അടികൊണ്ടു വലഞ്ഞ് ബുമ്ര, ബോൾട്ട്, ഠാക്കൂർ, മറുപടിയിൽ അടിക്കാൻ ആളില്ല; മുംബൈയെ തീർത്ത് രാജസ്ഥാൻ റോയൽസ്

1 month ago 7

ഓൺലൈൻ ഡെസ്ക്

Published: April 07, 2026 09:06 PM IST Updated: April 08, 2026 12:42 AM IST

2 minute Read

rajasthan-royals
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന രാജസ്ഥാൻ താരങ്ങൾ. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം FB@IPL ൽ നിന്ന് എടുത്തതാണ്

ഗുവാഹത്തി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനു മൂന്നാം വിജയം. 27 റൺസ് വിജയമാണ് ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ സ്വന്തമാക്കിയത്. മഴ കാരണം മത്സരം 11 ഓവറായി വെട്ടിച്ചുരുക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ 11 ഓവറിൽ മൂന്നിന് 150 റൺസെടുത്തപ്പോൾ, മുംബൈയുടെ മറുപടി ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 123 റൺസിന് അവസാനിച്ചു. ജയത്തോടെ ആറു പോയിന്റുമായി രാജസ്ഥാൻ പട്ടികയില്‍ ഒന്നാം സ്ഥാനത്തു തുടരുകയാണ്. മുംബൈ ഏഴാമതാണ്.

25 റൺസ് വീതം നേടിയ ഷെർഫെയ്ൻ റുഥർഫോഡും നമൻ ധീറുമാണ് മുംബൈയുടെ ടോപ് സ്കോറർ. രാജസ്ഥാനുവേണ്ടി നാന്ദ്രെ ബർഗർ, സന്ദീപ് ശർമ, രവി ബിഷ്ണോയി എന്നിവർ‍ രണ്ടു വിക്കറ്റുകൾ വീതം നേടി. മുന്‍നിര തകർന്നതാണ് ചേസിങ്ങിൽ മുംബൈയ്ക്കു തിരിച്ചടിയായത്. പവർപ്ലേ തീരുംമുൻപേ റയാൻ റിക്കിൾട്ടൻ (എട്ട്), സൂര്യകുമാർ യാദവ് (ആറ്), രോഹിത് ശർമ (അഞ്ച്) എന്നിവരുടെ വിക്കറ്റുകൾ മുംബൈയ്ക്കു നഷ്ടമായിരുന്നു. മധ്യനിരയിൽ തിലക് വർമ (14), ഷെർഫെയ്ൻ റുഥർഫോഡ്, നമൻ ധീർ എന്നിവർ മാത്രമാണു കുറച്ചെങ്കിലും പൊരുതിയത്. അവസാന 12 പന്തിൽ 44 റൺസാണ് മുംബൈയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ മുംബൈയുടെ പോരാട്ടം 11 ഓവറിൽ 123ൽ അവസാനിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 11 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. ഓപ്പണർ യശസ്വി ജയ്സ്വാൾ അർധ സെഞ്ചറിയുമായി പുറത്താകാതെനിന്നു. 32 പന്തുകൾ നേരിട്ട ജയ്സ്വാൾ 77 റൺസെടുത്തു. 14 പന്തുകൾ നേരിട്ട വൈഭവ് സൂര്യവംശി, അഞ്ച് സിക്സുകളും ഒരു ഫോറുമുൾപ്പടെ 39 റൺസാണു നേടിയത്. ക്യാപ്റ്റൻ റിയാൻ പരാഗ് 10 പന്തിൽ 20 റൺസെടുത്തും പുറത്തായി.

ദീപക് ചാഹറിന്റെ ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തിയ ജയ്സ്വാള്‍, ആദ്യ ഓവറിൽ അടിച്ചത് നാലു ഫോറും ഒരു സിക്സുമുൾപ്പടെ 22 റൺസ്. വൈഭവ് സൂര്യവംശി ബുമ്രയ്ക്കു മുന്നിൽ പിടിച്ചുനിൽക്കുമോയെന്ന സംശയം അടുത്ത ഓവറിൽ തന്നെ തീർന്നുകിട്ടി. ബുമ്രയുടെ 131.2 കിലോമീറ്റർ വേഗത്തിലെത്തിയ ആദ്യ പന്ത് മിഡ് ഓണിന് മുകളിലൂടെ സിക്സർ തൂക്കിയാണ് വൈഭവ് ഇന്നിങ്സ് തുടങ്ങിയത്. ഇതേ ഓവറിലെ നാലാം പന്ത് ഡീപ് സ്ക്വയർ ലെഗിന് മുകളിലൂടെ വൈഭവ് സിക്സർ പറത്തി. മൂന്നാം ഓവറിൽ ട്രെന്റ് ബോൾട്ടിനെ വൈഭവ് മൂന്നു തവണ നിലം തൊടാതെ ഗാലറിയിലെത്തിച്ചു. പവർപ്ലേ ഓവറുകളിൽ (3.2 ഓവറുകൾ) വിക്കറ്റു പോകാതെ 59 റൺസാണ് രാജസ്ഥാൻ ഓപ്പണർമാർ അടിച്ചെടുത്തത്.

jaiswal

അർധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളിന്റെ ആഹ്ലാദം

അഞ്ചാം ഓവറിലെ അവസാന പന്തിൽ വൈഭവ് പുറത്തായി. ഷാർദൂൽ ഠാക്കൂറിനെ സിക്സർ പറത്താൻ ശ്രമിച്ച വൈഭവിനെ തകർപ്പനൊരു ക്യാച്ചിലൂടെ തിലക് വര്‍മ പുറത്താക്കി. ധ്രുവ് ജുറേൽ വന്നപോലെ മടങ്ങി. രണ്ടു റൺസെടുത്ത താരം അഫ്ഗാൻ സ്പിന്നർ ഗസൻഫറിന്റെ പന്തിൽ എൽബിഡബ്ല്യു ആയി. 7.3 ഓവറിൽ രാജസ്ഥാൻ 100 കടന്നു. രണ്ടു സിക്സുകളും ഒരു ഫോറും ബൗണ്ടറി കടത്തിയ റിയാൻ പരാഗിനെ ഗസൻഫറിന്റെ പന്തിൽ തിലക് വർമ ക്യാച്ചെടുത്താണു പുറത്താക്കിയത്.

രാജസ്ഥാൻ റോയൽസ്– വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാൾ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ‍), ഷിമ്രോൺ ഹെറ്റ്മിയർ, ഡോനോവൻ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ.

മുംബൈ ഇന്ത്യൻസ്– രോഹിത് ശർമ, റയാൻ റിക്കിൾട്ടൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാർ യാദവ്, നമൻ ധീർ, ഷാർദൂൽ ഠാക്കൂർ, ദീപക് ചാഹർ, ഗസൻഫാർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുമ്ര.

English Summary:

Indian Premier League 2026, Rajasthan Royals vs Mumbai Indians Match Live Updates

Read Entire Article