Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam•23 Mar 2026, 12:42 p.m. IST
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണ് വേണ്ടിയുള്ള മുന്നൊരുക്കങ്ങളിലാണ് മുംബെെ ഇന്ത്യന്‍സ്. ഇക്കുറി ശക്തമായ ഒരു ടീമിനെ അണിനിരത്തി കിരീടം പിടിക്കാനാകുമെന്നാണ് മുംബൈയുടെ പ്രതീക്ഷ. ഐപിഎല്ലില്‍ ഏറ്റവുമധികം കിരീടങ്ങള്‍ നേടിയ ടീമുകളിലൊന്നായ മുംബെെ കഴിഞ്ഞ അഞ്ച് സീസണുകളില്‍ കപ്പടിച്ചിട്ടില്ല. ഇക്കുറി മുംബെെയുടെ പ്ലേയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
ഹൈലൈറ്റ്:
- മുംബൈയുടെ റണ്‍വേട്ടക്കാരന്‍ രോഹിത് ശര്‍മയോ?
- പ്ലേയിങ് ഇലവനില്‍ സര്‍പ്രൈസ് മാറ്റങ്ങളുണ്ടാകുമോ?
- കൊല്‍ക്കത്തക്കെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം
മുംബൈ ഇന്ത്യന്‍സ് ടീം(ഫോട്ടോസ്- Getty Images)ക്വിന്‍റണ്‍ ഡി കോക്ക്, വില്‍ ജാക്സ് എന്നിവരായിരിക്കും ആദ്യ ഏഴിലെ മുംബൈ ടീമിന്റെ വിദേശ ബാറ്റര്‍മാരെന്ന് തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആകാശ് ചോപ്ര പറയുന്നു. "പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കും? മുംബൈക്ക് ഒരുപാട് ഓപ്ഷനുകള്‍ ലഭ്യമാണ്. രോഹിത് ശര്‍മ, ക്വിന്‍റണ്‍ ഡി കോക്ക്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വില്‍ ജാക്ക്സ് എന്നിവരായിരിക്കും ആദ്യം കളിക്കുക, നമന്‍ ദിര്‍ ഏഴാമത്തെ പൊസിഷനില്‍ കളിക്കും" - ആകാശ് ചോപ്ര പറഞ്ഞു.
വിദേശ ബോളര്‍മാരില്‍ ട്രെന്റ് ബോള്‍ട്ട്, മിച്ചല്‍ സാന്‍റ്നര്‍ എന്നിവര്‍ക്ക് പകരം കോര്‍ബിന്‍ ബോഷ്, അല്ലാഹ് ഗസന്‍ഫര്‍ എന്നിവരെയാണ് ആകാശ് ചോപ്ര പരിഗണിക്കുന്നത്. "കോര്‍ബിന്‍ ബോഷ് എട്ടാമതും ദീപക് ചഹര്‍ ഒമ്പതാമതും ജസ്പ്രീത് ബുംറ പത്താമതും അല്ലാഹ് ഗസന്‍ഫര്‍ 11ാമതും കളിക്കുമെന്നാണ് എനിക്ക് തോന്നുന്നത്, ഗസന്‍ഫറിന്‍റെ സ്പിന്നും കോര്‍ബിന്‍ ബോഷിന്‍റെ ബോളിങ്ങും ബാറ്റിങ്ങും ടീമിന് ഗുണം ചെയ്യും, മുംബൈ ടീമിന് ആഗ്രഹമുണ്ടാകുമെങ്കിലും ട്രെന്‍റ് ബോള്‍ട്ടിന് ഒരു സ്ഥാനം ഈ ഇലവനില്‍ നല്‍കാന്‍ എനിക്ക് കഴിയുന്നില്ല" - ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള സാധ്യതാ ടീം
മുംബൈ ടീമിന്റെ പ്ലേയങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്ന് മാത്രമല്ല, മികച്ച റണ്‍വേട്ടക്കാരനും വിക്കറ്റ് വേട്ടക്കാരനും ആരൊക്കെയായിരിക്കുമെന്ന കാര്യവും ആകാശ് ചോപ്ര പ്രവചിക്കുന്നുണ്ട്. "ആര് റണ്‍വേട്ടക്കാരനാകുമെന്ന് പ്രവചിക്കുക എളുപ്പമല്ല, എങ്കിലും രോഹിത് ശര്‍മയെന്ന് ഞാന്‍ പറയും, കാരണം രോഹിത് അധികം ക്രിക്കറ്റ് കളിക്കുന്നില്ല, ജനുവരിയിലാണ് അദ്ദേഹം കളിച്ചത്, അത്ര മികച്ച പ്രകടനം നടത്തിയില്ല. അതുകൊണ്ട് തന്നെ റണ്‍സെടുക്കാന്‍ രോഹിതിന് ദാഹമുണ്ടാകും" - ആകാശ് ചോപ്ര പറഞ്ഞു.
"ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരന്‍റെ കാര്യത്തില്‍ ഞാന്‍ ബുംറയെയാണ് തെരഞ്ഞെടുക്കുന്നത്. മുംബൈയുടെ മാത്രം വിക്കറ്റ് വേട്ടക്കാരനല്ല, ഇത്തവണ ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ്പും ബുംറ സ്വന്തമാക്കുമെന്നാണ് എനിക്ക് തോന്നുന്നത്" - ആകാശ് ചോപ്ര വിശദീകരിച്ചു. 167.91 സ്ട്രൈക്ക് റേറ്റില്‍ 717 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവായിരുന്നു കഴിഞ്ഞ സീസണിലെ മുംബൈയുടെ റണ്‍വേട്ടക്കാരന്‍. ഓറഞ്ച് ക്യാപ്പില്‍ സൂര്യ രണ്ടാം സ്ഥാനത്തായിരുന്നു. 16 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകള്‍ നേടിയ ട്രെന്‍റ് ബോള്‍ട്ടായിരുന്നു കഴിഞ്ഞ സീസണില്‍ മുംബൈക്കായി കൂടുതല്‍ വിക്കറ്റുകള്‍ നേടിയത്. 18 വിക്കറ്റുകളുമായി ബുംറ രണ്ടാം സ്ഥാനത്തായിരുന്നു.









English (US) ·