പച്ചപ്പുൽമൈതാനങ്ങളെ നെഞ്ചേറ്റി, പന്തിന്റെ ചലനങ്ങൾക്കൊപ്പം നെഞ്ചിടിപ്പുകൾ പങ്കുവയ്ക്കുന്ന കേരളക്കരയ്ക്ക് ഇനി പ്രാർഥനകളുടെ പുതിയൊരു കാൽപന്തുകാലം. മെസ്സിക്കും റൊണാൾഡോയ്ക്കും നെയ്മാറിനും വേണ്ടി ഉറക്കമൊഴിഞ്ഞ് ആർത്തുവിളിച്ച മലയാളി ഫുട്ബോൾ പ്രേമികളുടെ കണ്ണുകൾ ഇനി ഖത്തറിന്റെ മത്സരങ്ങളിലേക്ക് തിരിയും. കാരണം, മലബാറിന്റെ ഫുട്ബോൾ പാരമ്പര്യം ചോരയിലലിഞ്ഞ തഹ്സീൻ മുഹമ്മദ് ജംഷിദ് എന്ന ഇരുപതുകാരൻ ഖത്തർ ദേശീയ ടീമിന്റെ കുപ്പായത്തിൽ ലോകകപ്പിന്റെ വിശ്വവേദിയിലേക്ക് ബൂട്ടുകെട്ടുകയാണ്. വിങ്ങുകളിലൂടെ മിന്നൽവേഗത്തിൽ പന്തുമായി കുതിക്കുന്ന ഈ മലയാളിപ്പയ്യൻ, കാൽപന്തിന്റെ വിശ്വമാമാങ്കത്തിൽ ഖത്തറിനായി വിസ്മയം തീർക്കാൻ ഒരുങ്ങുമ്പോൾ നെഞ്ചിലേറ്റുന്നത് കോടിക്കണക്കിന് വരുന്ന മലയാളികളുടെ സ്വപ്നങ്ങൾ കൂടിയാണ്.
What you should work next
∙ രക്തത്തിൽ അലിഞ്ഞ ഫുട്ബോൾ പാരമ്പര്യം
തലശ്ശേരി സ്വദേശി ജംഷിദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകനായ തഹ്സീൻ ജനിച്ചതും വളർന്നതും ഖത്തറിലാണ്. 2006 ജൂൺ 16നാണ് ജനനം. ജൂൺ 14ന് സ്വിറ്റ്സർലൻഡിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഖത്തറിന്റെ ആദ്യ മത്സരം. പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചാൽ തഹ്സീന് ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വിലയേറിയ പിറന്നാൾ സമ്മാനങ്ങളിൽ ഒന്നായിരിക്കും അത്.
കാലിക്കറ്റ് സർവകലാശാലയ്ക്ക് വേണ്ടി നാലുവർഷത്തോളം ബൂട്ടണിയുകയും ഇന്ത്യൻ ജൂനിയർ ടീമിൽ കളിക്കുകയും ചെയ്ത പിതാവ് ജംഷിദാണ് തഹ്സീന്റെ ഏറ്റവും വലിയ പ്രചോദനം. പരുക്കുമൂലം കളിമൈതാനത്തോട് വിടപറയേണ്ടിവന്ന പിതാവിന്റെ സ്വപ്നമാണ് ഇപ്പോൾ തഹ്സീനിലൂടെ പൂവണിയുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ ഫുട്ബോളിനോടായിരുന്നു തഹ്സീന് കമ്പം. ചെറുപ്പത്തിൽ അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിക്കുന്നതിന് മുൻപ് തന്നെ ലോകത്തിലെ പ്രമുഖ ടീമുകളിലെ കളിക്കാരെയും അവരുടെ ട്രാൻസ്ഫർ വിവരങ്ങളെയും കുറിച്ചുള്ള കൃത്യമായ അപ്ഡേറ്റുകൾ തഹ്സീന് മനഃപാഠമായിരുന്നു.
