Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•29 Apr 2026, 4:32 p.m. IST
IPL 2026: രാജസ്ഥാൻ റോയൽസിനൊപ്പം യശ്വസി ജയ്സ്വാളിന് ഇനി വലിയ ഭാവിയില്ലെന്ന് തന്നെ പറയാം. രാജസ്ഥാന്റെ നായകസ്ഥാനത്തേക്ക് റിയാൻ പരാഗ് വന്നതോടെ ഇനി ജയ്സ്വാളിന് ക്യാപ്റ്റൻ സ്ഥാനത്തേക്കെത്തുക എളുപ്പമാവില്ല
ഹൈലൈറ്റ്:
- രാജസ്ഥാനിൽ ജയ്സ്വാളിന് ഭാവിയില്ല
- സഞ്ജുവിന്റെ പാത ജയ്സ്വാളും പിന്തുടരണം
- ജയ്സ്വാൾ മുംബെെ ഇന്ത്യൻസിലേക്കെത്തുമോ
യശ്വസി ജയ്സ്വാൾ(ഫോട്ടോസ്- ANI)സൂപ്പറാക്കി നരെയ്ൻ, ലഖ്നൗവിന്റെ ചീട്ടുകീറി കെകെആർ; റിങ്കു സിങ്ങിന്റെ പോരാട്ട വീര്യത്തിന് കെെയടി
മുംബെെ ഇന്ത്യൻസ് അടുത്ത സീസണിലേക്ക് പ്രധാനമായും നോട്ടമിടുന്ന താരങ്ങളിലൊരാൾ രാജസ്ഥാൻ റോയൽസിന്റെ യശ്വസി ജയ്സ്വാളാണ്. ഓപ്പണർ റോളിൽ തല്ലിക്കളിക്കുന്ന താരത്തെ നേരത്തെ മുതൽ മുംബെെക്ക് നോട്ടമുള്ളതാണ്. എന്നാൽ രാജസ്ഥാൻ റോയൽസിലൂടെ വളർന്ന താരം ഇപ്പോഴും ടീമിനൊപ്പം തുടരുകയാണ്. എന്നാൽ ഈ സീസണോടെ ജയ്സ്വാൾ രാജസ്ഥാൻ വിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
അതിന് കാരണം രാജസ്ഥാൻ റോയൽസിൽ നിന്നാൽ ഇനി ഭാവി ഇല്ലെന്ന തിരിച്ചറിവാണെന്ന് പറയാം. രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം താൻ മോഹിച്ചിരുന്നുവെന്ന് ജയ്സ്വാൾ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ ഈ സ്ഥാനത്ത് രാജസ്ഥാൻ പരിഗണിച്ചത് റിയാൻ പരാഗിനെയാണ്. അതുകൊണ്ടുതന്നെ ഇനി രാജസ്ഥാന്റെ നായകസ്ഥാനത്തേക്കെത്തുക ജയ്സ്വാളിനെ സംബന്ധിച്ച് പ്രയാസമാണ്.
ഇത് തിരിച്ചറിയുന്ന ജയ്സ്വാൾ കൂടുമാറ്റത്തിന് ശ്രമിക്കാൻ സാധ്യതയുണ്ട്. രാജസ്ഥാൻ ജയ്സ്വാളിനെക്കാൾ ഭാവി കാണുന്നത് വെെഭവ് സൂര്യവംശിയിലാണ്. അടുത്ത 10 വർഷത്തേക്കെങ്കിലും ടീമിന്റെ നെടുന്തൂണായി കളിക്കാൻ വെെഭവിന് സാധിച്ചേക്കും. അതുകൊണ്ടുതന്നെ വെെഭവിന് കൂടുതൽ പിന്തുണ രാജസ്ഥാൻ നൽകാനാണ് സാധ്യത കൂടുതൽ.
അതുകൊണ്ടുതന്നെ ജയ്സ്വാളിന് രാജസ്ഥാനിൽ തുടരുന്നത് കരിയറിൽ വലിയ നേട്ടം ഉണ്ടാക്കിക്കൊടുക്കുന്ന കാര്യമല്ലെന്നതാണ് വസ്തുത. മുംബെെ ഇന്ത്യൻസിലേക്ക് ജയ്സ്വാൾ കൂടുമാറുന്നത് പല തരത്തിൽ അദ്ദേഹത്തിന് ഗുണം ചെയ്തേക്കും. മുംബെെ താരമെന്ന നിലയിൽ ജയ്സ്വാളിന്റെ പ്രകടനം കൂടുതൽ ശ്രദ്ധിക്കപ്പെട്ടേക്കും. കൂടാതെ മുംബെെ ഇന്ത്യൻസിലേക്ക് എത്തിയാൽ ഇന്ത്യൻ സെലക്ടർമാരുടെ ശ്രദ്ധ വേഗത്തിൽ നേടിയെടുക്കാനും അദ്ദേഹത്തിന് സാധിക്കും.
Riyan Parag: ഡ്രസിങ് റൂമിലിരുന്ന് പുകവലി, റിയാൻ പരാഗ് വെട്ടിൽ; വിലക്ക് വരുമോ? കടുത്ത നടപടിക്കൊരുങ്ങി ബിസിസി ഐ
മുംബെെയെ ഇത്തരത്തിൽ അധികനാൾ മുന്നോട്ട് കൊണ്ടുപോകാൻ ഹാർദിക്കിന് സാധിച്ചേക്കില്ല. അതുകൊണ്ടുതന്നെ മുംബെെയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്കെത്താനുള്ള അവസരവും ജയ്സ്വാളിന് ലഭിക്കും. ആഭ്യന്തര ക്രിക്കറ്റിൽ മുംബെെ താരമായ ജയ്സ്വാളിനെ ടീമിലേക്കെത്തിക്കാൻ മുംബെെ ടീം മാനേജ്മെന്റും കൂടുതൽ താൽപര്യം കാട്ടിയേക്കും. നിലവിലെ സാഹചര്യത്തിൽ ജയ്സ്വാൾ ഈ സീസണോടെ രാജസ്ഥാൻ വിടുന്നതാണ് നല്ലതെന്ന് പറയാം.
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ടത് തന്നെ യുവതാരങ്ങൾക്കായി വഴിമാറിക്കൊടുക്കാനും ഇനി അവിടെ വലിയ റോളില്ലെന്ന തിരിച്ചറിവിലുമാണ്. ഇത്തരമൊരു തീരുമാനം ജയ്സ്വാളും എടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം കരിയറിൽ മുന്നോട്ട് പോക്ക് പ്രതീക്ഷിച്ചപോലെ ആയേക്കില്ലെന്ന് തന്നെ പറയാം.








English (US) ·