‘അടി’ക്ക് മറുപടി ‘തിരിച്ചടി’; പത്താം തവണ 200+ ചേസ് ചെയ്ത് പിടിച്ച് പഞ്ചാബ്; ഹൈദരാബാദിനെതിരെ റെക്കോർഡ് ജയം

1 month ago 7

മുല്ലൻപുർ ∙ ക്രിക്കറ്റിൽ ചേസിങ്ങിന് ഒരു നിയമം മാത്രമേയുള്ളൂ– ബോളിങ്ങിൽ കിട്ടിയ ‘അടി’ അതിലും പ്രഹരത്തിൽ ‘തിരിച്ചടി’ക്കുക. ഈ നയം മുല്ലൻപുരിലെ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സ് നടപ്പിലാക്കിയപ്പോൾ സൺറൈസേഴ്സിന്റെ വിജയമോഹങ്ങൾ തകർന്നടിഞ്ഞു, കൂറ്റൻ വിജയലക്ഷ്യം പഞ്ചാബ് അനായാസം മറികടക്കുകയും ചെയ്തു. ഐപിഎൽ പോരിൽ ആറു വിക്കറ്റിനാണ് സൺറൈസേഴ്സിനെ പഞ്ചാബ് കിങ്സ് തോൽപ്പിച്ചത്. സൺറൈസേഴ്സ് ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു.

അർധസെഞ്ചറി നേടിയ ഓപ്പണർമാരായ പ്രിയാൻശ് ആര്യ (20 പന്തിൽ 57), പ്രഭ്സിമ്രൻ സിങ് (25 പന്തിൽ 51), ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ (33 പന്തിൽ 69*) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് പഞ്ചാബിനു ജയം സമ്മാനിച്ചത്. ഐപിഎൽ ചരിത്രത്തിൽ ഇതു പത്താം തവണയാണ് പഞ്ചാബ് 200+ സ്കോർ ചേസ് ചെയ്ത് വിജയിക്കുന്നത്. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് പഞ്ചാബ്. പഞ്ചാബ് ചേസ് ചെയ്തു വിജയിച്ച ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറുമാണിത്. 2024ൽ കൊൽക്കത്തയ്ക്കെതിരെ 264 റൺസ് പിന്തുടർന്ന് പഞ്ചാബ് വിജയിച്ചിരുന്നു.

മറുപടി ബാറ്റിങ്ങിൽ, ആദ്യ ഓവർ സ്പിന്നർ ഹർഷ് ദുബയെ പന്തേൽപ്പിക്കാനുള്ള ക്യാപ്റ്റൻ ഇഷാൻ കിഷന്റെ തീരുമാനം മുതൽ സൺറൈസേഴ്സിനു പിഴച്ചു തുടങ്ങി. ആദ്യ ഓവറിൽ 18 റൺസാണ് പ്രിയാൻശ് ആര്യ അടിച്ചുകൂട്ടിയത്. പിന്നീട് പ്രഭ്സിമ്രനും ഒപ്പം ചേർന്നതോടെ ഹൈദരാബാദിന്റെ അതേ ‘വേവ്‌ലെങ്‌തിൽ’ പഞ്ചാബ് സ്കോറും കുതിച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 93 റൺസിലെത്തിയിരുന്നു പഞ്ചാബ്. രണ്ടു ടീമുകളുടെയും പവർപ്ലേ സ്കോർ (198) കൂട്ടുമ്പോൾ ഐപിഎലിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കോറാണിത്. ഇതിനിടെ വെറും 16 പന്തിൽ പ്രിയാൻശ് ആര്യ അർധസെഞ്ചറി കുറിക്കുകയും ചെയ്തു.

പവർപ്ലേ അവസാനിച്ചതിനു തൊട്ടുപിന്നാലെ പ്രിയാൻശ്യ ആര്യയെ ശിവങ് കുമാർ പുറത്താക്കി. ഓപ്പണിങ് വിക്കറ്റിൽ 99 റൺസാണ് പ്രിയാൻശും പ്രഭ്സിമ്രനും ചേർന്ന് നേടിയത്. അർധസെഞ്ചറി നേടിയതിനു പിന്നാലെ പ്രഭ്സിമ്രനെയും ശിവങ് വീഴ്ത്തി. അഞ്ച് സിക്സും അഞ്ച് ഫോറുമാണ് പ്രിയാൻശിന്റെ ബാറ്റിൽനിന്നു പിറന്നത്. പ്രഭ്സിമ്രൻ നാല് സിക്സും നാലു ഫോറുമടിച്ചു. മൂന്നാമനായി എത്തിയ കൂപ്പർ കാനലിയും (12 പന്തിൽ 11), നേഹൽ വധേരയും (14 പന്തിൽ 14) വീണെങ്കിലും മറുവശത്ത് തകർത്തടിച്ച ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ പഞ്ചാബിനെ വിജയത്തിലെത്തിക്കുകയായിരുന്നു.  അഞ്ച് സിക്സും അഞ്ച് ഫോറുമാണ് ശ്രേയസ്സ് അടിച്ചത്. ശശാങ്ക് സിങ് (9 പന്തിൽ 16*) പുറത്താകാതെ നിന്നു.

