Published: May 13, 2026 10:57 AM IST
1 minute Read
ആമയുമായി ഓട്ടപ്പന്തയം നടത്തിയ മുയലിന്റെ അവസ്ഥയിലാണ് ഇപ്പോൾ പഞ്ചാബ് കിങ്സ്. ഐപിഎൽ സീസണിന്റെ തുടക്കത്തിൽ തുടർ ജയങ്ങളുമായി കുതിച്ച പഞ്ചാബ് പോയിന്റ് ടേബിളിൽ മറ്റു ടീമുകളെക്കാൾ ബഹുദൂരം മുന്നിലായിരുന്നു, ഏതാനും ദിവസങ്ങൾ മുൻപു വരെ. സീസണിൽ പ്ലേഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമെന്ന നേട്ടത്തിലേക്ക് രണ്ടു ജയത്തിന്റെ ദൂരം മാത്രമുണ്ടായിരുന്ന പഞ്ചാബിനു പക്ഷേ, അവസാന 4 മത്സരങ്ങളിലും അടിതെറ്റി. തുടർതോൽവികൾ വഴങ്ങിയ ടീം പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്കു വീണു. ഒരു മാസത്തിലേറെ കയ്യടക്കിവച്ച ഒന്നാം സ്ഥാനം നഷ്ടപ്പെട്ടെന്നു മാത്രമല്ല, മറ്റു ടീമുകളെ ആശ്രയിക്കാതെ പ്ലേഓഫ് ഉറപ്പിക്കാൻ ബാക്കിയുള്ള 3 മത്സരങ്ങളും ജയിക്കേണ്ട സ്ഥിതിയാണ് ശ്രേയസ് അയ്യർക്കും ടീമിനും.
ചേസ് ഇല്ലെങ്കിൽ മാസ് ഇല്ലഐപിഎലിലെ റെക്കോർഡ് റൺ ചേസ് വിജയവുമായാണ് ഈ സീസണിൽ പഞ്ചാബ് കരുത്തുകാട്ടിയത്. ആദ്യത്തെ 6 തുടർ ജയങ്ങളിൽ അഞ്ചും ചേസിങ്ങിലാണ് പഞ്ചാബ് സ്വന്തമാക്കിയത്. കൊൽക്കത്തയ്ക്കെതിരായ മത്സരം മഴയെടുത്തില്ലായിരുന്നെങ്കിൽ ഏഴാം ജയവും പഞ്ചാബ് പെട്ടിയിലാക്കിയേനെ. എത്ര വലിയ ടോട്ടലും ചേസ് ചെയ്തു ജയിക്കാൻ പഞ്ചാബിന് സാധിക്കുമെന്നു മനസ്സിലാക്കിയതോടെ എതിർ ടീമുകൾ തന്ത്രം മാറ്റി; പഞ്ചാബിനെ കൊണ്ട് ആദ്യം ബാറ്റ് ചെയ്യിക്കുക. ഇതോടെയാണ് പഞ്ചാബിന്റെ തുടർ തോൽവികൾ തുടങ്ങുന്നത്. പഞ്ചാബിന്റെ അവസാന 4 തോൽവികളിൽ മൂന്നും ആദ്യം ബാറ്റ് ചെയ്തപ്പോഴായിരുന്നു. ഇതിൽ രണ്ടു തവണയും 200നു മുകളിൽ റൺസ് നേടിയിട്ടും പ്രതിരോധിക്കാൻ ശ്രേയസിനും സംഘത്തിനും സാധിച്ചില്ല.
ബോളിങ് ആശങ്കഅർഷ്ദീപ് സിങ് എന്ന ഇന്ത്യൻ പേസറെ മാത്രം ആശ്രയിച്ചാണ് പഞ്ചാബിന്റെ ഡെത്ത് ഓവർ തന്ത്രങ്ങൾ മുന്നോട്ടുപോകുന്നത്. അവസാന ഓവറുകളിൽ റൺസ് പ്രതിരോധിക്കാൻ അർഷ്ദീപിനൊപ്പം മറ്റൊരു സ്പെഷലിസ്റ്റ് പേസർ ഇല്ലാത്തതാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നം. ലോക്കി ഫെർഗൂസൻ, മാർക്കോ യാൻസൻ, സേവിയർ ബാർട്‌ലെറ്റ്, ബെൻ ഡ്വാർഷസ് തുടങ്ങിയ വിദേശ പേസർമാരെല്ലാം ന്യൂബോൾ സ്പെഷലിസ്റ്റുകളാണ്. ഇന്ത്യൻ പേസർമാരായ യഷ് ഠാക്കൂർ, വി.വൈശാഖ് എന്നിവർക്കും പ്രാവീണ്യം ന്യൂബോളിൽ തന്നെ. ഇതോടെ അവസാന ഓവറുകളിൽ ആർക്കു പന്തുനൽകുമെന്ന ആശങ്ക ശ്രേയസിനെ തുടർച്ചയായി അലട്ടുന്നു.
സ്പിന്നിലും മിന്നണംഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ യുസ്‌വേന്ദ്ര ചെഹലിനാണ് ടീമിന്റെ സ്പിൻ വിഭാഗത്തിന്റെ ചുമതല. എന്നാൽ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 35.75 ശരാശരിയിൽ ചെഹലിനു നേടാനായത് 8 വിക്കറ്റ് മാത്രം. ചെഹലിന്റെ വിക്കറ്റ് ദാരിദ്ര്യം മധ്യ ഓവറുകളിൽ പഞ്ചാബിന്റെ കണക്കുകൂട്ടലുകൾ ആകെ തെറ്റിച്ചു. ബാറ്റിങ് ഡെപ്ത് കൂട്ടാനായി രണ്ടാം സ്പിന്നർ ഹർപ്രീത് ബ്രാറിനെ പ്ലേയിങ് ഇലവനിൽ നിന്നു പുറത്താക്കിയതും പഞ്ചാബിന് തിരിച്ചടിയായി.
English Summary:







English (US) ·