IPL 2026: വരവറിയിച്ച് ആർസിബി, ഹെെദരാബാദിനെ തകർത്ത് ചാമ്പ്യന്മാർ തുടങ്ങി; മിന്നിച്ച് ദേവ്ദത്തും വിരാട് കോഹ്ലിയും

2 months ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam28 Mar 2026, 11:17 p.m. IST

IPL 2026: ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറെെസേഴ്സ് ഹെെദരാബാദിനെ ഒന്നുമല്ലാതാക്കുന്ന വിജയമാണ് ആർസിബി നേടിയെടുത്തത്. 201 എന്ന മികച്ച സ്കോർ ഹെെദരാബാദ് പടുത്തുയർത്തിയെങ്കിലും ആർസിബി അനായാസം വിജയം നേടി

ഹൈലൈറ്റ്:

  • വിരാട് കോഹ്ലി ഫിഫ്റ്റി നേടി പുറത്താവാതെ നിന്നു
  • ജേക്കബ് ഡഫി മൂന്ന് വിക്കറ്റോടെ തിളങ്ങി
  • ദേവ്ദത്ത് പടിക്കലിന്റെ ഫിഫ്റ്റി ആർസിബിക്ക് കരുത്തായി
virat kohli, devdutt padikkalവിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ ആദ്യ മത്സരത്തിൽ ആർസിബിക്ക് തകർപ്പൻ ജയം. നിലവിലെ ചാമ്പ്യന്മാരായ ആർസിബി സൺറെെസേഴ്സ് ഹെെദരാബാദിനെ ആറ് വിക്കറ്റിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹെെദരാബാദ് 9 വിക്കറ്റിന് 201 റൺസെടുത്തപ്പോൾ 15.4 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 203 റൺസോടെ ആർസിബി വിജയം നേടുകയായിരുന്നു. ജേക്കബ് ഡഫിയുടെ മൂന്ന് വിക്കറ്റ് പ്രകടനവും വിരാട് കോഹ്ലിയുടേയും (69*) ദേവ്ദത്ത് പടിക്കലിന്റേയും (61) അർധ സെഞ്ചുറി പ്രകടനങ്ങളുമാണ് ആർസിബിക്ക് തട്ടകത്തിൽ തകർപ്പൻ ജയമൊരുക്കിയത്. ഇത് ആദ്യമായാണ് ഹെെദരാബാദിന്റെ 190ലധികമുള്ള വിജയലക്ഷ്യത്തെ ആർസിബി പിന്തുടർന്ന് ജയിക്കുന്നത് എന്നതാണ് എടുത്തു പറയേണ്ടത്.

2026 ഐപിഎല്ലില്‍ ചെന്നെെയുടെ സാധ്യതകള്‍ എന്തൊക്കെ?


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ സൺറെെസേഴ്സ് ഹെെദരാബാദിന് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. വെടിക്കെട്ട് ഓപ്പണർമാരായ അഭിഷേക് ശർമയും ട്രാവിസ് ഹെഡും നിരാശപ്പെടുത്തിയതോടെ ഹെെദരാബാദിന്റെ ടോപ് ഓഡർ തകർന്നു. അരങ്ങേറ്റക്കാരനായ ജേക്കബ് ഡഫിയുടെ മിന്നും ബൗളിങ്ങാണ് ഹെെദരാബാദ് ടോപ് ഓഡറിനെ വിറപ്പിച്ചത്.

എട്ട് പന്തിൽ ഒരു സിക്സറടക്കം 7 റൺസെടുത്ത അഭിഷേകിനെ പുറത്താക്കി ഡഫി വിക്കറ്റ് വേട്ട തുടങ്ങി. പിന്നാലെ 9 പന്തിൽ 2 ഫോറടക്കം 11 റൺസെടുത്ത ഹെഡ്ഡിനേയും ഡഫി പുറത്താക്കി. നാലാം നമ്പറിൽ നിതീഷ് കുമാർ റെഡ്ഡിയെയാണ് ഹെെദരാബാദ് കളിപ്പിച്ചത്. 6 പന്ത് നേരിട്ട് 1 റൺസെടുത്ത നിതീഷിനേയും ഡഫി പുറത്താക്കി. ഇതോടെ 29 റൺസിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് ഹെെദരാബാദ് തകർന്നു. എന്നാൽ ക്യാപ്റ്റൻ ഇഷാൻ കിഷനും ഹെൻ റിച്ച് ക്ലാസനും ചേർന്ന് നാലാം വിക്കറ്റിൽ 97 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു.
Samayam MalayalamIPL 2026: സിഎസ്കെയ്ക്ക് തിരിച്ചടി, എംഎസ് ധോണി പരിക്കേറ്റ് പുറത്ത്; രണ്ടാഴ്ചത്തെ വിശ്രമം, വിക്കറ്റ് കീപ്പറായി സഞ്ജു കളിക്കും
കൂട്ടുകെട്ട് സെഞ്ചുറിയോട് അടുക്കവെ ക്ലാസനെ റൊമാരിയോ ഷെഫേർഡ് പുറത്താക്കി. 22 പന്തിൽ 2 ഫോറും 1 സിക്സും ഉൾപ്പെടെ 31 റൺസെടുത്ത ക്ലാസനെ ഫിൽ സാൾട്ട് അത്ഭുത ക്യാച്ചിലൂടെയാണ് മടക്കി അയച്ചത്. യുവതാരം സലിൽ അറോറക്ക് മികവ് കാട്ടാനായില്ല. ആറ് പന്തിൽ 1 സിക്സറടക്കം 9 റൺസെടുത്ത സലിലിനെ സുയാഷ് ശർമയാണ് മടക്കിയത്.

