അടിക്ക് തിരിച്ചടി, മൊറോക്കോ ലീഡിന് മറുപടി വിനീസ്യൂസിന്റെ വണ്ടർ ഗോൾ, ഗോളില്ലാ രണ്ടാം പകുതി, സമനില തെറ്റാതെ ബ്രസീൽ

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: June 14, 2026 05:57 AM IST Updated: June 14, 2026 07:32 AM IST

2 minute Read

പന്തുമായി വിനീസ്യൂസ് ജൂനിയറിന്റെ മുന്നേറ്റം. Photo by ANGELA WEISS / AFP
പന്തുമായി വിനീസ്യൂസ് ജൂനിയറിന്റെ മുന്നേറ്റം. Photo by ANGELA WEISS / AFP

ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ പിന്നിൽനിന്ന ശേഷം സമനില തെറ്റാതെ തിരിച്ചെത്തി ബ്രസീൽ. 21-ാം മിനിറ്റിൽ ഇസ്മായിൽ സയ്ബാരിയിലൂടെ മൊറോക്കോ മുന്നിലെത്തിയപ്പോൾ പത്ത് മിനിറ്റുകൾക്കപ്പുറം 32–ാം മിനിറ്റിൽ വിനിസ്യൂസ് ജൂനിയറാണ് ബ്രസീലിന്റെ രക്ഷകനായത്. രണ്ടാം പകുതിയിൽ ഇരു ടീമുകളും ചടുലമായ നീക്കങ്ങളുമായി കളം നിറഞ്ഞെങ്കിലും മൂന്നാമതൊരു ഗോൾ നേടാൻ സാധിച്ചില്ല. സൂപ്പർ താരം നെയ്മാറില്ലാതെ ഇറങ്ങിയ ബ്രസീലിനൊപ്പം നിൽക്കുന്ന പ്രകടനമാണ് മൊറോക്കോ ഗ്രൗണ്ടിൽ പുറത്തെടുത്തത്.

What you should work next

മത്സരത്തിന്റെ ഏഴാം മിനിറ്റിൽ മൊറോക്കോയുടെ 24–ാം നമ്പർ താരം നെയ്ൽ എൽ അയനുയുടെ നീക്കത്തോടെയാണു മത്സരം ചൂടുപിടിച്ചത്. പെനാൽറ്റി ബോക്സിനു മുന്നിൽനിന്നു പന്തു പിടിച്ചെടുത്ത് നെയ്ൽ തൊടുത്ത ഷോട്ട് ബ്രസീൽ പ്രതിരോധ താരങ്ങൾ തട്ടിയകറ്റി. ആദ്യ 10 മിനിറ്റുകളിൽ ബ്രസീലിന്റെ ഗോൾ മുഖത്ത് തുടർച്ചയായി പന്തെത്തിക്കാന്‍ മൊറോക്കോയ്ക്ക് സാധിച്ചു. അതിവേഗ നീക്കങ്ങളുമായി ബ്രസീലും മറുപടി നൽകിയതോടെ ഫൗളുകൾക്കും കുറവുണ്ടായില്ല. 12 മിനിറ്റുകൾക്കുള്ളിൽ ആറ് ഗോൾ നീക്കങ്ങളാണ് മൊറോക്കോ നടത്തിയത്. 14–ാം മിനിറ്റിൽ മൊറോക്കോ ഗോളി മാത്രം മുന്നിൽ നില്‍ക്കെ ലഭിച്ച ഹെഡര്‍ അവസരം ബ്രസീൽ താരം ഇഗോർ തിയാഗോ പാഴാക്കി. ക്രോസ് കണക്ട് ചെയ്യാൻ തിയാഗോയ്ക്ക് സാധിച്ചില്ല.

