IPL 2026: സൂപ്പർ താരങ്ങൾ, പക്ഷെ ഐപിഎല്ലിലെ ഈ മോശം റെക്കോഡുകൾ ഇവരുടെ പേരിൽ; പട്ടികയിൽ രോഹിത് ശർമയും

4 days ago 2

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam18 Mar 2026, 3:58 p.m. IST

IPL 2026: ഐപിഎല്ലിന്റെ ഓരോ സീസണും നിരവധി റെക്കോഡുകൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. എന്നാൽ പലപ്പോഴും നാണക്കേടിന്റെ റെക്കോഡുകൾ സൂപ്പർ താരങ്ങൾക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇത് എന്തൊക്കെയാണെന്ന് നോക്കാം

ഹൈലൈറ്റ്:

  • രോഹിത് ശർമയും നാണക്കേടിന്റെ റെക്കോഡിൽ
  • ഐപിഎൽ 2026 മാർച്ച് 28ന് ആരംഭിക്കും
  • ഇത്തവണയും വമ്പൻ റെക്കോ‍ഡുകൾ പ്രതീക്ഷിച്ച് ആരാധകർ
rohit sharma, iplരോഹിത് ശർമ(ഫോട്ടോസ്- ANI)
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026 സീസൺ ആരംഭിക്കാൻ പോവുകയാണ്. ഇത്തവണയും വലിയ പ്രതീക്ഷകളോടെയാണ് 10 ടീമുകളും രംഗത്തിറങ്ങുന്നത്. അവസാന സീസണിൽ കെെവിട്ടുപോയ കിരീടം ഇത്തവണ എന്ത് വിലകൊടുത്തും നേടിയെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ടീമുകളുള്ളത്. വലിയ മാറ്റങ്ങളോടെ പുതിയ സീസണെ വരവേൽക്കാൻ തന്ത്രം മെനയുകയാണ് ടീമുകളെല്ലാം.ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളും പങ്കെടുക്കുന്ന ഐപിഎല്ലിൽ ഇത്തവണ ആരൊക്കെയാവും തിളങ്ങുകയെന്നതാണ് കണ്ടറിയേണ്ടത്. ഐപിഎല്ലിന്റെ ഓരോ സീസണും വലിയ റെക്കോഡുകൾക്ക് കൂടിയാണ് വേദിയാകാറുള്ളത്. ഇത്തവണയും ഇത്തരം ചില റെക്കോഡുകൾ പിറക്കുമെന്നുറപ്പാണ്. എന്നാൽ ലോക ക്രിക്കറ്റിലെ സൂപ്പർ താരങ്ങളെന്ന് വിളിക്കുന്ന പലർക്കും ചില മോശം റെക്കോഡുകൾ ഐപിഎല്ലിൽ നേടേണ്ടതായി വന്നിട്ടുണ്ട്.

ആറാം കിരീടം ലക്ഷ്യം; രോഹിത് ശർമയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നു


ഇത്തരത്തിൽ ക്രിക്കറ്റിലെ വമ്പന്മാരുടെ പേരിലുള്ള ചില ഐപിഎൽ റെക്കോഡുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ടി20 ക്രിക്കറ്റിലെ വെടിക്കെട്ട് താരങ്ങളിലൊരാളാണ് ഗ്ലെൻ മാക്സ് വെൽ. തല്ലിത്തകർക്കുന്ന മാക്സ് വെൽ ഫോമിലേക്കെത്തിയാൽ എതിർ ബൗളർമാരുടെ കഥ കഴിയുമെന്നുറപ്പാണ്. എന്നാൽ ഐപിഎല്ലിലെ കൂടുതൽ‌ ഡക്ക് എന്ന റെക്കോഡ് മാക്സ് വെല്ലിന്റെ പേരിലാണ്.

19 തവണയാണ് മാക്സ് വെൽ ഡക്കിന് പുറത്തായത്. 135 ഇന്നിങ്സിൽ നിന്നാണ് മാക്സ് വെല്ലിന് ഇത്തരമൊരു നാണക്കേട് നേരിടേണ്ടി വന്നത്. 2024 സീസണിൽ മാത്രം നാല് തവണ താരം ഡക്കായി. പഞ്ചാബ് കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമുകളുടെ ഭാഗമായിരുന്ന മാക്സ് വെൽ ഇത്തവണത്തെ ഐപിഎല്ലിൽ പങ്കെടുക്കുന്നില്ല.
Samayam Malayalam​ഗൗതം ​ഗംഭീറല്ല, എന്നെ ക്യാപ്റ്റനാക്കാൻ തീരുമാനിച്ചത് ആ 4 പേർ; ടി20 ലോകകപ്പിന് പിന്നാലെ വെളിപ്പെടുത്തലുമായി സൂര്യകുമാർ യാദവ്
നിലവിലെ സൂപ്പർ പേസർമാരിലൊരാളാണ് ജോഫ്രാ ആർച്ചർ . ഇംഗ്ലണ്ടിന്റെ സ്റ്റാർ പേസർ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനൊപ്പമാണ്. അതിവേഗ പേസുകൊണ്ട് എതിരാളികളെ വിറപ്പിക്കുന്ന ആർച്ചറുടെ പേരിലും ഒരു നാണക്കേടിന്റെ റെക്കോഡുണ്ട്. ഐപിഎല്ലിലെ ഏറ്റവും മോശം ബൗളിങ് പ്രകടനങ്ങളിലൊന്ന് ആർച്ചറുടേതാണ്. സൺറെെസേഴ്സ് ഹെെദരാബാദിനെതിരേ നാല് ഓവറിൽ 76 റൺസാണ് ആർച്ചർ വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും നേടാൻ ആർച്ചർക്ക് നേടാൻ സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്.

