Published: May 09, 2026 11:17 PM IST
1 minute Read
ജയ്പുർ ∙ അടിച്ചുകയറി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും കറക്കിവീഴ്ത്തി വൈസ് ക്യാപ്റ്റൻ റാഷിദ് ഖാനും കളംനിറഞ്ഞപ്പോൾ രാജസ്ഥാൻ റോയൽസിനെ അവരുടെ ഹോഗ്രൗണ്ടിൽ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്. ഗുജറാത്ത് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്റെ ഇന്നിങ്സ് 16.3 ഓവറിൽ 152 റൺസിൽ അവസാനിച്ചു. ഗുജറാത്തിന് 77 റൺസ് വിജയം. റൺസ് അടിസ്ഥാനത്തിൽ ഗുജറാത്തിന്റെ ഏറ്റവും വലിയ ജയമാണ് ഇത്.
ബാറ്റിങ്ങിൽ അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (44 പന്തിൽ 84), സായ് സുദർശൻ (36 പന്തിൽ 55) ബോളിങ്ങിൽ നാല് ഓവറിൽ 33 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനുമാണ് ഗുജറാത്തിന്റെ വിജയശിൽപികൾ. ജയത്തോടെ 14 പോയിന്റുമായി ഗുജറാത്ത് അഞ്ചാം സ്ഥാനത്തുനിന്ന് ഒറ്റയടിക്ക് രണ്ടാം സ്ഥാനത്തേയ്ക്കു കയറി. 12 പോയിന്റുള്ള രാജസ്ഥാൻ അഞ്ചാം സ്ഥാനത്തേയ്ക്കു താഴ്ന്നു.
മറുപടി ബാറ്റിങ്ങിൽ, ആദ്യ മൂന്നു വിക്കറ്റുകൾ പവർപ്ലേയ്ക്കുള്ളിൽ തന്നെ രാജസ്ഥാനു നഷ്ടമായി. വൈഭവ് സൂര്യവംശി (16 പന്തിൽ 36), ക്യാപ്റ്റൻ യശസ്വി ജയ്സ്വാൾ (4 പന്തിൽ 3), ഷിമ്രേൺ ഹെറ്റ്മയർ (7 പന്തിൽ 6) എന്നിവരാണ് പുറത്തായത്. പവർപ്ലേയ്ക്കു ശേഷം റാഷിദ് ഖാനും കളംനിറഞ്ഞതോടെ രാജസ്ഥാൻ ബാറ്റിങ് നിര പൂർണമായും തകർന്നു. ധ്രുവ് ജുറേൽ (10 പന്തിൽ 24), രവീന്ദ്ര ജഡേജ (25 പന്തിൽ 38) എന്നിവർ മാത്രമാണ് അൽപമെങ്കിലുംം പിടിച്ചുനിന്നത്. വാലറ്റക്കാരെ ജയ്സൻ ഹോൾഡറും മടക്കിയതോടെ 17–ാം ഓവറിൽ രാജസ്ഥാൻ ഓൾഔട്ടായി. ഹോൾഡർ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ കഗീസോ റബാദ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (44 പന്തിൽ 84)– സായ് സുദർശൻ (36 പന്തിൽ 55) ഓപ്പണിങ് സഖ്യം നൽകിയ ബാറ്റിങ് അടിത്തറയുടെ കരുത്തിലാണ് ഗുജറാത്ത് കൂറ്റൻ സ്കോർ നേടിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 118 റൺസ് കൂട്ടിച്ചേർത്തു. 11–ാം ഓവറിലാണ് ഗുജറാത്തിന്റെ ആദ്യ വിക്കറ്റ് വീണത്. സ്ഥിരം ക്യാപ്റ്റൻ റിയാൻ പരാഗിനു പകരം നയിച്ച യശസ്വി ജയ്‌സ്വാളിന്റെ തന്ത്രങ്ങളും പാളി. അവസാന ഓവറുകളിൽ തകർത്തടിച്ച വാഷിങ്ടൻ സുന്ദറിന്റെ (20 പന്തിൽ 37*) ബാറ്റിങ്ഹാണ് ഗുജറാത്ത് സ്കോർ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസിൽ എത്തിച്ചത്. രാജസ്ഥാനായി ബ്രിജേഷ് ശർമ രണ്ടു വിക്കറ്റ് വീഴ്ത്തി.
English Summary:







English (US) ·