Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•23 Apr 2026, 10:10 p.m. IST
MI vs CSK: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ പ്രതീക്ഷിച്ചപോലെയായിരുന്നില്ല സഞ്ജു സാംസണിന്റെ തുടക്കം. എന്നാൽ അവസാന നാല് മത്സരത്തിലൂടെ തകർപ്പൻ തിരിച്ചുവരവാണ് സഞ്ജു സാംസൺ നടത്തിയിരിക്കുന്നത്
ഹൈലൈറ്റ്:
- സഞ്ജു സാംസണ് തകർപ്പൻ സെഞ്ചുറി
- സിഎസ്കെ ജഴ്സിയിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറി
- ചരിത്ര റെക്കോഡിൽ മലയാളി താരം
സഞ്ജു സാംസൺ(ഫോട്ടോസ്- AP)വൈഭവ് കാത്തിരിക്കേണ്ടി വരും; റെക്കോഡുകൾ കടപുഴക്കി അഭിഷേക് ശർമയുടെ സെഞ്ച്വറി
സെഞ്ചുറി പ്രകടനത്തോടെ നിരവധി റെക്കോഡുകളും സഞ്ജു സാംസൺ സ്വന്തം പേരിലാക്കി. സിഎസ്കെയ്ക്കായി കൂടുതൽ സെഞ്ചുറി നേടുന്ന താരങ്ങളിൽ പ്രഥമ സീസണിലൂടെത്തന്നെ തലപ്പത്തേക്കെത്താൻ സഞ്ജുവിനായി. ഏഴ് ഇന്നിങ്സ് മാത്രമാണ് സഞ്ജുവിന് ഈ നേട്ടത്തിലേക്കെത്താൻ വേണ്ടി വന്നത്. റുതുരാജ് ഗെയ്ക് വാദും മുരളി വിജയിയും ഷെയ്ൻ വാട്സനും സിഎസ്കെയ്ക്കായി രണ്ട് വീതം സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും സിഎസ്കെയ്ക്കായി വേഗത്തിൽ രണ്ട് സെഞ്ചുറിയെന്ന റെക്കോഡ് സഞ്ജുവിന് മാത്രം അവകാശപ്പെട്ടതാണ്.
ഐപിഎല്ലിൽ കൂടുതൽ സെഞ്ചുറിയുള്ള താരങ്ങളിൽ നാലാം സ്ഥാനത്തേക്കെത്താനും സഞ്ജുവിനായി. എട്ട് സെഞ്ചുറികളുള്ള വിരാട് കോഹ്ലിയും ഏഴ് സെഞ്ചുറിയുള്ള ജോസ് ബട്ലറും ആറ് സെഞ്ചുറിയുള്ള ക്രിസ് ഗെയ്ലുമാണ് സഞ്ജുവിന് മുന്നിലുള്ളത്. കെ എൽ രാഹുലും അഞ്ച് സെഞ്ചുറികൾ ഐപിഎല്ലിൽ നേടിയിട്ടുണ്ട്. ആദ്യത്തെ മൂന്ന് മത്സരത്തിൽ വെറും 22 റൺസാണ് സഞ്ജുവിന് നേടാനായത്. ഇതിന്റെ പേരിൽ വലിയ വിമർശനം സഞ്ജുവിന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ പിന്നീടുള്ള നാല് മത്സരത്തിൽ നിന്ന് 271 റൺസാണ് മലയാളി താരം അടിച്ചെടുത്തത്.
ചെപ്പോക്കിലും മുംബെെയിലും ഒരുപോലെ സെഞ്ചുറി പ്രകടനത്തോടെ തിളങ്ങാൻ സഞ്ജുവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. മുംബെെക്കെതിരായ സിഎസ്കെ താരത്തിന്റെ ഉയർന്ന സ്കോർ എന്ന റെക്കോഡും സഞ്ജു സാംസൺ സ്വന്തമാക്കി. 88 റൺസെടുത്ത റുതുരാജായിരുന്നു നേരത്തെ ഈ റെക്കോഡിൽ തലപ്പത്തുണ്ടായിരുന്നത്. ഇതിനെ മറികടക്കാൻ സഞ്ജുവിനായി. എൽ ക്ലാസിക്കോ പോരാട്ടത്തിൽ മുംബെെക്കെതിരേ സിഎസ്കെ താരം നേടുന്ന ആദ്യത്തെ സെഞ്ചുറിയാണിത്.
മറ്റൊരു സിഎസ്കെ താരത്തിനും നേടാനാവാത്ത റെക്കോഡാണിത്. ഏഴ് ഇന്നിങ്സ് പൂർത്തിയാവുമ്പോൾ 293 റൺസാണ് സഞ്ജു അടിച്ചെടുത്തിരിക്കുന്നത്. 58.60 ശരാശരിയിലും 178.65 സ്ട്രെെക്ക് റേറ്റിലുമാണ് സഞ്ജു മുന്നോട്ട് പോകുന്നത്. രണ്ട് സെഞ്ചുറി നേടിയ സഞ്ജു 31 ഫോറും 15 സിക്സും ഇതിനോടകം പറത്തിക്കഴിഞ്ഞു. ഈ സീസണിൽ റൺവേട്ടക്കാരിൽ സഞ്ജു തലപ്പത്തേക്കെത്തുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
IPL 2026: ഒറ്റക്ക് പൊരുതുന്ന സഞ്ജു, റുതുരാജും ദുബെയും വീണ്ടും ഫ്ളോപ്പ്; ഏഴ് മത്സരത്തിലും മികവില്ല, നിരാശപ്പെടുത്തി ഈ കണക്ക്
സഞ്ജു സാംസണിന്റെ പ്രകടനത്തെ മുംബെെ താരങ്ങളടക്കം അഭിനന്ദിച്ചുവെന്നതാണ് ശ്രദ്ധേയം. സെഞ്ചുറിയോടെ മടങ്ങിയ സഞ്ജുവിനെ സിഎസ്കെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും തിലക് വർമയുമെല്ലാം അഭിനന്ദിച്ചു. സീനിയർ താരമെന്ന നിലയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാൻ സഞ്ജുവിന് സാധിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ടത്.
ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫെെനലിൽ വാംഖഡെയിൽ സെഞ്ചുറി പ്രകടനം നടത്താൻ സഞ്ജുവിന് സാധിച്ചിരുന്നു. 2013 മുതലുള്ള കണക്ക് പ്രകാരം മുംബെെയിൽ 30 ഇന്നിങ്സിൽ നിന്ന് 35.14 ശരാശരിയിൽ 949 റൺസാണ് സഞ്ജു നേടിയത്. 152.08 സ്ട്രെെക്ക് റേറ്റിൽ കളിച്ച സഞ്ജു രണ്ട് സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറിയും മുംബെെയിൽ നേടിക്കഴിഞ്ഞു.








English (US) ·