‘‘ഖത്തറിൽ യുണൈറ്റഡ് കേരള എന്ന പേരിൽ മലയാളികളുടെ ഫുട്ബോൾ ക്ലബുണ്ട്. തഹ്സീന് നാലു വയസ്സുള്ളപ്പോൾ ഞാൻ ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ അവനും ബൂട്ടു കെട്ടി എന്റെ കൂടെ വരും. അവധിക്കു നാട്ടിലെത്തിയാൽ ഫുട്ബോൾ മൈതാനം തേടിപ്പോകുന്ന മകന്റെ രസകരമായ ഓർമയുമുണ്ട്. ഒരിക്കൽ ഞങ്ങൾ ഒരു വിവാഹത്തിനു വേണ്ടി നാട്ടിൽ പോയിരുന്നു. പെട്ടെന്ന് നോക്കുമ്പോൾ അവനെ കാണാനില്ല. അവിടെ വയലിൽ അന്നൊരു ടൂർണമെന്റ് നടക്കുകയായിരുന്നു. സീനിയർ താരങ്ങളുടെ മത്സരമായിരുന്നു അത്. അതിൽ അവരുടെ കൂടെ കളിച്ച് ട്രോഫി ഒക്കെ വാങ്ങിയാണ് അവൻ അന്ന് മടങ്ങി വന്നത്. അന്നും തഹ്സീന് മറ്റെന്തിനേക്കാളും പ്രധാനം ഫുട്ബോൾ ആയിരുന്നു.’’
∙ അക്കാദമി മുതൽ സ്പെയിൻ വരെ
ദോഹയിലെ നോബിൾ ഇന്റർനാഷനൽ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മകന്റെ ഫുട്ബോളിനോടുള്ള കമ്പം തിരിച്ചറിഞ്ഞ പിതാവ് എട്ടാം വയസ്സിൽ അവനെ ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം സ്പോർട്സ് അക്കാദമിയിൽ ചേർത്തു. അവിടുത്തെ അൽജീരിയൻ പരിശീലകരാണ് തഹ്സീനിലെ പ്രതിഭയെ കണ്ടെത്തിയത്. ഖത്തറിലെ ‘അൽദുഹൈൽ’ ക്ലബിലൂടെയായിരുന്നു ക്ലബ് ഫുട്ബോളിലേക്കുള്ള വരവ്.
പിന്നീട് ഖത്തറിലെ പ്രശസ്തമായ ആസ്പയർ അക്കാദമിയിൽ എത്തിയതോടെ തഹ്സീന്റെ കളിക്ക് മൂർച്ചകൂടി. ഡ്രിബ്ലിങ് മികവും വിങ്ങുകളിലെ മിന്നൽവേഗവും തിരിച്ചറിഞ്ഞ പരിശീലകർ അവനെ വിങ്ങറായും ഫോർവേഡായും ഇറക്കി. തുടർന്ന് ഖത്തറിന്റെ അണ്ടർ-16, 19, 23 ടീമുകളിലേക്ക് വിളി വന്നു. ആസ്പയർ അക്കാദമിയിൽ നിന്ന് പ്ലെയർ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സ്പെയിനിലേക്ക് അയച്ച മൂന്ന് കളിക്കാരിലൊരാൾ തഹ്സീനായിരുന്നു. സ്പെയിനിലെ മൂന്നാം ഡിവിഷൻ ക്ലബായ ‘എ.ഡി അൽകോർകോൺ’ (AD Alcorcón) ബി ടീമിനായി കളിച്ച തഹ്സീൻ അവിടെ ഒരു ഗോളും നേടി.
‘‘ലോകകപ്പ് ടീമിൽ ഇടംപിടിച്ചതിൽ സന്തോഷം. പരിശീലനം നന്നായി മുന്നോട്ട് പോകുന്നു.’’