ഇഷാൻ കിഷൻ സെഞ്ചുറി നേടുമെന്ന് തോന്നിച്ചാണ് ബാറ്റുവീശിയത്. തല്ലിത്തകർത്ത് മുന്നേറിയ ഇഷാനെ യുവതാരം അഭിനന്ദൻ സിങ് പുറത്താക്കി. 38 പന്തിൽ 8 ഫോറും 5 സിക്സും ഉൾപ്പെടെ 80 റൺസെടുത്ത ഇഷാനെ ബൗണ്ടറി ലെെനിൽ ഡെെവിങ് ക്യാച്ചിലൂടെയാണ് സാൾട്ട് മടക്കിയത്. ഹർഷ് ദുബെ 3 റൺസെടുത്ത് പുറത്തായപ്പോൾ ഹർഷൽ പട്ടേൽ ഡക്കിനും മടങ്ങി. അനികേത് വർമ കാമിയോ കാഴ്ചവെച്ചു.

IPL 2026: സിഎസ്കെ ഇത്തവണ രണ്ട് വട്ടം ആർസിബിയെ നേരിടും, പക്ഷെ മുംബെെയോട് ഒരു തവണ മാത്രം; കാരണമെന്ത്? അറിയാം

18 പന്തിൽ 3 ഫോറും 4 സിക്സും ഉൾപ്പെടെ 43 റൺസെടുത്ത അനികേതിനെ ഷെഫേർഡാണ് പുറത്താക്കിയത്. ഡേവിഡ് പെയ്നും (6) ജയദേവ് ഉനദ്ഘട്ടും (4) പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറിൽ 9ന് 201 എന്ന മികച്ച സ്കോറിലേക്കെത്താൻ ഹെെദരാബാദിനായി. ആർസിബിക്കായി ജേക്കബ് ഡഫി, റൊമാരിയോ ഷെഫേർഡ് എന്നിവർ മൂന്ന് വിക്കറ്റ് പങ്കിട്ടപ്പോൾ സുയാഷ് ശർമ, ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിങ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ആർസിബിയുടെ തുടക്കം മികച്ചതായിരുന്നില്ല. 7 പന്തിൽ 8 റൺസെടുത്ത ഫിൽ സാൾട്ടിനെ ജയദേവ് ഉനദ്ഘട്ട് പുറത്താക്കി. എന്നാൽ പിന്നാലെ എത്തിയ ദേവ്ദത്ത് പടിക്കൽ കത്തിക്കയറി. നേരിട്ട ആദ്യ പന്ത് സിക്സർ പറത്തിയ ദേവ്ദത്ത് 26 പന്തിൽ 7 ഫോറും 4 സിക്സും ഉൾപ്പെടെ 61 റൺസെടുത്താണ് പുറത്തായത്. ഹർഷ് ദുബെയാണ് ദേവ്ദത്തിനെ പുറത്താക്കിയത്.

വിരാട് കോഹ്ലിയെ 28 റൺസിൽ മടക്കാൻ ലഭിച്ച അവസരം ഹെൻ റിച്ച് ക്ലാസൻ നഷ്ടപ്പെടുത്തി. ആർസിബി ക്യാപ്റ്റൻ രജത് പാട്ടീധാർ 12 പന്തിൽ 2 ഫോറും 3 സിക്സും ഉൾപ്പെടെ 31 റൺസ് എടുത്ത് പുറത്തായി. ഡേവിഡ് പെയ്നായിരുന്നു വിക്കറ്റ്. ജിതേഷ് ശർമയെ തൊട്ടടുത്ത പന്തിൽ പെയ്ൻ ഗോൾഡൻ ഡക്കാക്കി. എന്നാൽ കോഹ്ലിയും ടിം ഡേവിഡും ചേർന്ന് കൂടുതൽ അപകടങ്ങളില്ലാതെ ആർസിബിയെ വിജയിപ്പിച്ചു.

വിരാട് കോഹ്ലി 38 പന്തിൽ 5 വീതം സിക്സും ഫോറും ഉൾപ്പെടെ 69 റൺസോടെ പുറത്താവാതെ നിന്നു. ടിം ഡേവിഡ് 10 പന്തിൽ 16 റൺസോടെ ക്രീസിൽ തുടർന്നു. ഓരോ സിക്സും ഫോറുമാണ് ഡേവിഡ് പറത്തിയത്. ഹെെദരാബാദിന്റെ ബൗളർമാർ പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ലെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article