Published: September 18, 2026 06:37 PM IST Updated: September 18, 2026 09:51 PM IST
1 minute Read
മുംബൈ∙ ബിസിസിഐ സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറിനു കാലാവധി നീട്ടി നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ബിസിസിഐ ഭാരവാഹികൾക്ക് പൂർണ ചുമതല. വെള്ളിയാഴ്ച മുംബൈയിൽ നടന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. അജിത് അഗാർക്കർ സിലക്ഷൻ കമ്മിറ്റി ചെയർമാനായി തുടരണോ അതോ പുതിയ ഒരാളെ കണ്ടെത്തണോ എന്ന കാര്യത്തിൽ അന്തിമതീരുമാനത്തിന് ഭാരവാഹികളെ യോഗം ചുമതലപ്പെടുത്തുകയായിരുന്നു.
What you should work next
ഒക്ടോബർ 4നാണ് അഗാർക്കറുമായുള്ള ബിസിസിഐയുടെ കരാർ അവസാനിക്കുന്നത്. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് വരെ അഗാർക്കറുടെ കാലാവധി നീട്ടിനൽകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും നിലവിൽ അഗാർക്കർ തുടരാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ‘‘സിലക്ഷൻ കമ്മിറ്റികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഭാരവാഹികൾക്ക് അധികാരം നൽകിയിട്ടുണ്ട്.’’– യോഗത്തിനു ശേഷം ഒരു മുതിർന്ന ബിസിസിഐ ഭാരവാഹി വ്യക്തമായ മറുപടി നൽകാതെ പറഞ്ഞു.
ബിസിസിഐയുടെ 95-ാമത് വാർഷിക പൊതുയോഗത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി (ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ), മുൻ പേസർ വെങ്കിടേഷ് പ്രസാദ് (കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ) എന്നിവരുൾപ്പെടെ സംസ്ഥാന ബോർഡ് അധ്യക്ഷന്മാരും പങ്കെടുത്തു.
സീനിയർ സിലക്ഷൻ കമ്മിറ്റി ചെയർമാന്റെ ഭാവി തീരുമാനിക്കുന്നതിനൊപ്പം, ജൂനിയർ സിലക്ഷൻ കമ്മിറ്റിയിലെ അഞ്ച് ഒഴിവുകളും നികത്താൻ ബിസിസിഐ ലക്ഷ്യമിടുന്നുണ്ട്.
അജിത് അഗാർക്കർക്കു പകരക്കാരനായി രണ്ടു മുൻ ഇന്ത്യൻ താരങ്ങളുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്ററായിരുന്ന പാർഥിവ് പട്ടേൽ, സ്പിന്നറായിരുന്ന പ്രഗ്യാൻ ഓജ എന്നിവരുടെ പേരാണ് അഭ്യൂഹങ്ങളിൽ നിറയുന്നത്. ഇതിൽ പാർഥിവ് പട്ടേലിനാണ് കൂടുതൽ സാധ്യത എന്നാണ് റിപ്പോർട്ട്. 2023 ജൂലൈയിലാണ് അഗാർക്കർ ഇന്ത്യൻ ടീമിന്റെ സിലക്ഷൻ കമ്മിറ്റി തലവനായെത്തിയത്. രണ്ട് ട്വന്റി20 ലോകകപ്പ് കിരീടങ്ങൾ (2024,2026), ഐസിസി ചാംപ്യൻസ് ട്രോഫി, ഏഷ്യാകപ്പ് എന്നീ ടൂർണമെന്റുകൾ അഗാർക്കറുടെ കാലയളവിൽ ഇന്ത്യ വിജയിച്ചു.
‘പ്രധാന മത്സരങ്ങൾ വാങ്കഡെയ്ക്ക് നൽകണം’പ്രധാനപ്പെട്ട മത്സരങ്ങൾ അനുവദിക്കുമ്പോൾ തങ്ങളെക്കൂടി പരിഗണിക്കണമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) ബിസിസിഐയോട് ആവശ്യപ്പെട്ടതായി സംസ്ഥാന ബോർഡ് സെക്രട്ടറി ഉൻമേഷ് ഖാൻവിൽകർ പറഞ്ഞു. ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തിൽ ഒരു ടെസ്റ്റ് മത്സരം നടന്നിട്ട് ഏകദേശം രണ്ട് വർഷത്തോളമാകുന്നു. 2024ന്റെ അവസാനത്തിൽ ന്യൂസീലൻഡിനെതിരെയായിരുന്നു ഇവിടെ അവസാനമായി ടെസ്റ്റ് മത്സരം നടന്നത്. എങ്കിലും, അടുത്ത വർഷം ആദ്യം നടക്കുന്ന വനിതാ ചാംപ്യൻസ് ലീഗ് മത്സരങ്ങളും, വനിതാ പ്രിമിയർ ലീഗിന്റെ (ഡബ്ല്യുപിഎൽ) ചില മത്സരങ്ങളുടെയും വേദിയാകുന്നതിലൂടെ ക്രിക്കറ്റ് വീണ്ടും വാങ്കഡെയിലേക്ക് തിരിച്ചെത്തുകയാണ്.
കൂടാതെ, ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ-ഗവാസ്കർ ട്രോഫി (ബിജിടി) ടെസ്റ്റ് മത്സരം റാഞ്ചിയിൽ നിന്ന് മാറ്റുന്നതിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും മുൻ ഇന്ത്യൻ ക്രിക്കറ്ററുമായ സൗരഭ് തിവാരിയും വ്യക്തമാക്കി. ‘‘ഇത് എനിക്ക് പുതിയൊരു വാർത്തയാണ്. ബിസിസിഐക്ക് ഇതിനെക്കുറിച്ച് ആരെങ്കിലും കത്തെഴുതണമെങ്കിൽ അത് ഞാനായിരിക്കണം. ഞാൻ അങ്ങനെ ഒന്നും എഴുതിയിട്ടില്ല. ഇതിനെക്കുറിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ല.’’– തിവാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
English Summary:






English (US) ·