Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•26 Apr 2026, 9:45 p.m. IST
IPL 2026: ചെന്നെെ സൂപ്പർ കിങ്സ് ഈ സീസണിലെ അഞ്ചാം തോൽവിയാണ് നേരിട്ടത്. ഗുജറാത്ത് ടെെറ്റൻസിനോട് സ്വന്തം തട്ടകത്തിൽ സിഎസ്കെ തോറ്റതോടെ വലിയ വിമർശനമാണ് ആരാധകർ ടീമിനെതിരേ ഉയർത്തുന്നത്
ഹൈലൈറ്റ്:
- സഞ്ജു സാംസൺ ജിടിയോട് ഫ്ളോപ്പായി
- റുതുരാജിന്റെ ഫിഫ്റ്റി സിഎസ്കെയെ രക്ഷിച്ചില്ല
- സിഎസ്കെയ്ക്ക് ഇത്തവണ അഞ്ചാം തോൽവി
സഞ്ജു സാംസൺ(ഫോട്ടോസ്- AP)ധോണിയുടെ പരിക്കിൽ വിവരങ്ങളുമായി ചെന്നൈ ബാറ്റിങ് കോച്ച്
സഞ്ജു രണ്ട് സെഞ്ചുറികളും ഒരു 48 റൺസ് പ്രകടനവും നടത്തിയ മത്സരങ്ങളിൽ സിഎസ്കെ ജയിച്ചു. എന്നാൽ സഞ്ജു ഫ്ളോപ്പായ ഒരു മത്സരം പോലും സിഎസ്കെയ്ക്ക് ജയിക്കാൻ സാധിച്ചിട്ടില്ല. ഗുജറാത്തിനെതിരേ സഞ്ജുവിന് കാര്യമായ പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. 15 പന്തിൽ 11 റൺസെടുത്താണ് സഞ്ജു പുറത്തായത്. സഞ്ജു ഫ്ലോപ്പായതോടെ സിഎസ്കെയുടെ സ്കോർ 158ൽ ഒതുങ്ങുകയും ടീം തോൽവി നേരിടുകയും ചെയ്തിരിക്കുകയാണ്.
റുതുരാജ് ഗെയ്ക് വാദ് മാത്രമാണ് സിഎസ്കെ നിരയിൽ തിളങ്ങിയത്. ടീമിന്റെ സാഹചര്യം നോക്കുമ്പോൾ ഭേദപ്പെട്ട പ്രകടനമാണ് റുതുരാജ് നടത്തിയത്. 60 പന്തിൽ 74 റൺസാണ് റുതുരാജ് നേടിയത്. ആറ് ഫോറും നാല് സിക്സും ഉൾപ്പെടെ റുതുരാജ് പുറത്താവാതെ നിന്നു. പക്ഷെ വലിയൊരു ഇംപാക്ട് സൃഷ്ടിക്കാൻ ഈ പ്രകടനംകൊണ്ട് സാധിച്ചില്ലെന്ന് തന്നെ പറയാം.
സിഎസ്കെ സഞ്ജുവിനെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന നിരയായതിൽ വലിയ വിമർശനം ഉയരുകയാണ്. പരിശീലകൻ സ്റ്റീഫൻ ഫ്ളമിങ്ങിനെതിരേയും വിമർശനം ഉയരുകയാണ്. ഗുജറാത്തിനെതിരേ സർഫറാസ് ഖാനെ ഇംപാക്ട് പ്ലയറായി ഇറക്കിയ ഫ്ളമിങ്ങിന്റെ തീരുമാനം പാളുകയായിരുന്നു. ബാറ്റിങ്ങിൽ കരുത്തുപകരാൻ ഫ്ളമിങ് എടുത്ത തീരുമാനം പാളുന്നതാണ് ഗുജറാത്തിനെതിരേ കാണാനായത്.
സിഎസ്കെയുടെ യുവതാരങ്ങളൊന്നും പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഉർവിൽ പട്ടേലിൽ വലിയ പ്രതീക്ഷ ടീമിനും ആരാധകർക്കും ഉണ്ടായിരുന്നെങ്കിലും അതിനൊത്തുയരാൻ ഉർവിലിന് സാധിച്ചില്ല. സർഫറാസ് ഖാൻ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, കാർത്തിക് ശർമ എന്നിവർക്കൊന്നും കാര്യമായ പ്രകടനം നടത്താൻ സാധിച്ചിട്ടില്ലെന്നതാണ് ടീമിനെ പിന്നോട്ടടിക്കുന്നത്.
IPL 2026: ഇവർ കളിക്കുന്നത് ടീമിനെ തോൽപ്പിക്കാനോ? ബാധ്യതയാകുന്ന താരങ്ങൾ ഇവരാണ്; നാല് ക്യാപ്റ്റന്മാരും പട്ടികയിൽ
ഗുജറാത്തിനെതിരേ സഞ്ജു ഫ്ളോപ്പായതോടെ പിന്നാലെ എത്തുന്ന താരങ്ങളെല്ലാം സമ്മർദ്ദത്തിലാകുന്നതും പ്രകടനം മോശമാകുന്നതുമാണ് കാണാനായത്. എല്ലാ മത്സരത്തിലും സഞ്ജുവിന്റെ പ്രകടനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോവുകയെന്നത് ടീമെന്ന നിലയിൽ സിഎസ്കെയ്ക്ക് നാണക്കേടാണെന്ന് തന്നെ പറയാം.
ശുഭ്മാൻ ഗില്ലിനെ മികച്ചൊരു സ്റ്റംപിങ്ങിലൂടെ പുറത്താക്കാൻ സഞ്ജുവിനായി. വെെഡ് പന്തിൽ എംഎസ് ധോണിയെ ഓർമ്മപ്പെടുത്തുന്ന തരത്തിൽ കിടിലൻ സ്റ്റംപിങ്ങിലൂടെ ഗില്ലിനെ സഞ്ജു പുറത്താക്കിയെങ്കിലും സിഎസ്കെയെ ജയിപ്പിക്കാൻ ഇത് മതിയാവുമായിരുന്നില്ല. നിലവിൽ സഞ്ജുവിനെ അമിതമായി ആശ്രയിക്കുന്ന നിരയാണ് സിഎസ്കെയുടേതെന്ന് നിസംശയം പറയാം.








English (US) ·