Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•10 May 2026, 4:38 p.m. IST
IPL 2026: നായകനെന്ന നിലയിൽ രാജസ്ഥാനൊപ്പം കസറിയിട്ടുള്ള താരമാണ് സഞ്ജു സാംസൺ. ടീമിനെ ഫെെനലിലടക്കം കളിപ്പിക്കാൻ സഞ്ജുവിന് സാധിച്ചു. എന്നാൽ സിഎസ്കെയിൽ സഞ്ജു താരം മാത്രമാണ്
ഹൈലൈറ്റ്:
- സഞ്ജു സാംസൺ മികച്ച ഫോമിൽ
- സിഎസ്കെയ്ക്കൊപ്പം സഞ്ജു രണ്ട് സെഞ്ചുറി നേടി
- സിഎസ്കെ നായകസ്ഥാനം സഞ്ജുവിന് കിട്ടുമോ
സഞ്ജു സാംസൺ(ഫോട്ടോസ്- ANI)ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ശ്രേയസിന് വെല്ലുവിളിയായി സഞ്ജു
ഇപ്പോഴിതാ സിഎസ്കെയുടെ നായകസ്ഥാനം മോഹിച്ചിരുന്നോ എന്നതിനെപ്പറ്റി സഞ്ജു സാംസൺ തുറന്ന് പറഞ്ഞിരിക്കുകയാണ്. 'ഇതുവരെ സിഎസ്കെയുടെ നായകസ്ഥാനത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എനിക്ക് നേരത്തെ ഒരു ടീമുണ്ടായിരുന്നു. അവിടെ നിന്നാണ് മറ്റൊരു ടീമിലേക്ക് എത്തിയത്. അത്തരമൊരു മാറ്റത്തിൽ എനിക്ക് നിബന്ധനകൾ വെക്കാൻ സാധിക്കില്ല. സത്യസന്ധമായി പറഞ്ഞാൽ ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറുമ്പോൾ അത്തരം നിബന്ധനകൾവെച്ച് മുന്നോട്ട് പോകാനാവില്ല.
അതാണ് ഞാൻ പഠിച്ചത്. നിങ്ങൾ അവിടേക്ക് ചെന്ന് നിങ്ങളുടെ മൂല്യമെന്താണെന്ന് കാട്ടിക്കൊടുക്കുക. ഏറ്റവും മികച്ച പ്രകടനത്തോടെ നിങ്ങൾ ആരാണെന്ന് കാട്ടിക്കൊടുക്കുക. നിരവധി മലയാളികൾ ചെന്നെെയിൽ ജോലി ചെയ്യുന്നുണ്ട്. മലയാളികളെ എല്ലാവരും പരിഗണിക്കാൻ കാരണം വിശ്വാസത്തിന് പകരം ജീവൻ കൊടുക്കാൻ അവർ തയ്യാറാകുന്നതുകൊണ്ടാണ്. സിഎസ്കെ എന്നെ വിശ്വസിച്ച് ഇങ്ങോട്ട് വിളിച്ചതാണ്. അതുകൊണ്ടുതന്നെ എന്റെ എല്ലാം നൽകാൻ ഞാൻ തയ്യാറാണ്' സഞ്ജു സാംസൺ സിഎസ്കെ പോഡ്കാസ്റ്റിൽ സംസാരിക്കവെ പറഞ്ഞു.
എംഎസ് ധോണി നയിച്ചുകൊണ്ടിരുന്ന സിഎസ്കെയെ ഇപ്പോൾ നയിക്കുന്നത് റുതുരാജ് ഗെയ്ക് വാദാണ്. ക്യാപ്റ്റനെന്ന നിലയിൽ ഭേദപ്പെട്ട് നിൽക്കുന്നുണ്ടെങ്കിലും അഞ്ച് തവണ കിരീടം നേടിയ സിഎസ്കെയെ പഴയ നിലവാരത്തിലേക്കുയർത്താൻ റുതുരാജിന് സാധിച്ചിട്ടില്ല. സഞ്ജു സിഎസ്കെയുടെ നായകനാവണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്. എന്നാൽ റുതുരാജ് ബെസ്റ്റാണെന്നാണ് സഞ്ജു പറയുന്നത്.
