Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam•19 Mar 2026, 5:48 p.m. IST
2026 ഐപിഎല്ലിന് മുമ്പ് പല ടീമുകളെയും പരിക്ക് വലക്കുകയാണ്. ടി20 ലോകകപ്പിനിയുടെ പരിക്കേറ്റ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ഹർഷിത് റാണ ഐപിഎല്ലിൽ നിന്ന് പുറത്തായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഹർഷിത് കളിച്ചില്ലെങ്കിൽ പകരക്കാരനായി താരത്തെ ടീമിലെടുക്കാൻ കൊൽക്കത്ത നിർബന്ധിതരാകും. നിലവിൽ മൂന്നു താരങ്ങളെ കെകെആര്‍ നോട്ടമിട്ടതായാണ് സൂചന.
ഹൈലൈറ്റ്:
- കൊൽക്കത്ത നോട്ടമിട്ടവരിൽ രണ്ട് മലയാളി താരങ്ങളും
- ചെന്നൈ താരങ്ങളായിരുന്ന സിമര്‍ജീത് സിങ്ങും കെഎം ആസിഫും പട്ടികയില്‍
- മലയാളി സീനിയര്‍ താരം സന്ദീപ് വാര്യരും ട്രയല്‍സില്‍ പങ്കെടുത്തു
കെകെആറിനായി വിക്കറ്റ് ആഘോഷിക്കുന്ന ഹര്‍ഷിത് റാണ(ഫോട്ടോസ്- Getty Images)ചെന്നൈ, സണ്‍റൈസേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ച സിമർജീത് സിങ് 14 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഉയരക്കാരനും 140 കിലോമീറ്ററിലധികം വേഗതയിൽ എറിയാൻ കഴിവുള്ള താരവുമായ സിമർജീത് 2022, 2024 സീസണുകളിലായി ചെന്നൈക്ക് വേണ്ടി 10 മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. എന്നാൽ സൺറൈസേഴ്സിന് വേണ്ടി കഴിഞ്ഞ സീസണിൽ താരം നിരാശപ്പെടുത്തി. നാലു മത്സരങ്ങളിൽ നിന്ന് രണ്ടു വിക്കറ്റുകൾ മാത്രമാണ് സിമര്‍ജീത് സ്വന്താമക്കിയത്.
ചെന്നൈയുടെ കരുത്തായി സഞ്ജു - റുതുരാജ് സഖ്യം; ഇത്തവണ കപ്പ് ഉറപ്പിക്കാമോ?
കഴിഞ്ഞ ദിവസം കെഎം ആസിഫിനെയും സന്ദീപ് വാര്യരെയും കൊൽക്കത്ത ഈഡൻ ഗാർഡൻസിലേക്ക് ട്രയൽസിന് ക്ഷണിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. സിമർജീത് മുംബൈയിൽ വെച്ചാണ് കെകെആറിന്റെ ട്രയൽസിൽ പങ്കെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്ക്കെതിരെ 24ന് 5 എന്ന കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടിയ താരമാണ് കെഎം ആസിഫ്. 2018-ല്‍ ചെന്നൈ ടീമിന് വേണ്ടി ഐപിഎൽ അരങ്ങേറ്റം കുറിച്ച് ആസിഫ് അധികം മത്സരങ്ങളിൽ കളിച്ചിരുന്നില്ല. 2023-ല്‍ രാജസ്ഥാന് വേണ്ടിയാണ് അവസാനമായി കെഎം ആസിഫ് കളിച്ചത്. ആകെ ഏഴു ഐപിഎല്‍ മത്സരങ്ങളിൽ നിന്ന് ഏഴു വിക്കറ്റുകളാണ് ആസിഫിന്റെ സമ്പാദ്യം.
34-കാരനായ സന്ദീപ് വാര്യർ 2019-ല്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് ഐപിഎല്ലില്‍ അരങ്ങേറിയത്. മൂന്ന് സീസണുകളിൽ കൊൽക്കത്തയുടെ ഭാഗമായിരുന്ന സന്ദീപ് ഒരു സീസണിൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പമായിരുന്നു. 10 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റുകളാണ് സന്ദീപ് വാര്യർ വീഴ്ത്തിയിട്ടുള്ളത്. ഹർഷിത് പരിക്കില്‍ നിന്ന് മുക്തനാകാതെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കുകയാണെങ്കിൽ പകരക്കാരനായി ഇവരിൽ ആര് കൊൽക്കത്ത ടീമിനൊപ്പം ചേരുമെന്ന് കാത്തിരുന്നു കാണാം.








English (US) ·