∙ ചരിത്രനേട്ടവും ദേശീയ ടീമും
ഒരു വർഷത്തെ സ്പെയിൻ പരിശീലനത്തിന് ശേഷം തിരിച്ചെത്തിയ തഹ്സീൻ വളരെ പെട്ടെന്ന് സീനിയർ ടീമിലെത്തി. 2024 മാർച്ച് 31ന് ഖത്തർ സ്റ്റാർസ് ലീഗിൽ (അൽ റയാൻ എസ്‌സിക്കെതിരെ) അരങ്ങേറ്റം കുറിച്ചതോടെ, ഈ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ എന്ന ചരിത്രനേട്ടം തഹ്സീൻ സ്വന്തമാക്കി. പതിനെട്ടാം വയസ്സിനുള്ളിൽ തന്നെ 28ഓളം രാജ്യങ്ങളിൽ പോയി കളിച്ച പരിചയം തഹ്സീനുണ്ട്. കഴിഞ്ഞ ഏഷ്യാ കപ്പിൽ ഖത്തറിന്റെ അണ്ടർ-23 ടീമിൽ കളിച്ചതിന് ശേഷമാണ് തഹ്സീൻ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അഫ്ഗാനിസ്ഥാനെതിരെയായിരുന്നു ആദ്യ മത്സരം. തുടർന്ന് ഒമാൻ, യുഎഇ ടീമുകൾക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും തഹ്സീൻ മികച്ച പ്രകടനം പുറത്തെടുത്തു.
∙ ‘ഡേ ബൈ ഡേ’ – തഹ്സീന്റെ പോളിസിവലിയ മത്സരങ്ങളോ പ്രശസ്തിയോ കണ്ട് തഹ്സീൻ ഒരിക്കലും അമിതമായി ആഹ്ലാദിക്കാറില്ല. ‘ഡേ ബൈ ഡേ’ (ഓരോ ദിവസവും മുന്നിലുള്ള ചാലഞ്ച് മാത്രം നോക്കുക) എന്നതാണ് തഹ്സീൻ സ്വന്തമായി രൂപപ്പെടുത്തിയ പോളിസി. ഇന്ന് എന്താണോ ചെയ്യാനുള്ളത് അത് കൃത്യമായി ചെയ്യുക, പോരായ്മകൾ പരിശീലനത്തിലൂടെ തിരുത്തുക എന്നതിലാണ് അവൻ ശ്രദ്ധിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ റോൾ മോഡലായി കാണുന്ന ഈ താരത്തിന് ഫുട്ബോൾ തന്നെയാണ് എല്ലാം. താരങ്ങളോട് അമിതാരാധനയില്ലെങ്കിലും ‘വാട്ട് ഐ ഹാവ് ടു ഡൂ ടുഡേ’ (What I person to bash today) എന്ന ചിന്താഗതിയാണ് അവനെ നയിക്കുന്നത്. ഒഴിവുസമയങ്ങളിൽ സുഹൃത്തുകളുമൊത്ത് ഓൺലൈൻ ഗെയിം കളിക്കാനും തഹ്സീന് ഇഷ്ടമാണ്.
∙ കളിക്കൊപ്പം പഠനവുംസാധാരണ മാതാപിതാക്കൾ മക്കളോട് പഠിക്കാൻ മാത്രമാണ് പറയാറുള്ളത്, എന്നാൽ ഒരു ഫുട്ബോളർ കൂടിയായതുകൊണ്ട് മകന്റെ കളിമിടുക്കിനെ ജംഷിദ് എപ്പോഴും പിന്തുണച്ചിരുന്നു. എങ്കിലും പഠനവും കളിയും ഒപ്പത്തിനൊപ്പം കൊണ്ടുപോകണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. പണ്ട് പരുക്കുമൂലം കളി നിർത്തേണ്ടി വന്നപ്പോൾ തുണച്ചതും, ഇന്ന് ഗൾഫിൽ ഒരു കമ്പനിയുടെ അക്കൗണ്ട്സ് വിഭാഗം കൈകാര്യം ചെയ്യാൻ പ്രാപ്തനാക്കിയതും തന്റെ വിദ്യാഭ്യാസമാണെന്ന് ജംഷിദ് ഓർക്കുന്നു.
