവറിൽ നാല് സിക്സർ; ഇത് വെെഭവിന്റെ പ്രതികാരം, തല്ലുവാങ്ങി പ്രഫുൽ ഹിൻ​ഗെ
ഐപിഎല്ലിൽ രണ്ട് സെഞ്ചുറി നേടുന്ന ആദ്യത്തെ അൺക്യാപ്പ്ഡ് താരമായി മാറാനും വെെഭവിന് സാധിച്ചു. ഇന്ത്യൻ ടീമിൽ വെെഭവിന് വെെകാതെ അരങ്ങേറ്റം ഉണ്ടായേക്കും. വരാനിരിക്കുന്ന അയർലൻഡ് പരമ്പരയിലൂടെ വെെഭവ് ഇന്ത്യയുടെ സീനിയർ ടീമിലെത്താനും അരങ്ങേറ്റം നടത്താനും സാധ്യതയുണ്ട്. ഇതിന് മുമ്പ് തന്നെ രണ്ട് സെഞ്ചുറി പ്രകടനങ്ങൾ നടത്താൻ വെെഭവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

ഈ പ്രകടനത്തോടെ സീസണിലെ ഓറഞ്ച് ക്യാപ്പ് നിലവിൽ തലയിലേക്കെത്തിക്കാനും വെെഭവിന് സാധിച്ചിരിക്കുകയാണ്. എട്ട് മത്സരത്തിൽ നിന്ന് 357 റൺസാണ് വെെഭവ് നേടിയെടുത്തത്. 44.63 ശരാശരിയിലും 234.86 സ്ട്രെെക്ക് റേറ്റിലുമാണ് വെെഭവ് മുന്നോട്ട് പോകുന്നത്. രണ്ട് അർധ സെഞ്ചുറിയും ഒരു സെഞ്ചുറിയും നേടിയ വെെഭവ് 31 ഫോറുകൾ നേടിയപ്പോൾ 32 സിക്സുകളും പറത്തിയെന്നതാണ് എടുത്തു പറയേണ്ട കാര്യം.
IPL 2026: ഒന്നല്ല, രണ്ട് തവണ ശ്രേയസിനെ കെെവിട്ടു; ഡൽഹിയുടെ വില്ലനായി കരുൺ‌ നായർ, റെക്കോ‍ഡ് റൺ‌ചേസുമായി പഞ്ചാബ്

ഏഴ് മത്സരത്തിൽ നിന്ന് 357 റൺസോടെ കെ എൽ രാഹുലും വെെഭവിന് ഒപ്പം തന്നെയുണ്ട്. പഞ്ചാബ് കിങ്സിനെതിരേ ഡൽഹി ക്യാപിറ്റൽസിനായി പുറത്താവാതെ 152 റൺസ് നേടാൻ രാഹുലിന് സാധിച്ചെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കാൻ സാധിക്കാതെ പോയി എന്നതാണ് നിരാശപ്പെടുത്തുന്നത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article