ചെന്നെെ സൂപ്പർ കിങ്സിലേക്ക് ഹാർദിക് പോകുമെന്നും പകരം സഞ്ജു സാംസൺ മുംബെെ ഇന്ത്യൻസിലേക്ക് വരുമെന്നുമുള്ള റിപ്പോർട്ട് വളരെ സജീവമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരമൊരു റിപ്പോർട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഔദ്യോഗികമായി ഇത് സംബന്ധിച്ചുള്ള യാതൊരു വിവരവും പുറത്തുവന്നിട്ടില്ല. പക്ഷെ ഇത്തരമൊരു കൂടുമാറ്റ സാധ്യത ആരാധകർ ഉയർത്തിക്കാട്ടുന്നുണ്ട്.
സഞ്ജു ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാകുന്നില്ല; ഈ നീക്കം നേട്ടമാകുന്നത് ആർക്ക്?
സിഎസ്കെ ഹാർദിക് പാണ്ഡ്യക്കായി സഞ്ജു സാംസണെ കെെവിടാൻ തയ്യാറാകുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സിഎസ്കെ വ്യത്യസ്തമായി ചിന്തിക്കുന്ന ടീമാണ്. സഞ്ജുവിനെ ഒറ്റ സീസൺകൊണ്ട് കെെവിടാനുള്ള സാധ്യതകളുണ്ടെന്നും ഹാർദിക്കിനായി ചിലപ്പോൾ അത് ചെയ്തേക്കുമെന്നുമെല്ലാം പല ആരാധകരും പ്രതികരിക്കുന്നുണ്ട്.
എന്നാൽ എംഎസ് ധോണിയാണ് സഞ്ജു സാംസണെ തന്റെ പിൻഗാമിയായി സിഎസ്കെയിലേക്ക് കൊണ്ടുവന്നത്. വരുന്ന സീസണിൽ ധോണി സിഎസ്കെയുടെ മെന്ററാവുമെന്നും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ സഞ്ജുവിന്റെ കൂടുമാറ്റ സാധ്യത വളരെ വിരളമാണെന്നതാണ് വസ്തുത. അവസാന സീസണിലൂടെ സിഎസ്കെയിലേക്കെത്തിയ സഞ്ജു രണ്ട് കിടിലൻ സെഞ്ചുറിയും സ്വന്തമാക്കിയിരുന്നു.
അവസാന സീസണിൽ സിഎസ്കെയ്ക്ക് എടുത്തു പറയാനുണ്ടായിരുന്നത് സഞ്ജുവിന്റെ പ്രകടനം മാത്രമാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെ കെെവിടാൻ സിഎസ്കെ തയ്യാറായേക്കില്ല. എന്നാൽ ഹാർദിക്കിനെ ടീമിലെത്തിക്കാൻ സിഎസ്കെയ്ക്ക് താൽപര്യമുണ്ടെന്നത് മറ്റൊരു വസ്തുതയാണ്. ആദ്യ ഘട്ടത്തിൽ ഹാർദിക്കിനായി മുംബെെയുമായി സിഎസ്കെ ചർച്ച നടത്തിയിരുന്നു.
ഹാർദിക് പാണ്ഡ്യയെ നൽകാൻ സിഎസ്കെയുടെ ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ്, ആയുഷ് മാത്രെ തുടങ്ങിയ പല താരങ്ങളേയും മുംബെെ ചോദിച്ചതോടെ ഈ കരാർ നടക്കാതെ പോവുകയായിരുന്നു. എന്നാൽ ഇപ്പോൾ ഹാർദിക്കിനെ മുംബെെ ഒഴിവാക്കുമെന്ന റിപ്പോർട്ടുകൾ സജീവമായതോടെ വീണ്ടും സിഎസ്കെയുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ ഉയർന്ന് വരികയായിരുന്നു.
മുംബെെ ഇന്ത്യൻസിന് സഞ്ജു സാംസണെ ടീമിലേക്കെത്തിക്കാൻ താൽപര്യമുണ്ടെന്നത് വസ്തുതയാണ്. ഇതിന്റെ തെളിവായി 2018ലെ ലേലത്തിലെ സംഭവമാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. രാജസ്ഥാൻ റോയൽസുമായി അന്ന് ഏറെ നേരം സഞ്ജുവിനായി മുംബെെ ലേലത്തിൽ പൊരുതിയെങ്കിലും അവസാനം കെെവിടുകയായിരുന്നു. പിന്നീട് രാജസ്ഥാന്റെ പ്രധാന താരമായും നായകനായും സഞ്ജുമാറി.
ഇതോടെ പിന്നീടൊരു കൂടുമാറ്റ സാധ്യതയില്ലായിരുന്നു. ഇപ്പോൾ വീണ്ടുമൊരു സാധ്യത തെളിയുമ്പോൾ മുംബെെ ഇന്ത്യൻസ് സഞ്ജുവിനായി ശ്രമം നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ആരാധക പക്ഷം. സഞ്ജു സാംസൺ നിലവിൽ സിഎസ്കെ ടീമിൽ സന്തുഷ്ടനാണെന്ന് പറയാം. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദുമായും സഞ്ജുവിന് നല്ല ബന്ധമാണുള്ളത്.
റുതുരാജിന് കീഴിൽ കളിക്കാൻ സഞ്ജുവിന് മടിയില്ല. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ട് മികച്ച നിലയിൽ മുന്നോട്ട് പോകുന്നുമുണ്ട്. സഞ്ജു സാംസണെ മുംബെെ നോട്ടമിട്ടാൽ അത് രോഹിത് ശർമയുടെ പിൻഗാമിയെന്ന നിലയിലാവും. നിലവിൽ രോഹിത് ശർമ മുംബെെ ഇന്ത്യൻസിലുണ്ടെങ്കിലും ഈ സീസണോടെ വിരമിച്ചേക്കും. ഓപ്പണർ റോളിൽ രോഹിത്തിന്റെ പകരക്കാരനായിട്ടാവും സഞ്ജുവിനെ മുംബെെ നോട്ടമിടുക.
എന്നാൽ ഇഷാൻ കിഷനെ തിരികെ എത്തിക്കാൻ മുംബെെ ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളും സജീവമാണ്. ഈ സാഹചര്യത്തിൽ സഞ്ജു സാംസണെ മുംബെെ ടീമിലേക്കെത്തിക്കാൻ കാര്യമായി ശ്രമം നടത്തുമെന്ന് കരുതാനാവില്ല. ഹാർദിക്കിനായി സിഎസ്കെ സഞ്ജുവിനെ ഒഴിവാക്കാനും സാധ്യത കുറവാണ്.






English (US) ·