Published: April 11, 2026 08:02 AM IST
2 minute Read
ഒരാഴ്ച മുൻപ്, ഐപിഎലിൽ തന്റെ ആദ്യ മത്സരം കളിക്കാൻ ഇറങ്ങിയപ്പോൾ പൂരപ്പറമ്പിൽ ഒറ്റപ്പെട്ടുപോയ കുട്ടിയുടെ അവസ്ഥയായിരുന്നു മുകുൾ ചൗധരിയെന്ന ഇരുപത്തിയൊന്നുകാരന്. ചുറ്റും ആളും വെളിച്ചവും. എന്തു ചെയ്യണമെന്നോ എങ്ങോട്ടു പോകണമെന്നോ അറിയാത്ത സ്ഥിതി. ഫ്ലഡ് ലൈറ്റിനു കീഴിൽ, ഇത്രയും കാണികൾക്കു നടുവിൽ ആദ്യമായിട്ടായിരുന്നു മുകുൾ ഒരു മത്സരം കളിക്കാൻ ഇറങ്ങുന്നത്. എന്നാൽ അതിന്റെ അമ്പരപ്പും ആവലാതിയും മറക്കാൻ മുകുളിനു വേണ്ടിവന്നത് മൂന്നേ മൂന്ന് മത്സരങ്ങൾ മാത്രം. കഴിഞ്ഞ ദിവസം കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ, തോൽവിയുടെ ചതുപ്പിലേക്ക് വീണ ലക്നൗവിനെ വിജയത്തിന്റെ കരയിലേക്ക് പിടിച്ചുകയറ്റിയത് മുകുളിന്റെ ഒറ്റയാൾ പോരാട്ടമാണ്. കൊൽക്കത്ത ഉയർത്തിയ 182 റൺസ് ലക്ഷ്യം പിന്തുടർന്ന ലക്നൗ, 16 ഓവർ പിന്നിടുമ്പോൾ 7ന് 128 എന്ന നിലയിലായിരുന്നു. അടുത്ത 4 ഓവറിൽ, ആവേശ് ഖാനെ (1 നോട്ടൗട്ട്) കൂട്ടുപിടിച്ച് 54 റൺസ് അടിച്ചെടുത്ത മുകുൾ (27 പന്തിൽ 54 നോട്ടൗട്ട്) ലക്നൗവിന് സമ്മാനിച്ചത് 3 വിക്കറ്റിന്റെ ആവേശജയം. മത്സരത്തിലെ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും മുകുളിനെ തേടിയെത്തി. പിന്നാലെ ആരാണ് മുകുൾ ചൗധരിയെന്ന് അന്വേഷിച്ചവരെല്ലാം ചെന്നെത്തിയത് മകനുവേണ്ടി ‘ജയിലിൽ കിടന്ന’ ഒരു അച്ഛന്റെ കഥയിലേക്കാണ്...
കടവും കടപ്പാടും
രാജസ്ഥാനിലെ ജുംജുനു ജില്ലയിൽ ജനിച്ച ദിലിപ് കുമാർ ചൗധരി ചെറുപ്പം മുതൽ ക്രിക്കറ്റിനു പുറകേയായിരുന്നു. എന്നാൽ വീട്ടിലെ സാമ്പത്തിക ഞെരുക്കം കാരണം പ്രഫഷനലായി ക്രിക്കറ്റ് പഠിക്കാനോ പരിശീലിക്കാനോ ദിലിപിന് അവസരം ലഭിച്ചില്ല. ഇതോടെ തനിക്കു സാധിക്കാത്തത് തന്റെ മകനിലൂടെ നേടിയെടുക്കണമെന്ന വാശിയായി. മകൻ ജനിച്ചാൽ അവനെ ക്രിക്കറ്റർ ആക്കുമെന്ന നിബന്ധന മുന്നിൽ വച്ചാണ് ദിലിപ് കല്യാണത്തിനു പോലും സമ്മതിച്ചത്. പ്രതീക്ഷിച്ചതു പോലെ കല്യാണശേഷം ദിലിപിന് മകൻ തന്നെ ജനിച്ചു.