 CHARLY TRIBALLEAU / AFP

ബ്രസീൽ– മൊറോക്കോ മത്സരത്തിൽനിന്ന്. Photo: CHARLY TRIBALLEAU / AFP

20–ാം മിനിറ്റില്‍ ലൂകാൻ പാക്കെറ്റയിലൂടെയും ബ്രസീൽ ഗോൾ നീക്കം നടത്തിനോക്കി. മത്സരത്തിൽ ബ്രസീൽ നിലയുറപ്പിക്കുന്നു എന്നു തോന്നിയ ഘട്ടത്തിലാണ് കാനറികളുടെ നെഞ്ചുലച്ച് മൊറോക്കോയുടെ ഗോളെത്തുന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്തു ലഭിച്ച പത്താം നമ്പര്‍ താരം ബ്രാഹിം ഡിയാസാണു ഗോളിനു വഴി മരുന്നിട്ടത്. ബ്രാഹിം നീട്ടിനൽകിയ പന്തിലേക്ക് ഓടിയടുത്ത ഇസ്മായിൽ സയ്ബാരി ബ്രസീലിയൻ താരങ്ങളുടെ പ്രതിരോധ ഭീഷണി കടന്ന്, ഗോൾ കീപ്പർ അലിസൻ ബെക്കറിനു മുകളിലൂടെയാണ് പന്ത് വലയിലെത്തിച്ചത്. ബെക്കർ മുന്നിലോട്ടു കയറിവന്നപ്പോൾ, പെനാൽറ്റി ആർക്കിൽനിന്ന് സായ്ബാരി പന്ത് ഉയർത്തി അടിക്കുകയായിരുന്നു.

What you should work next

കൊണ്ടും കൊടുത്തും മൊറോക്കോ– ബ്രസീൽ താരങ്ങൾ പോരാടുന്നതിനിടെയാണ് പത്തു മിനിറ്റുകൾക്കപ്പുറം ബ്രസീൽ സമനില പിടിക്കുന്നത്. 32–ാം മിനിറ്റിൽ ബ്രസീലിയൻ യുവതാരം വിനീസ്യൂസ് ജൂനിയർ ലക്ഷ്യം കണ്ടു. മൊറോക്കോ ഗോൾ പോസ്റ്റിന്റെ ഇടതു ഭാഗത്തുനിന്ന് പന്തു സ്വീകരിച്ച വിനീസ്യൂസ് കട്ട് ചെയ്ത് മുന്നോട്ടു കയറിശേഷം പോസ്റ്റിന്റെ ടോപ് കോർണർ ലക്ഷ്യമിട്ടു. ബ്രൂണോ ഗിമാറസാണ് ഈ ഗോളിനു വഴിയൊരുക്കിയത്. മൊറോക്കോ താരം നെയ്ൽ എൽ അയ്നൂറിയെ ഫൗൾ ചെയ്തതതിന് 37–ാം മിനിറ്റിൽ കാസെമിറോ യെല്ലോ കാർഡ് കണ്ടു. നാലു മിനിറ്റാണ് ആദ്യ പകുതിക്ക് അധിക സമയം അനുവദിച്ചത്. 45–ാം മിനിറ്റിൽ ലൂകാസ് പാക്കെറ്റ സീസർ കട്ടിലൂടെ മനോഹരമായൊരു ഗോൾ പ്രതീക്ഷിച്ചെങ്കിലും, മൊറോക്കോ ഗോളി യാസിൻ ബോനു പ്രതിരോധിച്ചു. റാഫിഞ്ഞയുടെ കോർണറും ബ്രസീലിന് മുതലെടുക്കാൻ സാധിച്ചില്ല. ഇതോടെ ആദ്യ പകുതി 1–1ന് അവസാനിച്ചു.