'റുതുരാജ് മികച്ചൊരു താരമാണ്. വ്യതസ്തനായൊരു ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർസ്റ്റാറാണവൻ. ഏറ്റവും വലിയ ഫ്രാഞ്ചെെസികളിലൊന്നിനെയാണ് അവൻ നയിക്കുന്നത്. എന്നാൽ സാധാരണ സൂപ്പർ താരങ്ങളെപ്പോലെയല്ല അവൻ പെരുമാറുന്നത്. അധികം ശബ്ദമുണ്ടാക്കുകയോ വലിയ ആത്മവിശ്വാസം ഉള്ള താരത്തെപ്പോലെ പെരുമാറുകയോ ചെയ്യില്ല. എന്നാൽ ഏറ്റവും ആത്മവിശ്വാസമുള്ള ക്രിക്കറ്റ് താരങ്ങളിലൊരാളായാണ് അവനെ തോന്നിയിട്ടുള്ളത്. ഒരു വർഷം മാത്രമാണ് അവൻ സിഎസ്കെയെ നയിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ടി20 നായകസ്ഥാനം, സഞ്ജുവിന് അനുകൂലമായി 7 കാര്യങ്ങൾ, ശ്രേയസിന്റെ വില്ലനാകുന്നത് ഗൗതം ഗംഭീർ? തെളിവുകൾ ഇതാ
മറ്റൊരു ടീമിനെ അഞ്ച് വർഷം നയിച്ചവനാണ് ഞാൻ. എന്നെ പെട്ടെന്നാണ് അവന്റെ ടീമിലേക്ക് ക്ഷണിച്ചത്. ഇത്തരമൊരു നീക്കം നടത്താൻ വലിയ ആത്മവിശ്വാസമുള്ള താരമാണവൻ. ഇത്തരം നീക്കങ്ങളാണ് എന്നെ ആകർഷിക്കുന്നത്. ഇന്നത്തെ കാലത്ത് ആളുകൾ അത് ചെയ്യും ഇത് ചെയ്യും എന്നെല്ലാം പറയുന്നതാണ് കൂടുതൽ. എന്നാൽ ഇത്തരം സംസാരങ്ങളെക്കാൾ പ്രവർത്തനങ്ങളാണ് കൂടുതൽ വിലയിരുത്തപ്പെടുന്നത്' സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.
സഞ്ജു സാംസൺ സിഎസ്കെയുടെ നായകസ്ഥാനത്തേക്കെത്താൻ കഴിവുള്ള താരങ്ങളിലൊരാളാണ്. റുതുരാജിന് കീഴിൽ ഈ സീസണിലും സിഎസ്കെയ്ക്ക് പ്ലേ ഓഫിലേക്കെത്താനായില്ലെങ്കിൽ ചിലപ്പോൾ സിഎസ്കെ ടീം മാനേജ്മെന്റ് സഞ്ജുവിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവന്നേക്കും. എംഎസ് ധോണിയുടെ പിന്തുണയും സഞ്ജുവിനാണുള്ളത്. ധോണിയുടെ ഇടപെടലാണ് സഞ്ജുവിനെ സിഎസ്കെയിലേക്ക് കൊണ്ടുവന്നതെന്ന് തന്നെ പറയാം.
എന്തായാലും സഞ്ജുവിന്റെ നായക മികവ് പരമാവധി ഉപയോഗപ്പെടുത്താൻ സിഎസ്കെയ്ക്ക് സാധിക്കണം. സഞ്ജുവിന്റെ വരവ് സിഎസ്കെയുടെ ആരാധക പിന്തുണ വീണ്ടും ഉയർത്തിയിട്ടുണ്ട്. സഞ്ജുവിനെ നായകനായി പിന്തുണച്ച് മുന്നോട്ട് പോകുന്നതാണ് സിഎസ്കെയ്ക്ക് കൂടുതൽ ഗുണം ചെയ്യുകയെന്ന് തന്നെ പറയാം.








English (US) ·