‘‘ഒരു താരത്തെ സംബന്ധിച്ചിടത്തോളം കരിയറിലെ ഏറ്റവും വലിയ സന്തോഷ നിമിഷങ്ങളിലൂടെയാണ് അവൻ ഇപ്പോൾ കടന്നുപോകുന്നത്. എങ്കിൽപ്പോലും അതിന്റെ പേരിൽ അവൻ അമിതമായി ആഹ്ലാദിക്കുന്നില്ല. പ്രശസ്തിക്കോ പത്രാസിനോ അപ്പുറം സ്വന്തം പ്രകടനത്തിനാണ് തഹ്സീൻ മുൻഗണന നൽകുന്നത്. തന്റെ ലക്ഷ്യം എന്താണെന്ന് അവന് കൃത്യമായ ബോധ്യമുണ്ട്. ഓരോ ദിവസവും കളി മെച്ചപ്പെടുത്തുക, സ്വന്തം പോരായ്മകൾ തിരിച്ചറിഞ്ഞ് നിരന്തരമായ പരിശീലനത്തിലൂടെ അത് പരിഹരിക്കുക — ഈ ‘ഡേ ബൈ ഡേ’ പോളിസി തന്നെയാണ് അവനെ മുന്നോട്ട് നയിക്കുന്നത്.’’
‘‘കളി എപ്പോൾ വേണമെങ്കിലും നിലയ്ക്കാം, പക്ഷേ വിദ്യാഭ്യാസം കൂടെയുണ്ടാകും’’ എന്ന പിതാവിന്റെ അനുഭവം തഹ്സീനും ഉൾക്കൊണ്ടു. തഹ്സീൻ പഠിച്ച ഖത്തറിലെ പ്രശസ്തമായ ആസ്പയർ അക്കാദമിയുടെ പോളിസിയും ഇതുതന്നെയായിരുന്നു. അവരുടെ ലോഗോയിലെ രണ്ട് ചിറകുകൾ സൂചിപ്പിക്കുന്നത് പോലെ സ്പോർട്സിനും വിദ്യാഭ്യാസത്തിനും അവർ തുല്യ പ്രാധാന്യമാണ് നൽകുന്നത്. കടുത്ത സമയനിഷ്ഠയും അച്ചടക്കവുമുള്ള അവിടെ പഠനത്തിൽ ഒരൽപം പിന്നോട്ട് പോയാൽ പോലും അധ്യാപകർ വൺ-ടു-വൺ ഇരുന്ന് കുട്ടികളെ പഠിപ്പിക്കും. അതുകൊണ്ട് തന്നെ പ്ലസ്ടു വരെ അവൻ നല്ല രീതിയിൽ പഠിച്ചു.
സ്പെയിനിലെ പരിശീലനവും മത്സരങ്ങളും കാരണം കഴിഞ്ഞവർഷം ഉപരിപഠനം തടസ്സപ്പെട്ടെങ്കിലും, ഈ വർഷം അവൻ ഉന്നത വിദ്യാഭ്യാസത്തിനു ചേരും. അൽദുഹൈൽ ക്ലബ്ബുമായി അഞ്ച് വർഷത്തെ കരാറുള്ളതുകൊണ്ട് ഇവിടുത്തെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിലോ വിദൂര വിദ്യാഭ്യാസം വഴിയോ കരിയറിനൊപ്പം പഠനവും അവൻ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകും.
∙ വിശ്വവേദിയിലേക്ക്...
നിലവിൽ ഖത്തർ ലോകകപ്പ് ടീമിനൊപ്പം യുഎസിലെ (ബാർബഡോസ് ഐലൻഡ്) പരിശീലന ക്യാംപിലാണ് തഹ്സീൻ ഉള്ളത്. ജൂൺ 5ന് സെർബിയക്കെതിരെ സൗഹൃദ മത്സരവും, ജൂൺ 14ന് സ്വിറ്റ്സർലൻഡുമായി ലോകകപ്പ് മത്സരവും നടക്കാനിരിക്കുകയാണ്. മകന്റെ കളി നേരിട്ട് കാണാൻ യുഎസ് വീസയ്ക്കായുള്ള ശ്രമത്തിലാണ് പിതാവ് ജംഷിദ്. 2030ൽ മകൻ ലോകകപ്പ് കളിക്കുമെന്ന് പ്രതീക്ഷിച്ച കുടുംബത്തിന് മുന്നിലേക്ക് വളരെ അപ്രതീക്ഷിതമായാണ് ഈ ലോകകപ്പിലേക്കുള്ള വിളി എത്തിയത്. ആ ചരിത്ര നിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ് തഹ്സീന്റെ കുടുംബവും ഒപ്പം ഫുട്ബോൾ പ്രേമികളായ മുഴുവൻ മലയാളികളും!
English Summary:





English (US) ·