ബ്രസീൽ– മൊറോക്കോ പോരാട്ടത്തിലെ രണ്ടാം പകുതിയിൽ ഗോളില്ലെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ രണ്ട് കോർണറുകൾ ബ്രസീൽ നേടിയെടുത്തെങ്കിലും രണ്ടും ലക്ഷ്യത്തിലെത്താൻ സാധിച്ചില്ല. ഹാഫ് ടൈമിനു പിന്നാലെ റോജര്‍ ഇബനെസ്, കാസെമിറോ എന്നിവരെ പിൻവലിച്ച ബ്രസീൽ ഫാബിഞ്ഞോ, ദാനിലോ എന്നിവരെ പകരക്കാരാക്കി ഇറക്കി. 51–ാം മിനിറ്റിൽ ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി കുതിച്ച വിനീസ്യൂസ്, മൊറോക്കോ പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ബോക്സിനകത്തെത്തിയെങ്കിലും പാസ് സ്വീകരിക്കാൻ ആളുണ്ടായിരുന്നില്ല. പന്ത് പിടിച്ചെടുത്ത മൊറോക്കോ പ്രതിരോധ താരങ്ങൾ ഭീഷണി ഒഴിവാക്കി. 52-ാം മിനിറ്റിൽ അതിവേഗ ത്രോയുടെ ആനുകൂല്യത്തിൽ തിയാഗോ ഗോൾ നേടാൻ ശ്രമിച്ചപ്പോൾ പന്ത് നേരെ പോയത് മൊറോക്കോ ഗോളി യാസിൻ ബോനുവിന്റെ കൈകളിലേക്കായിരുന്നു. രണ്ടാം പകുതിയിൽ ലൂയിസ് എൻറിക്വെ, മതിയൂസ് കുഞ്ഞ എന്നിവരെ ബ്രസീൽ കളത്തിലിറക്കി. ബ്രസീൽ നാല് സബ്സ്റ്റിറ്റ്യൂഷനുകൾ പൂർത്തിയാക്കിയപ്പോഴും മൊറോക്കോ ടീമിൽ ഒരു മാറ്റം പോലും വരുത്തിയിരുന്നില്ല. എന്നാല്‍ 65–ാം മിനിറ്റിൽ ബിലാല്‍ എൽ ഖാന്നുസ്, അസെദിൻ ഔനാഹി എന്നിവരെ മൊറോക്കോ കളിക്കാനിറക്കി.

ബ്രസീൽ– മൊറോക്കോ മത്സരത്തിൽനിന്ന്. CHARLY TRIBALLEAU / AFP

ബ്രസീൽ– മൊറോക്കോ മത്സരത്തിൽനിന്ന്. CHARLY TRIBALLEAU / AFP

72-ാം മിനിറ്റിൽ ബോക്സിനു വെളിയിൽനിന്നു പന്തു സ്വീകരിച്ച മൊറോക്കോയുടെ ആദ്യ ഗോൾ സ്കോറർ ഇസ്മായില്‍ സയ്ബാരി ഗോൾമുഖം ലക്ഷ്യമിട്ടു. പക്ഷേ പന്തു ഗതിമാറി. 75 മിനിറ്റുകൾക്കു ശേഷം ലീഡെടുക്കുക ലക്ഷ്യമിട്ട് ബ്രസീൽ മുന്നേറ്റം കടുപ്പിച്ചു. പക്ഷേ ലക്ഷ്യത്തിലെത്തിയില്ല. 78–ാം മിനിറ്റിൽ പന്തുമായി മൊറോക്കോ ബോക്സിന്റെ ഇടതു മൂലയിലേക്കു കുതിച്ച മതിയൂസ് കുഞ്ഞ പന്ത് മധ്യത്തിലേക്കു കൈമാറി. കിക്കെടുത്ത റാഫിഞ്ഞയുടെ ഷോട്ട് മൊറോക്കോ ഗോളി യാസിൻ ബോനു പിടിച്ചെടുത്തു. 10 മിനിറ്റാണ് മത്സരത്തിന് ഇൻജറി ടൈമായി അനുവദിച്ചത്. 92–ാം മിനിറ്റിൽ ബ്രസീലിന് അനുകൂലമായി രണ്ട് കോർണറുകൾ കിട്ടിയെങ്കിലും, എല്ലാം മൊറോക്കൻ പ്രതിരോധം തടഞ്ഞുനിർത്തി. ഇൻജറി ടൈമിൽ മൊറോക്കോയ്ക്കു ലഭിച്ച ഫ്രീകിക്ക് പാഴായി. കളി അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കി നിൽക്കെ നെയ്ൽ എൽ അയ്നൂയും അയൂബ് അമയ്മൗനിയും ചേർന്ന് ബ്രസീലിനെതിരെ ഇരച്ചെത്തിയെങ്കിലും ഗോൾ കീപ്പർ അലിസൻ പെക്കർ പിടിച്ചെടുത്തു. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ, ഞായറാഴ്ച നടന്ന രണ്ടാം പോരാട്ടത്തിലും സ്കോർ 1–1. 12.30ന് നടന്ന ഖത്തർ– സ്വിറ്റ്സർലൻഡ് മത്സരവും 1–1 എന്ന സ്കോറിലാണ് അവസാനിച്ചത്.

English Summary:

Brazil Fights Back for a Draw Against Morocco successful FIFA World Cup Opener

Read Entire Article