Published: April 20, 2026 07:55 AM IST Updated: April 20, 2026 08:04 AM IST
1 minute Read
കോട്ടയം∙ അഞ്ച് വർഷത്തിനുള്ളിൽ പുതുപ്പള്ളിയിൽ ഐപിഎൽ മത്സരം നടത്തുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. പുതുപ്പള്ളി മണ്ഡലത്തിലെ മണർകാട് പള്ളി മൈതാനത്ത് സംഘടിപ്പിച്ച ഐപിഎൽ ഫാൻ പാർക്കിലെത്തിയപ്പോഴാണ് എംഎൽഎയുടെ പ്രഖ്യാപനം. ഫാൻ പാർക്ക് സംഘടിപ്പിക്കാൻ സഹായിച്ച ബിസിസിഐയോടും കെസിഎയോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫാൻപാർക്കിൽ സജ്ജീകരിച്ച നെറ്റ്സിൽ പന്തുതട്ടിയ എംഎൽഎ, കളി കാണാനെത്തിയവരുമായി കുശലം പങ്കിടുകയും ചെയ്തു.
ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് മണർകാട് പള്ളി മൈതാനത്ത് ഐപിഎൽ ഫാൻ പാർക്ക് സംഘടിപ്പിച്ചത്. പുതുപ്പള്ളിക്ക് അനുവദിച്ച ഫാൻ പാർക്കാണ് ഉചിതമായ സ്ഥലം ലഭിച്ചതിനെത്തുടർന്ന് മണർകാട്ട് സംഘടിപ്പിച്ചത്. വിരാട് കോലി, സഞ്ജു സാംസൺ അടക്കമുള്ള സൂപ്പർ താരങ്ങളെ പടുകൂറ്റൻ സ്ക്രീനിൽ കാണാനായി ജില്ലയുടെ മലയോര മേഖലയിൽ നിന്നടക്കം നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികൾ മണർകാട്ടേക്ക് ഒഴുകി. ശനിയാഴ്ചയായിരുന്നു ആർസിബിയുടെയും ചെന്നൈ സൂപ്പർ കിങ്സിന്റെയും മത്സരങ്ങൾ.
ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലായിരുന്നു ആദ്യപോരാട്ടം. ആദ്യഘട്ടത്തിൽ കാണികൾ കുറഞ്ഞെങ്കിലും പിന്നാലെ ആരാധകർ ഇരച്ചുകയറി. 7നു മഴ വന്നു. ഫാൻപാർക്ക് നിറഞ്ഞതിനാൽ പുറത്തുനിന്ന് കളി കാണുകയായിരുന്നു പലരും. പിന്നാലെ പഞ്ചാബ് കിങ്സും ലക്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരത്തിനിടയിലും മഴയെത്തി. പലരും താൽക്കാലിക മേൽക്കൂര തേടിയെങ്കിലും മഴ കുറഞ്ഞതോടെ തിരികെയെത്തി.
സ്റ്റേഡിയത്തിൽ പോകാതെ സ്റ്റേഡിയം അന്തരീക്ഷം സജ്ജമാക്കുകയാണു ഫാൻപാർക്കിൽ. ബിഗ് സ്ക്രീനിൽ മത്സരം തത്സമയം കാണുന്നതിനൊപ്പം ഒരു കാർണിവൽ അന്തരീക്ഷം കൂടി സജ്ജമാക്കുകയാണു ചെയ്യുന്നത്. ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികളാണ് 2 ദിവസങ്ങളിലായി ഫാൻപാർക്കിലേക്ക് എത്തിയത്. മുൻ വർഷങ്ങളിൽ പാലക്കാട്, കൊച്ചി നഗരങ്ങളിലും ഫാൻ പാർക്കുകൾ സജ്ജീകരിച്ചിരുന്നു.
English Summary:







English (US) ·