Published: February 06, 2026 01:47 PM IST
1 minute Read
കൊളംബോ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന പാക്കിസ്ഥാന്റെ നിലപാടിനെതിരെ ശ്രീലങ്ക. തീരുമാനം പരിശോധിക്കാൻ പാക്കിസ്ഥാൻ തയാറാകണമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു. ഫെബ്രുവരി 15ന് ശ്രീലങ്കയിലെ കൊളംബോയിലാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം നടക്കേണ്ടത്. ഇന്ത്യയിലേക്കു കളിക്കാൻ വരില്ലെന്ന പാക്ക് നിലപാട് അംഗീകരിച്ച് നേരത്തേയുണ്ടാക്കിയ ധാരണ പ്രകാരമാണ് ഐസിസി മത്സരങ്ങൾ ശ്രീലങ്കയിൽ ക്രമീകരിച്ചത്.
എന്നാൽ ബംഗ്ലദേശിന് പിന്തുണ പ്രഖ്യാപിച്ച പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുകയായിരുന്നു. കളി നടന്നില്ലെങ്കിൽ ആതിഥേയരായ ശ്രീലങ്കയ്ക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. മത്സരത്തിന്റെ ടിക്കറ്റ് വിൽപനയിലൂടെ ശ്രീലങ്ക വലിയ വരുമാനം പ്രതീക്ഷിച്ചിരിക്കെയാണ് പാക്കിസ്ഥാന്റെ ബഹിഷ്കരണ പ്രഖ്യാപനമെത്തിയത്. ഇന്ത്യയ്ക്കെതിരെ കളിക്കണമെന്നാവശ്യപ്പെട്ട് ശ്രീലങ്കൻ ബോർഡ് പാക്കിസ്ഥാന് കത്തയച്ചിട്ടുണ്ട്.
‘‘മത്സരങ്ങൾക്കായുള്ള എല്ലാ ഒരുക്കങ്ങളും ഞങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ പല സാഹചര്യങ്ങളിലും ഞങ്ങൾ പാക്കിസ്ഥാനിൽ കളിക്കാൻ പോയിട്ടുണ്ട്. അതിൽ പലപ്പോഴും സുരക്ഷാ ഭീഷണിയുണ്ടായിട്ടുണ്ട്. ശ്രീലങ്കൻ ദേശീയ ടീം പാക്കിസ്ഥാനിൽ വച്ച് അക്രമിക്കപ്പെട്ടു, താരങ്ങൾക്കും സ്റ്റാഫുകൾക്കും പരുക്കേറ്റു. പലരും ഇപ്പോഴും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. അതിനു ശേഷവും പാക്കിസ്ഥാനിൽ സ്ഫോടനങ്ങൾ ഉണ്ടായപ്പോൾ, താരങ്ങൾ വലിയ സമ്മർദത്തിലാകുകയും മത്സരങ്ങൾ ഉപേക്ഷിച്ച് മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.’’
‘‘ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും സർക്കാരും എന്നും പാക്കിസ്ഥാനൊപ്പം നിന്ന് മത്സരങ്ങൾക്ക് ഇറങ്ങിയിട്ടുണ്ട്. മറ്റു പല ടീമുകളും പാക്കിസ്ഥാനിൽ കളിക്കാൻ തയാറാകാതിരുന്നപ്പോഴായിരുന്നു ഇത്.’’– ശ്രീലങ്കൻ ബോർഡ് അയച്ച കത്തിൽ പ്രതികരിച്ചു. 2009ൽ ലഹോറിൽ ആക്രമണമുണ്ടായതിനു ശേഷം പാക്കിസ്ഥാനിലേക്കു പരമ്പര കളിക്കുന്നതിനായി പോയ ആദ്യത്തെ പ്രധാന ടീം ശ്രീലങ്കയാണ്. 2009 മാർച്ചിൽ ശ്രീലങ്കൻ ടീമിനെതിരെ അക്രമമുണ്ടായതിനു ശേഷം ദീർഘകാലം പാക്കിസ്ഥാനിൽ രാജ്യാന്തര മത്സരങ്ങൾ നടന്നിരുന്നില്ല.
English Summary:







English (US) ·