സഞ്ജുവിന്റെ രാജസ്ഥാനിൽ നിന്നുള്ള കൂടുമാറ്റവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ശരിയായ കാരണം സഞ്ജു തുറന്ന് പറഞ്ഞിരിക്കുകയാണ്. ജിയോ സ്റ്റാറിലെ സൂപ്പർസ്റ്റാർ പരിപാടിയിൽ സംസാരിക്കവെയാണ് സഞ്ജു ഇത് സംബന്ധിച്ച് മനസ് തുറന്നിരിക്കുന്നത്.
മറഡോണയുടെ 'ദൈവത്തിൻ്റെ കൈയും' ഫോക്‌ലാൻ്റും; വീണ്ടുമൊരു അർജൻ്റീന - ഇംഗ്ലണ്ട് പോരാട്ടം.
'രാജസ്ഥാൻ വിടുകയെന്നത് എന്നെ സംബന്ധിച്ച് വലിയ തീരുമാനമായിരുന്നു. ഒരു ടീമിനായി കുറേ വർഷം കളിക്കുമ്പോൾ അത് നമ്മുടെ ടീമാണെന്നും നമ്മളെ ആരും പുറത്താക്കില്ലെന്നും തോന്നും. എന്നാൽ ഏതൊരാൾക്കും ഒരു സ്ഥാനത്ത് കുറഞ്ഞ സമയം മാത്രമാണുള്ളതെന്ന് ബോധ്യം ഇപ്പോഴുണ്ട്. ഒരു സമയമായപ്പോൾ രാജസ്ഥാൻ വിടണമെന്ന് എനിക്ക് തോന്നി.
രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണില്ലാതെ കളിക്കാൻ തയ്യാറാണെന്ന നിലയിലേക്ക് എത്തിയെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഇത്തരമൊരു തീരുമാനം എടുത്തത്.' സഞ്ജു സാംസൺ പറഞ്ഞു. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ ശേഷം സിഎസ്കെയിലേക്കെത്താനുള്ള കാരണവും സഞ്ജു വെളിപ്പെടുത്തി.
'രാജസ്ഥാൻ വിട്ടപ്പോൾ രണ്ടോ മൂന്ന് ടീമുകൾ കൂടുമാറ്റത്തിനായി മുന്നിലുണ്ടായിരുന്നു. എന്നാൽ സത്യസന്ധമായി പറഞ്ഞാൽ സിഎസ്കെയിലേക്കെത്തിയത് മഹി ഭായിയുടെ സ്വാധീനംകൊണ്ടാണ്. കൂടാതെ എന്റെ സുഹൃത്തുക്കൾ സിഎസ്കെയിലുണ്ട്. പ്രത്യേകിച്ച് റുതുരാജ്.
അവനുമായി വളരെ മികച്ച ബന്ധമാണ് എനിക്കുള്ളത്. മറ്റ് താരങ്ങളിൽ നിന്നുള്ള കേട്ടറിവിൽ നിന്ന് സിഎസ്കെ എന്റെ ശെെലിക്കും രീതികൾക്കും ചേർന്ന ടീമാണെന്ന് എനിക്ക് തോന്നിയിരുന്നു. അതുകൊണ്ടുതന്നെ അങ്ങോട്ട് പോയാൽ അത് നന്നാവുമെന്ന് കരുതി. എന്നാൽ ഞാൻ ആഗ്രഹിച്ച പോലെ തന്നെ കാര്യങ്ങൾ നടക്കണമെന്നില്ല.
ഞാൻ അങ്ങോട്ട് പോകണമെന്ന് ആഗ്രഹിച്ചാലും അവർക്ക് എന്നെ വേണമെന്ന് തോന്നിയാലല്ലേ മാറ്റം നടക്കൂ. ഭാഗ്യവശാൽ ചർച്ചകൾ ഫലം കാണുകയും സിഎസ്കെയിലേക്കെത്തുകയും ചെയ്തു' സഞ്ജു സാംസൺ പറഞ്ഞു. അവസാന സീസണിൽ സിഎസ്കെയ്ക്കായി അരങ്ങേറിയ സഞ്ജു രണ്ട് സെഞ്ചുറികൾ ഉൾപ്പെടെ നേടിയാണ് കസറിയത്. സ്ഥിരത കാട്ടാനായില്ലെങ്കിലും സഞ്ജുവിന്റെ പ്രകടനം കെെയടി നേടി.
ഇനി എംഎസ് ധോണി സിഎസ്കെയ്ക്കായി കളിക്കാനില്ലാത്തതിനാൽ ടീമിന്റെ അടുത്ത പ്രധാന താരമായി സഞ്ജു സാംസൺ മാറുമെന്നുറപ്പാണ്. റുതുരാജ് ഗെയ്ക് വാദിന് കീഴിൽ കാര്യമായ മുന്നേറ്റം നടത്താൻ സിഎസ്കെയ്ക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ സഞ്ജു സാംസണെ നായകസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതകൾ കൂടുതലാണ്.
സഞ്ജു സാംസൺ നിലവിൽ ഇന്ത്യൻ ടീമിന് പുറത്താണ്. സിംബാബ് വെക്കെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണ് വിശ്രമം നൽകിയിരിക്കുകയാണ്. ഏഷ്യൻ ഗെയിംസിൽ സഞ്ജു ഇന്ത്യക്കായി കളിക്കും. ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ സഞ്ജുവിന് ഇപ്പോൾ വലിയ ആരാധക പിന്തുണയാണുള്ളത്. സിഎസ്കെയ്ക്കായി വരുന്ന സീസണിൽ കിടിലൻ പ്രകടനം നടത്താനും സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്.






English (US) ·