∙ ‘പവർ’അടിഐപിഎലിലെ ഏറ്റവും ‘പവർഫുൾ’ ഓപ്പണിങ് കൂട്ടുകെട്ട് ഞങ്ങൾ തന്നെയെന്നു തെളിയിച്ച് അഭിഷേക് ശർമ– ട്രാവിസ് ഹെഡ് സഖ്യം കത്തിക്കയറിയതോടെയാണ് പഞ്ചാബ് കിങ്സിനു മുന്നിൽ സൺറൈസേഴ്സ് ഹൈദരാബാദ് കൂറ്റൻ വിജയലക്ഷ്യമുയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 219 റൺസെടുത്തത്. അർധസെഞ്ചറി നേടിയ അഭിഷേക് ശർമ (28 പന്തിൽ 78), ട്രാവിസ് ഹെഡ് (23 പന്തിൽ 38), ഹെൻറിച്ച് ക്ലാസൻ (33 പന്തിൽ 39) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഹൈദരാബാദ് മികച്ച സ്കോർ ഉയർത്തിയത്.

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും ബാറ്റിങ്ങിനിടെ. (PTI Photo/Karma Bhutia)

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും ബാറ്റിങ്ങിനിടെ. (PTI Photo/Karma Bhutia)

ടോസ് നേടിയ ബോളിങ് തിരഞ്ഞെടുത്ത പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തീരുമാനം പാളിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു സൺറൈസേഴ്സിന്റെ തുടക്കം. ആദ്യം ഓവർ മുതൽ അഭിഷേക് ശർമ കളം നിറഞ്ഞതോടെ ഹൈദരാബാദിന്റെ സ്കോർ കുതിച്ചു. ഉറച്ച പിന്തുണയുമായി ട്രാവിസ് ഹെഡും ഒപ്പം ചേർന്നതോടെ പഞ്ചാബ് ബോളർമാർ തല്ലുവാങ്ങിക്കൂട്ടി. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 105 റൺസാണ് അഭിഷേകും ഹെഡും ചേർന്ന് അടിച്ചുകൂട്ടിയത്. ഐപിഎലിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ പവർപ്ലേ സ്കോറാണിത്. സൺറൈസേഴ്സ് തന്നെ 2024ൽ നേടിയ 125/0(vs ഡൽഹി), 107/0 (vs ലക്നൗ) എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. പവർപ്ലേയിൽ മാത്രം 7 സിക്സുകളാണ് അഭിഷേകിന്റെ ബാറ്റിൽനിന്നു പിറന്നത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ബാറ്ററാണ് അഭിഷേക്.

പവർപ്ലേയ്ക്കു ശേഷം മീഡിയം പേസർ ശശാങ്ക് സിങ്ങിനെ പന്തേൽപ്പിക്കാനുള്ള ശ്രേയസ്സ് അയ്യരുടെ തീരുമാനം ഫലം കണ്ടു. ഇതോടെ ഹൈദരാബാദിന്റെ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു. ഒൻപതാം ഓവറിൽ ഹെഡിനെയും അഭിഷേകിനെയും ഒന്നിടവിട്ട പന്തുകളിൽ പുറത്താക്കി ശശാങ്ക് സിങ് ഹൈദരാബാദിന് ഇരട്ടപ്രഹരം നൽകുകയും ചെയ്തു. ഒന്നാം വിക്കറ്റിൽ അഭിഷേകും ഹെഡും ചേർന്ന് 120 റൺസാണ് അടിച്ചുകൂട്ടിയത്. 8 സിക്സും അഞ്ച് ഫോറുമാണ് അഭിഷേകിന്റെ ബാറ്റിൽനിന്നു പിറന്നത്. ഹെഡ് ഒരു സിക്സും അഞ്ച് ഫോറും പായിച്ചു.

മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഇഷാൻ കിഷൻ– ഹെൻറിച്ച് ക്ലാസൻ സഖ്യം ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയെങ്കിലും തുടക്കത്തിലെ വേഗം നിലനിർത്താനായില്ല. 14–ാം ഓവറിൽ ഇഷാനെ (17 പന്തിൽ 27) വീഴ്ത്തി അർഷ്ദീപ് സിങ്, ഈ സീസണിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. പിന്നീടെത്തിയ അനികേത് വർമ (9 പന്തിൽ 18), സലിൽ അറോറ (8 പന്തിൽ 9) എന്നിവർ കാര്യമായ സംഭാവന നൽകിയില്ലെങ്കിലും ഹെൻറിച്ച് ക്ലാസൻ (33 പന്തിൽ 39) സ്കോർ 200 കടത്തുകയായിരുന്നു. അവസാന ഓവറിലാണ് ക്ലാസൻ പുറത്തായത്. ഹർഷ് ദുബെ (1*), നിതീഷ് കുമാർ റെഡ്ഡി (0*) എന്നിവർ പുറത്താകാതെ നിന്നു.

English Summary:

IPL 2026: Punjab Kings vs Sunrisers Hyderabad, Live Score

Read Entire Article