Published: June 23, 2026 12:20 AM IST Updated: June 23, 2026 01:07 AM IST
1 minute Read
ഡാലസ്∙ ലയണൽ മെസ്സി പെനൽറ്റി എടുക്കാനായി നടന്നു നീങ്ങിയപ്പോൾ ലോകം മുഴുവൻ ശ്വാസമടക്കിപ്പിടിച്ചു നിന്നു. ഡാലസ് സ്റ്റേഡിയത്തിൽ, അർജന്റീനയും ഓസ്ട്രിയയും തമ്മിലുള്ള ഫിഫ ലോകകപ്പ് മത്സരത്തിന്റെ ഒൻപതാം മിനിറ്റിലായിരുന്നു അത്. ഒരു ഗോൾ കൂടി നേടിയാൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് മെസ്സിക്ക് സ്വന്തമാകുമായിരുന്നു. മത്സരത്തിന് മുൻപ് മെസ്സിയും ജർമൻ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയും 16 ഗോളുകളുമായി തുല്യനിലയിലായിരുന്നു. എന്നാൽ ഒൻപതാം മിനിറ്റിൽ സംഭവിച്ച ആ പിഴവ് ആരാധകരെ ഞെട്ടിച്ചു, മെസ്സിയുടെ പെനൽറ്റി കിക്ക് പോസ്റ്റിന് പുറത്തേക്ക് പോയി.
What you should work next
എന്നാൽ കൃത്യം അരമണിക്കൂറിനു ശേഷം, 38-ാം മിനിറ്റിൽ ആരാധകരുടെ നിരാശ, ആഹ്ലാദത്തിന് വഴിമാറി; അവർ സന്തോഷം കൊണ്ട് അവർ തുള്ളിച്ചാടി. ബോക്സിന്റെ ഇടതുവിങ്ങിൽ നിന്നു ഫക്കുന്തോ മെഡിന ക്രോസ് നൽകിയ പന്ത് സ്വീകരിച്ച മെസ്സി, പെനൽറ്റി ബോക്സിന്റെ അതിരിൽനിന്ന് കൃത്യമായി ഗോൾപോസ്റ്റിന്റെ താഴെ ഇടത് മൂലയിലേക്ക് ഷൂട്ട് ചെയ്തു. ഗോൾ! ടെക്സസിലെ അർലിങ്ടൻ നഗരത്തിലുള്ള ഡാലസ് സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തോളം വരുന്ന കാണികളെ സാക്ഷിയാക്കി, ഫുട്ബോളിലെ ‘മിശിഹാ’യുടെ ചരിത്രഗോൾ. ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്)!
ഈ രണ്ടു സംഭവങ്ങളും ലോക റെക്കോർഡുകളായി മാറി. ലോകകപ്പിൽ മെസ്സിയുടെ 17-ാം ഗോളായിരുന്നു ഇത് - ചരിത്രത്തിൽ ഒരു പുരുഷ താരം നേടുന്ന ഏറ്റവും കൂടുതൽ ഗോളുകൾ. 28 മത്സരങ്ങളിൽനിന്നാണ് മെസ്സിയുടെ നേട്ടം. മത്സരത്തിന്റെ ഇൻജറി ടൈമിൽ ഒരു ഗോൾ കൂടി നേടി മെസ്സി ഗോൾ എണ്ണം 18 ആക്കി. 24 മത്സരങ്ങളിൽനിന്നാണ് മിറോസ്ലാവ് ക്ലോസെ 16 ഗോളുകൾ നേടിയത്. 2014ലെ ഫൈനലിൽ അർജന്റീനയെ അധികസമയത്ത് 1-0 ന് തോൽപ്പിച്ച് കിരീടം നേടിക്കൊണ്ടാണ് ക്ലോസെ തന്റെ ലോകകപ്പ് യാത്ര അവസാനിപ്പിച്ചത്.
അതേസമയം, മെസ്സി പെനൽറ്റി പാഴാക്കിയതും ഒരു ലോക റെക്കോർഡായി. ഈ മത്സരത്തിന് മുൻപ്, ഫിഫ ലോകകപ്പിൽ (ഷൂട്ടൗട്ടുകൾ ഒഴികെ) ഏറ്റവും കൂടുതൽ പെനൽറ്റികൾ പാഴാക്കിയവർ രണ്ടു പേരായിരുന്നു– 2006ലും 2010ലും ഘാനയുടെ അസമോവ ഗ്യാനും, 2018ലും 2022ലും ലയണൽ മെസ്സിയും. എന്നാൽ ഇപ്പോൾ മൂന്നാം പെനൽറ്റി പാഴാക്കിയ മെസ്സി, ഈ റെക്കോർഡിലും ‘തനിച്ചായി’. തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് മെസ്സി പെനൽറ്റി മിസ്സ് ആക്കുന്നത്. ലോകകപ്പിലാകെ ഏഴു പെനൽറ്റി കിക്കുകൾ എടുത്ത മെസ്സിക്ക്, നാലെണ്ണം മാത്രമാണ് ലക്ഷ്യത്തിലെത്തിക്കാനായത്.
ഓസ്ട്രിയയ്‌ക്കെതിരായ ഗോളോടെ അഭിമാനിക്കാവുന്ന മറ്റൊരു റെക്കോർഡും മെസ്സിയുടെ പേരിലായി. തുടർച്ചയായി ആറു ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന റെക്കോർഡിനൊപ്പമാണ് മെസ്സി എത്തിയത്. ബ്രസീലിന്റെ ജെയർസീഞ്ഞോ, ഫ്രാൻസിന്റെ ജസ്റ്റ് ഫോണ്ടെയ്ൻ എന്നിവർക്കൊപ്പമാണ് മെസ്സി ഈ റെക്കോർഡ് പങ്കിടുന്നത്.
English Summary:





English (US) ·