Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•24 Apr 2026, 8:16 americium IST
Sanju Samson IPL 2026: സഞ്ജു സാംസൺ സിഎസ്കെയിൽ കളിച്ച ആദ്യ മൂന്ന് മത്സരത്തിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ പിന്നീടുള്ള നാല് മത്സരത്തിൽ സഞ്ജുവിന്റെ അത്ഭുത തിരിച്ചുവരവാണ് കണ്ടത്
ഹൈലൈറ്റ്:
- സിഎസ്കെ അഞ്ചാം സ്ഥാനത്ത്
- സഞ്ജു മിന്നും ഫോം തുടരുന്നു
- മുംബെെയെ തകർത്ത് സിഎസ്കെ
സഞ്ജു സാംസൺ(ഫോട്ടോസ്- ANI)വൈഭവ് കാത്തിരിക്കേണ്ടി വരും; റെക്കോഡുകൾ കടപുഴക്കി അഭിഷേക് ശർമയുടെ സെഞ്ച്വറി
സിഎസ്കെ ഇത്തവണ ജയിച്ച മൂന്ന് മത്സരത്തിലും സഞ്ജു തിളങ്ങിയിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. സഞ്ജു ഫ്ളോപ്പായ മത്സരങ്ങളിലെല്ലാം സിഎസ്കെ തോൽക്കുകയും ചെയ്തു. സിഎസ്കെയിൽ എംഎസ് ധോണിയെപ്പോലും ഇത്രത്തോളം ടീം ആശ്രയിച്ചിട്ടില്ലെന്ന് പറയാം. സഞ്ജുവിന്റെ ബാറ്റിങ്ങിനെയാണ് ഇപ്പോൾ സിഎസ്കെ പൂർണ്ണമായും ആശ്രയിക്കുന്നതെന്ന് പറയാം.
സിഎസ്കെ ഈ സീസണിൽ ആദ്യ ജയം നേടിയത് ഡൽഹി ക്യാപിറ്റൽസിനെതിരേയാണ്. 23 റൺസിനായിരുന്നു സിഎസ്കെയുടെ ജയം. ഈ മത്സരത്തിൽ സെഞ്ചുറിയോടെ സഞ്ജു തിളങ്ങി. 56 പന്തിൽ 115 റൺസോടെ സഞ്ജു പുറത്താവാതെ നിന്നു. 15 ഫോറും നാല് സിക്സുമാണ് സഞ്ജു പറത്തിയത്. ഈ പ്രകടനത്തിന്റെ കരുത്തിലാണ് സിഎസ്കെ ഡൽഹിയെ വീഴ്ത്തിയത്.
രണ്ടാം ജയം നേടുന്നത് കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെതിരേയാണ്. 32 റൺസിനായിരുന്നു സിഎസ്കെയുടെ ജയം. ഈ മത്സരത്തിൽ 32 പന്തിൽ 48 റൺസുമായി സിഎസ്കെയുടെ ടോപ് സ്കോറർ സഞ്ജുവായിരുന്നു. നാല് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 150 സ്ട്രെെക്ക് റേറ്റിലാണ് സഞ്ജു കളിച്ചത്. ഈ മത്സരത്തിലും സിഎസ്കെയുടെ ജയത്തിൽ നിർണ്ണായകമായത് സഞ്ജുവാണ്.
ഇപ്പോൾ മുംബെെ ഇന്ത്യൻസിനെ 103 റൺസിന് സിഎസ്കെ തോൽപ്പിച്ചപ്പോഴും കരുത്തുകാട്ടുന്നത് സഞ്ജുവാണ്. 54 പന്തിൽ 101 റൺസോടെയാണ് സഞ്ജു പുറത്താവാതെ നിന്നത്. 10 ഫോറും ആറ് സിക്സുമാണ് സഞ്ജു നേടിയത്. സഞ്ജു ഫോമിലേക്കെത്തിയാൽ സിഎസ്കെ ജയിക്കുമെന്നതാണ് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. സിഎസ്കെയുടെ ബാറ്റിങ് നിരയിൽ സഞ്ജു സാംസണാണ് ഏറ്റവും വിശ്വസ്തനെന്ന് തന്നെ പറയാം.
IPL 2026: ഒറ്റക്ക് പൊരുതുന്ന സഞ്ജു, റുതുരാജും ദുബെയും വീണ്ടും ഫ്ളോപ്പ്; ഏഴ് മത്സരത്തിലും മികവില്ല, നിരാശപ്പെടുത്തി ഈ കണക്ക്
സിഎസ്കെയ്ക്കായി വെറും ഏഴ് ഇന്നിങ്സിൽ നിന്ന് രണ്ട് സെഞ്ചുറികൾ നേടാൻ സഞ്ജുവിന് സാധിച്ചു. എംഎസ് ധോണിക്ക് ഇതുവരെ ഐപിഎല്ലിൽ സെഞ്ചുറി നേടാൻ സാധിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. സിഎസ്കെയ്ക്കൊപ്പമുള്ള അരങ്ങേറ്റ സീസണിൽത്തന്നെ സഞ്ജു തന്റെ കരുത്ത് കാട്ടിയിരിക്കുകയാണ്. ധോണി ഈ സീസണിൽ ഇനി തിരിച്ചെത്തുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
അതുകൊണ്ടുതന്നെ വരുന്ന മത്സരങ്ങളിലും സഞ്ജുവിന്റെ ബാറ്റിങ്ങിലേക്ക് തന്നെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. വെെകാതെ തന്നെ സിഎസ്കെയുടെ നായകസ്ഥാനത്തേക്കും സഞ്ജു എത്താൻ സാധ്യത കൂടുതലാണ്. എന്തായാലും സിഎസ്കെയിൽ ഇപ്പോൾ സർവ്വം സഞ്ജുവാണെന്ന് പറഞ്ഞാലും അത് തെറ്റാകില്ല. അത്രത്തോളം മികച്ച പ്രകടനമാണ് ഇപ്പോൾ മലയാളി താരം കാഴ്ചവെക്കുന്നത്.








English (US) ·