ജുംജുനുവിലെ പരിമിതമായ ക്രിക്കറ്റ് പരിശീലന സാഹചര്യങ്ങൾ മകൻ മുകുളിനെ എവിടെയും എത്തിക്കില്ലെന്നു മനസ്സിലാക്കിയ ദിലിപ്, തന്റെ വീട് വിറ്റ് അതിൽ നിന്നു ലഭിച്ച പണവുമായി മകനെ 70 കിലോമീറ്റർ ദൂരെയുള്ള ഒരു ക്രിക്കറ്റ് അക്കാദമിയിൽ ചേർത്തു. ഭാര്യയുമായി വാടകവീട്ടിലേക്കു മാറിയ ദിലിപ്, പിന്നാലെ വായ്പ എടുത്ത് ഒരു കട ആരംഭിച്ചു. ഇതിൽനിന്നു ലഭിക്കുന്ന വരുമാനവും മകന്റെ ക്രിക്കറ്റ് പരിശീലനത്തിനായാണ് ചെലവഴിച്ചത്. അതോടെ പലപ്പോഴും വായ്പ തിരിച്ചടവ് മുടങ്ങി. ഇതിന്റെ പേരിൽ ദിലിപ് ജയിലിലുമായി. ‘ക്രിക്കറ്റ് ഭ്രാന്ത് കാരണം’ വീടുവിറ്റ് കടംകയറിയ ദിലിപിനെ സഹായിക്കാൻ കുടുംബാംഗങ്ങൾ ആരും തയാറായില്ല. ചില സുഹൃത്തുകളുടെ സഹായത്തോടെയാണ് ദിലിപ് ജയിലിൽ നിന്നു പുറത്തിറങ്ങിയത്. അപ്പോഴൊന്നും മുകുളിന്റെ ക്രിക്കറ്റ് പരിശീലനം മുടക്കാൻ ദിലിപ് സമ്മതിച്ചില്ല. മുകുൾ ഐപിഎലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ കടങ്ങളെല്ലാം ദിലിപ് പതിയെ വീട്ടിത്തുടങ്ങിയത്.
ധോണിയുടെ വഴിയേ
മീഡിയം പേസറായി ക്രിക്കറ്റ് കരിയർ ആരംഭിച്ച മുകുളിനെ വിക്കറ്റ് കീപ്പർ ബാറ്ററാക്കി മാറ്റിയത് സാക്ഷാൽ എം.എസ്.ധോണിയാണ്. 2011 ഏകദിന ലോകകപ്പ് ഫൈനലിൽ ധോണി നേടിയ വിജയ സിക്സ് അച്ഛനൊപ്പം ടിവിയിൽ കണ്ട മുകുൾ, തനിക്കും ധോണിയെപ്പോലെയാകണമെന്ന് തീരുമാനിച്ചു. പിറ്റേന്നു തന്നെ അച്ഛനോടു പറഞ്ഞ് ഒരു കീപ്പിങ് ഗ്ലൗ വാങ്ങിച്ചു. വിക്കറ്റ് കീപ്പറായി പരിശീലനവും തുടങ്ങി. ബാറ്റിങ്ങിലും ധോണിയുടെ ‘അൺ ഓർത്തഡോക്സ്’ ശൈലിയാണ് മുകുൾ അനുകരിക്കുന്നത്. ഷോട്ടിന്റെ ഭംഗിയെക്കാൾ നേടുന്ന റൺസാണ് പ്രധാനമെന്ന ധോണി തിയറി മുകുളും പിന്തുടരുന്നു.
പ്രഫഷനൽ കരിയറിലേക്ക്
ജൂനിയർ തലത്തിലെ മികച്ച പ്രകടനങ്ങളുടെ ബലത്തിൽ 17–ാം വയസ്സിൽ തന്നെ മുകുൾ രാജസ്ഥാൻ സീനിയർ ടീമിൽ ഇടംപിടിച്ചു. 2022–23 രഞ്ജി ട്രോഫി സീസണിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നാലെ കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ തകർത്തടിച്ചതോടെയാണ് ആഭ്യന്തര ക്രിക്കറ്റിൽ മുകുൾ ശ്രദ്ധേ നേടുന്നത്. സീസണിൽ 5 ഇന്നിങ്സുകളിൽ നിന്നായി 198.85 സ്ട്രൈക്ക് റേറ്റിൽ 173 റൺസ് നേടിയ വലംകൈ ബാറ്ററെ ഐപിഎൽ സ്കൗട്ടുകൾ ശ്രദ്ധിച്ചു. പിന്നാലെ മിനി ലേലത്തിൽ 2.6 കോടി രൂപ നൽകി മുകുളിനെ ലക്നൗ മാനേജ്മെന്റ് ടീമിൽ എത്തിച്ചു. ‘അച്ഛന്റെ കടംവീട്ടണം, സ്വന്തമായി ഒരു വീടുവേണം’– ഐപിഎലിൽ നിന്ന് 2.6 കോടിരൂപ കിട്ടുമ്പോൾ എന്തു ചെയ്യുമെന്ന ചോദ്യത്തിന് മുകുളിന്റെ മറുപടി ഇപ്രകാരമായിരുന്നു.
English Summary:








English (US) ·