ഐപിഎല്ലിൽ വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ് നേടിയിട്ടുള്ള താരമാണ് ഹർഷൽ പട്ടേൽ. ആർസിബിക്കൊപ്പം മികവ് കാട്ടിയിട്ടുള്ള ഹർഷലിന്റെ പേരിൽ ഒരു നാണംകെട്ട റെക്കോഡുണ്ട്. ഐപിഎല്ലിൽ ഒരോവറിൽ കൂടുതൽ റൺസ് വഴങ്ങിയ താരമെന്ന റെക്കോഡ് ഹർഷലിന്റെ പേരിലാണ്.
IPL 2026: ഐപിഎൽ പടിവാതുക്കൽ, പരിക്കിൽ വലഞ്ഞ് ടീമുകൾ; കൂടുതൽ തിരിച്ചടി ആർക്ക്? തലപുകച്ച് ഈ മൂന്ന് ടീമുകൾ
സിഎസ്കെയ്ക്കെതിരേ ആർസിബിക്കായി കളിക്കുമ്പോൾ ഒരോവറിൽ 37 റൺസാണ് ഹർഷൽ പട്ടേൽ വിട്ടുകൊടുത്തത്. 20ാം ഓവർ എറിയാനെത്തിയ താരം അഞ്ച് സിക്സുകളും ഒരു ഫോറും വഴങ്ങി. ഓവറിലെ മൂന്നാം പന്ത് നോബോളായിരുന്നു. ഫ്രീഹിറ്റ് സിക്സാക്കുകയും ചെയ്തു. രവീന്ദ്ര ജഡേജയാണ് ഹർഷലിനെ പഞ്ഞിക്കിട്ട ആ ബാറ്റ്സ്മാൻ.

ടി20 ക്രിക്കറ്റിലേക്ക് വരുമ്പോൾ എടുത്തു പറയാവുന്ന പേരുകളിലൊന്നാണ് റാഷിദ് ഖാന്റേത്. എതിരാളികളുടെ തന്ത്രങ്ങളെ കറക്കിവീഴ്ത്തുന്ന റാഷിദിന്റെ ബൗളിങ് മികവ് വലിയ ശ്രദ്ധ നേടിയതാണ്. ഐപിഎല്ലിൽ സൺറെെസേഴ്സ് ഹെെദരാബാദിന്റെ താരമായിരുന്ന റാഷിദ് ഇപ്പോൾ ഗുജറാത്ത് ടെെറ്റൻസിനൊപ്പമാണ്.

മികച്ച റെക്കോഡുകൾ ഐപിഎല്ലിലുള്ള താരമാണ് റാഷിദ് ഖാനെങ്കിലും ഒരു ഐപിഎൽ സീസണിൽ കൂടുതൽ സിക്സർ വഴങ്ങുന്ന ബൗളർ എന്ന നാണക്കേടും റാഷിദിന്റെ പേരിലാണ്. 2025 സീസണിൽ 33 സിക്സുകളാണ് റാഷിദ് വഴങ്ങിയത്. 15 ഇന്നിങ്സിൽ നിന്ന് 9.34 ഇക്കോണമിയിൽ 514 റൺസാണ് റാഷിദ് വഴങ്ങിയത്. നേടിയത് വെറും 9 വിക്കറ്റുമാണ്.

മുംബെെ ഇന്ത്യൻസിന്റെ സൂപ്പർ താരവും അഞ്ച് തവണ കിരീടം നേടിയ ക്യാപ്റ്റനുമായ രോഹിത് ശർമയും ഒരു നാണംകെട്ട റെക്കോഡിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടുതൽ തവണ ഒറ്റ സംഖ്യയിൽ പുറത്തായ ബാറ്റ്സ്മാൻ എന്ന ചീത്തപ്പേര് രോഹിത്തിനൊപ്പമാണ്. 83 തവണയാണ് ഹിറ്റ്മാന് ഈ ദുർവിധി നേരിടേണ്ടി വന്നിട്ടുള്ളത്. പല വമ്പൻ റെക്കോഡിനൊപ്പവും ഈയൊരു നാണക്കേടിൽ രോഹിത്തിന് തന്റെ പേര് ചേർക്കേണ്ടി വന്നു എന്നതാണ് നിർഭാഗ്യകരമായ കാര്യം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article