Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam•17 Mar 2026, 7:53 p.m. IST
2026 ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് പൊന്നും വില കൊടുത്തു വാങ്ങിയ രണ്ട് അണ്‍ക്യാപ്ഡ് താരങ്ങളാണ് പ്രശാന്ത് വീറും കാർത്തിക് ശർമയും. ചെന്നൈ ഇവർക്കായി നൽകിയ കോടികൾ വെറുതെ ആകില്ലെന്നാണ് മുൻ ഇന്ത്യൻ താരം അഭിനവ് മുകുന്ദ് അഭിപ്രായപ്പെടുന്നത്. അരങ്ങാറ്റക്കാരിൽ തിളങ്ങാൻ സാധ്യതയുള്ള നാല് പേർ ആരൊക്കെയാണെന്ന് അഭിനവ് മുകുന്ദ് പ്രവചിച്ചിരിക്കുകയാണ്.
ഹൈലൈറ്റ്:
- ചെന്നൈക്ക് വേണ്ടി പ്രശാന്ത് വീറും കാർത്തിക് ശർമയും മിന്നിക്കും
- ഡൽഹിയുടെ ജമ്മു കാശ്മീർ താരം ആഖിബ് നബിയും തകർക്കാനാണ് സാധ്യത
- ഗുജറാത്ത് താരം അശോക് ശർമയും തിളങ്ങുമെന്നാണ് അഭിനവിന്‍റെ അഭിപ്രായം
പ്രശാന്ത് വീര്‍, കാര്‍ത്തിക് ശര്‍മ(ഫോട്ടോസ്- IANS)"അവർ രണ്ടുപേരും നന്നായി കളിക്കുമെന്നാണ് എന്റെ അഭിപ്രായം, കാർത്തിക് ശർമക്കാണ് കൂടുതൽ സാധ്യത, കാരണം ഒരുപാട് ടീമുകൾക്ക് അവനിൽ നോട്ടമുണ്ട്, മധ്യനിരയിൽ തകർത്തടിക്കാനുള്ള മികവാണ് അവനുള്ളത്" - അഭിനവ് മുകുന്ദ് പറഞ്ഞു. "പ്രശാന്ത് വീറാണെങ്കിൽ അതിശയിപ്പിക്കുന്ന താരമാണ്, ചെന്നൈ സൂപ്പർ കിങ്സിൽ അവൻ എത്രത്തോളം മികവ് പുലർത്തുമെന്ന് കാണാൻ ഞാൻ കാത്തിരിക്കുകയാണ്" - അഭിനവ് മുകുന്ദ് കൂട്ടിച്ചേര്‍ത്തു.
ആറാം കിരീടം ലക്ഷ്യം; രോഹിത് ശർമയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നു
പുതിയ സീസണിൽ ഞെട്ടിക്കാൻ സാധ്യതയുള്ള മൂന്നാമത്തെ താരമായി അഭിനവ് മുകുന്ദ് തെരഞ്ഞെടുത്തത് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയ ആഖിബ് നബിയെയാണ്. കഴിഞ്ഞ രഞ്ജി ട്രോഫിയിൽ അതിശയിപ്പിക്കുന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്. 17 മത്സരങ്ങളിൽ നിന്ന് 60 വിക്കറ്റുകൾ എത്തിയ ആഖിബ് നബി രഞ്ജി സീസണിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായും മാറി. "ജമ്മു കാശ്മീരിന്റെ ഹീറോയാണ് ആഖിബ് നബി, റെഡ് ബോളിൽ കിടിലൻ സീസണാണ് താരം പൂർത്തിയാക്കിയത്, വൈറ്റ് ബോളിൽ എത്രത്തോളം മികവ് പുറത്തെടുക്കാൻ കഴിയും എന്ന് കാത്തിരുന്ന് കാണാം " - ഇതാണ് ഡൽഹി താരത്തെക്കുറിച്ച് അഭിനവ് പറഞ്ഞ വാക്കുകൾ.
ശുഭ്മാൻ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയ അശോക് ശർമയെയും മികച്ച പ്രകടനം നടത്താൻ സാധ്യതയുള്ള അരങ്ങേറ്റ താരമായി അഭിനവ് മുകുന്ദ് തെരഞ്ഞെടുക്കുന്നുണ്ട്. നേരത്തെ രാജസ്ഥാന്‍ റോയല്‍സ് നെറ്റ്സ് ബോളറായിരുന്ന അശോക് ശർമ 2022 സീസണില്‍ കൊൽക്കത്തയുടെയും 2025 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെയും ഭാഗമായിരുന്നു. എന്നാൽ ഇതുവരെ ഐപിഎല്ലിൽ അരങ്ങേറാൻ അവസരം ലഭിച്ചിട്ടില്ല. ഇക്കുറി അത് ലഭിക്കുമെന്നാണ് അഭിനവ് മുകുന്ദ് കരുതുന്നത്.








English (US) ·