Published: February 08, 2026 08:22 AM IST Updated: February 08, 2026 09:49 AM IST
1 minute Read
കൊൽക്കത്ത ∙ അഞ്ച് പന്തിൽ 4 വിക്കറ്റുകളുമായി പേസർ റൊമാരിയോ ഷെപ്പേഡിന്റെ ഹാട്രിക്. വെടിക്കെട്ട് അർധ സെഞ്ചറിയുമായി ഷിമ്രോൺ ഹെറ്റ്മെയർ (36 പന്തിൽ 64).... ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിന്റെ തുടക്കം കിടുക്കി. മുൻ ചാംപ്യൻമാരായ വെസ്റ്റിൻഡീസ് ആദ്യ മത്സരത്തിൽ സ്കോട്‍ലൻഡിനെ 35 റൺസിന് കീഴടക്കി.
ആദ്യം ബാറ്റു ചെയ്ത് 182 റൺസ് നേടിയ വിൻഡീസ് മറുപടി ബാറ്റിങ്ങിൽ സ്കോട്‍ലൻഡിനെ 147 റൺസിൽ ഔൾഔട്ടാക്കി. ഹെറ്റ്മെയറാണ് പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: വെസ്റ്റിൻഡീസ്– 20 ഓവറിൽ 5ന് 182. സ്കോട്‍ലൻഡ്– 18.5 ഓവറിൽ 147. ആദ്യ 10 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 66 റൺസ് മാത്രം നേടാനായ വെസ്റ്റിൻഡീസിനെ മികച്ച സ്കോറിലേക്കെത്തിച്ചത് ഹെറ്റ്മെയറും റോവ്മാൻ പവലും (14 പന്തിൽ 24) ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്.
37 പന്തിൽ 81 റൺസായിരുന്നു ഇവരുടെ നേട്ടം. മറുപടി ബാറ്റിങ്ങിൽ സ്കോട്‍ലൻഡിനെ വിൻഡീസ് വരിഞ്ഞുമുറുക്കി. 17–ാം ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 133 എന്ന നിലയിലായിരുന്ന സ്കോട്‌ലൻഡിനെ തുടർന്ന് അഞ്ച് പന്തുകൾക്കിടെ 4 വിക്കറ്റ് വീഴ്ത്തിയ ഷെപ്പേഡ്, 9ന് 133 എന്ന നിലയിലേക്ക് തള്ളിയിട്ടു.
ട്വന്റി20 ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യ വെസ്റ്റിൻഡീസ് ബോളറാണ് റൊമാരിയോ ഷെപ്പേഡ്. കരിയറിൽ ഷെപ്പേഡിന്റെ രണ്ടാം ഹാട്രിക്കുമാണ്. കഴിഞ്ഞവർഷം ബംഗ്ലദേശിനെതിരെയായിരുന്നു ആദ്യ ഹാട്രിക്.ട്വന്റി20 ചരിത്രത്തിൽ (ടെസ്റ്റ് കളിക്കുന്ന ടീമുകളിൽ) രണ്ട് ഹാട്രിക് നേടുന്ന നാലാമത്തെ ബോളറാണ് ഷെപ്പേഡ്. ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗ, ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസ്, ന്യൂസീലൻഡിന്റെ ടിം സൗത്തി എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചവർ.
English Summary:
West Indies' T20 World Cup run has started with a bang, defeating Scotland by 35 runs successful their opening match. Shimron Hetmyer's explosive half-century and Romario Shepherd's singular five-wicket haul, including a hat-trick, were the standout performances successful the victory.







English (US) ·