Published: March 09, 2026 11:50 AM IST Updated: March 09, 2026 11:56 AM IST
1 minute Read
അർഹതയുണ്ടായിട്ടും അവഗണന മാത്രം നേരിടേണ്ടിവന്നവൻ അംഗീകാരത്തിന്റെ ആകാശത്തേക്കു ചിറകടിച്ചു പറന്നപ്പോൾ കോടിക്കണക്കിനു ക്രിക്കറ്റ് ആരാധകർ അതിനു സാക്ഷിയായി. കഠിനാധ്വാനം മാത്രം കൈമുതലാക്കിയവനെ കാലം തന്റെ കൈകളിൽ ചേർത്തുപിടിച്ചു. കേരളത്തിന്റെ കരളിലെ കൽപകത്തുണ്ട് ഇന്നലെ ഇന്ത്യയുടെ കണ്ണിലുണ്ണിയായി. ആനന്ദത്തിന്റെ ആകാശഗംഗയിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആടിത്തിമിർത്തപ്പോൾ, അതിന്റെ അമരത്ത് പതിവ് പുഞ്ചിരിയുമായി അയാൾ അമർന്നിരുന്നു; സഞ്ജു സാംസൺ നിങ്ങൾ ഈ നാടിന്റെ നായകനാകുന്നു...
രണ്ടാമുദയംആദ്യം മുതൽ അവസാനം വരെ ആഞ്ഞടിക്കാൻ മാത്രം ശീലിച്ച സഞ്ജുവിനെയല്ല ഈ ട്വന്റി20 ലോകകപ്പിലെ അവസാന 3 മത്സരങ്ങളിലും കണ്ടത്, പ്രത്യേകിച്ച് ഫൈനലിൽ. തനിക്കു നല്ല തുടക്കം ലഭിച്ചിട്ടും, അഭിഷേക് ശർമ ആളിക്കത്താൻ തുടങ്ങിയപ്പോൾ അതിനുള്ള അരങ്ങൊരുക്കാനാണ് സഞ്ജു ശ്രമിച്ചത്. അഭിഷേകിനു പകരം ഇഷാൻ കിഷൻ വന്നപ്പോഴും ഇതേ സഹനടന്റെ റോളിലേക്ക് സഞ്ജു മാറി. അപ്പോഴും സ്വന്തം സ്ട്രൈക്ക് റേറ്റും ടീമിന്റെ റൺറേറ്റും ഒരു ഘട്ടത്തിൽപോലും താഴെപ്പോകാൻ സഞ്ജു അനുവദിച്ചില്ല. നേരിട്ട 46 പന്തിൽ പിറന്ന 8 സിക്സും 5 ഫോറും തന്നെ അതിന് ഉദാഹരണം.
മാറ്റ് ഹെൻറിയുടെ ആദ്യ ഓവറിലെ ഒരു ഇൻസ്വിങ്ങറിൽ സഞ്ജു വിക്കറ്റിനു മുന്നിൽ കുടുങ്ങേണ്ടതായിരുന്നു. എന്നാൽ ഇൻസൈഡ് എഡ്ജിന്റെ രൂപത്തിൽ ഭാഗ്യം സഞ്ജുവിനെ രക്ഷിച്ചു. പിന്നാലെ ചില മിസ് ഹിറ്റുകൾ ആകാശത്തേക്കുയർന്നെങ്കിലും ഫീൽഡർമാരില്ലാത്ത സ്ഥലങ്ങളിലായിരുന്നു അവയെല്ലാം പതിച്ചത്. എന്നോ എഴുതപ്പെട്ട നിയോഗത്തിലേക്കുള്ള യാത്രയിൽ ഭാഗ്യവും സഞ്ജുവിന്റെ സഹയാത്രികനായി.
സഞ്ജു, തുടരുംആക്ഷേപങ്ങളുടെ ഉലയിൽ വെന്തുരുകിയിട്ടും വിമർശനങ്ങളുടെ ചുറ്റികയാൽ പലകുറി അടിച്ചമർത്തപ്പെട്ടിട്ടും വിടാതെ പൊരുതി, സ്വയം പരുവപ്പെടുത്തിയെടുത്ത കരിയറാണ് സഞ്ജുവിന്റേത്. 11 വർഷത്തോളം ദേശീയ ടീമിന്റെ ഭാഗമായിട്ടും വിരലിൽ എണ്ണാവുന്ന മത്സരങ്ങളിൽ മാത്രമേ ഇന്ത്യൻ ജഴ്സി അണിയാൻ സഞ്ജുവിന് അവസരം ലഭിച്ചിട്ടുള്ളൂ. ആ ‘അനീതി’ തിരുത്താൻ ഇന്ത്യൻ ക്രിക്കറ്റിനുള്ള അവസരം കൂടി തുറന്നിട്ടാണ് ഈ ലോകകപ്പ് അവസാനിച്ചത്.
സൂര്യകുമാർ യാദവിനു ശേഷം ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തേക്ക് നിലവിൽ സഞ്ജുവിനെക്കാൾ മികച്ചൊരു ഓപ്ഷൻ സിലക്ടർമാർക്കു മുന്നിലില്ല. അടിയൊഴുക്കുകൾ ഉണ്ടായില്ലെങ്കിൽ അധികം വൈകാതെ നീലക്കുപ്പായത്തിന്റെ നായകനായി ഒരു മലയാളി അവതരിക്കുന്ന ചരിത്ര മുഹൂർത്തത്തിനും ലോകം സാക്ഷിയാകും.
English Summary:







English (US) ·