Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•10 May 2026, 10:04 americium IST
IPL 2026: ഈ സീസണിൽ ഏറ്റവും മികച്ച തുടക്കം ലഭിച്ച ടീമുകളിലൊന്നാണ് രാജസ്ഥാൻ റോയൽസ്. എന്നാൽ പ്ലേ ഓഫിലേക്കടുക്കവെ രാജസ്ഥാന് കാര്യങ്ങൾ പ്രയാസമായിരിക്കുകയാണ്. പ്ലേ ഓഫിലേക്കെത്താൻ ടീമിനാകുമോയെന്നതാണ് കണ്ടറിയേണ്ടത്
ഹൈലൈറ്റ്:
- രാജസ്ഥാന് പ്ലേ ഓഫിലെത്താൻ തുടർ ജയം വേണം
- റിയാൻ പരാഗിന് സ്ഥിരത കാട്ടാനാവുന്നില്ല
- വെെഭവ് സൂര്യവംശി ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്
രാജസ്ഥാൻ റോയൽസ്(ഫോട്ടോസ്- ANI)ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ശ്രേയസിന് വെല്ലുവിളിയായി സഞ്ജു
റിയാൻ പരാഗിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ആദ്യത്തെ നാല് മത്സരത്തിലും കിടിലൻ ജയമാണ് രാജസ്ഥാൻ നേടിയത്. എന്നാൽ പിന്നീട് രണ്ട് തുടർ തോൽവികൾ നേരിട്ടു. സൺറെെസേഴ്സ് ഹെെദരാബാദിനോട് 57 റൺസിനും കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനോട് നാല് വിക്കറ്റിനുമാണ് രാജസ്ഥാൻ തോറ്റത്.
ലഖ്നൗവിനോട് 40 റൺസിന് രാജസ്ഥാൻ ജയിച്ചെങ്കിലും ഹെെദരാബാദിനോട് അഞ്ച് വിക്കറ്റിന് വീണ്ടും തോറ്റു. പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച രാജസ്ഥാൻ ഡൽഹി ക്യാപിറ്റൽസിനോട് ഏഴ് വിക്കറ്റിന് തോറ്റു. അവസാന മത്സരത്തിൽ ഗുജറാത്ത് ടെെറ്റൻസിനോട് 77 റൺസിന്റെ തോൽവിയും രാജസ്ഥാൻ നേരിട്ടു.
രാജസ്ഥാൻ റോയൽസ് ഇപ്പോൾ സഞ്ജുവിനെപ്പോലൊരു നായകന്റേയും ബാറ്റ്സ്മാന്റേയും അഭാവം തിരിച്ചറിയുന്നുണ്ടോയെന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ സഞ്ജുവെന്ന നായകന്റെ വിടവ് ഒരു പരിധിവരെ നികത്താൻ റിയാൻ പരാഗിന് സാധിച്ചിട്ടുണ്ട്. പക്ഷെ സഞ്ജു എന്ന ബാറ്റ്സ്മാന്റെ അഭാവം രാജസ്ഥാനെ കാര്യമായി ബാധിച്ചിട്ടുണ്ട്.
രാജസ്ഥാന്റെ ബാറ്റിങ് നിരയിലാണ് പ്രശ്നങ്ങളിലേറെയും. 11 മത്സരങ്ങളിൽ നിന്ന് 440 റൺസോടെ വെെഭവ് സൂര്യവംശി റൺവേട്ടക്കാരിൽ അഞ്ചാം സ്ഥാനത്തുണ്ട്. 11 മത്സരത്തിൽ നിന്ന് 315 റൺസോടെ യശ്വസി ജയ്സ്വാളാണ് രാജസ്ഥാന്റെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുള്ളത്. 314 റൺസോടെ ദ്രുവ് ജുറേലുമുണ്ട്. എന്നാൽ വെെഭവിനെ മാറ്റി നിർത്തിയാൽ മറ്റ് താരങ്ങളുടെയെല്ലാം സ്ഥിരത പ്രശ്നമാണ്.
IPL 2026: ഈ സ്ഥിരത മറ്റാർക്കുണ്ട്? ഏഴാം തവണയും ശുഭ്മാൻ ഗില്ലിന് അത് സാധിച്ചു; വീണ്ടും കരുത്തുകാട്ടി ഗുജറാത്ത് ക്യാപ്റ്റൻ
കൂടാതെ പ്രധാനപ്പെട്ട മത്സരങ്ങളിൽ മികവ് കാട്ടാൻ സീനിയർ താരങ്ങൾക്ക് സാധിക്കുന്നില്ല. ക്യാപ്റ്റനെന്ന നിലയിൽ റിയാൻ പരാഗിന് 10 മത്സരത്തിൽ നിന്ന് 207 റൺസാണ് നേടാനായിരിക്കുന്നത്. സഞ്ജുവിനെപ്പോലെ ബാറ്റുകൊണ്ട് ഇംപാക്ട് സൃഷ്ടിക്കാൻ രാജസ്ഥാന് സാധിക്കുന്നില്ല. മികച്ച താരങ്ങളുണ്ടെങ്കിലും അവസരത്തിനൊത്ത് ആരും ഉയരുന്നില്ല.
ബൗളിങ് നിരയിൽ ജോഫ്രാ ആർച്ചർക്കും സ്ഥിരതയില്ല. നാന്ദ്രെ ബർഗർ മോശമാക്കുന്നില്ലെങ്കിലും ഇന്ത്യൻ പേസർമാരിലാർക്കും വലിയ ഇംപാക്ട് സൃഷ്ടിക്കാൻ സാധിക്കുന്നില്ല. രവി ബിഷ്നോയ് ഭേദപ്പെട്ട് നിൽക്കുന്നു. രാജസ്ഥാന് ഇപ്പോൾ പഴയ പോരാട്ടവീര്യം നഷ്ടമായിരിക്കുകയാണെന്ന് പറയാം. രാജസ്ഥാന് പ്ലേ ഓഫിലേക്കെത്താൻ ശേഷിക്കുന്ന മൂന്ന് മത്സരത്തിലും ജയിക്കണം.
ഡൽഹി ക്യാപിറ്റൽസ്, ലഖ്നൗ സൂപ്പർ ജയ്ന്റ്സ്, മുംബെെ ഇന്ത്യൻസ് എന്നിവർക്കെതിരായ മത്സരമാണ് രാജസ്ഥാന് ശേഷിക്കുന്നത്. ഇതിൽ ഒരു മത്സരം തോറ്റാൽ പോലും രാജസ്ഥാന് പ്ലേ ഓഫിലേക്കെത്തുക പ്രയാസമാവും. രാജസ്ഥാന്റെ ഭാവി എന്താകുമെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയാം.








English (US) ·