Published: February 07, 2026 02:48 PM IST Updated: February 07, 2026 03:34 PM IST
1 minute Read
കൊളംബോ∙ട്വന്റി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ നെതർലൻഡ്സ് ഉയർത്തിയ അട്ടിമറി ഭീഷണിയിൽനിന്നു രക്ഷപെട്ട് പാക്കിസ്ഥാൻ. അവസാന ഓവറുകളിൽ ഫഹീം അഷറഫിന്റെ ബാറ്റിങ്ങാണ് പാക്കിസ്ഥാനെ നാണക്കേടിൽനിന്നു രക്ഷിച്ചത്. ആദ്യം ബാറ്റു ചെയ്ത നെതർലൻഡ്സ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യത്തിലേക്ക് 19.3 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ എത്തി. പാക്കിസ്ഥാനു മൂന്നു വിക്കറ്റ് വിജയം. ഫഹീം അഷറഫാണു കളിയിലെ താരം.
മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും പാക്കിസ്ഥാന്റെ കൂട്ടത്തകർച്ച നെതർലൻഡ്സിന് ഒരു അട്ടിമറിക്കുള്ള സാധ്യതകൾ തുറന്നു നൽകിയിരുന്നു. എന്നാൽ 11 പന്തിൽ 29 റൺസെടുത്തു തിളങ്ങിയ ഫഹീം അഷറഫിന്റെ ഇന്നിങ്സാണ് മൂന്നു പന്തുകൾ ബാക്കിനിൽക്കെ പാക്കിസ്ഥാനെ വിജയത്തിലെത്തിച്ചത്. മുൻനിരയിൽ ഓപ്പണർമാരായ സഹിബ്സദ ഫർഹാന്‍ (47), സയിം അയൂബ് (13 പന്തിൽ 23) എന്നിവർ ചേർന്ന് താരതമ്യേന മോശമല്ലാത്ത തുടക്കം പാക്കിസ്ഥാനു നൽകിയിരുന്നു.
എന്നാൽ മധ്യനിരയിൽ ഉസ്മാൻ ഖാൻ (പൂജ്യം), ശതാബ് ഖാൻ (എട്ട്), മുഹമ്മദ് നവാസ് (ആറ്) എന്നിവർ അതിവേഗം മടങ്ങിയതാണ് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയത്. ക്യാപ്റ്റൻ സൽമാൻ ആഗയ്ക്കും (12),ബാബർ അസമിനും (15) വലിയ സ്കോറുകൾ കണ്ടെത്താൻ സാധിച്ചുമില്ല. അവസാന 12 പന്തിൽ 29 റൺസായിരുന്നു പാക്കിസ്ഥാനു ജയിക്കാൻ വേണ്ടിയിരുന്നത്.
ലോഗൻ വാന്‍ബീക്കിന്റെ 19–ാം ഓവറിൽ മൂന്നു സിക്സുകളും ഒരു ഫോറും ഉൾപ്പടെ 24 റണ്‍സ് ഫഹീം അഷറഫ് അടിച്ചെടുത്തതോടെയാണ് പാക്കിസ്ഥാന് ശ്വാസം നേരെ വീണത്. 20–ാംഓവറിൽ ബാസ് ഡെ ലീഡിന്റെ മൂന്നാം പന്ത് കവറിനു മുകളിലൂടെ ബൗണ്ടറി പായിച്ച് ഫഹീം പാക്കിസ്ഥാന്റെ വിജയമാഘോഷിച്ചു.
മധ്യനിരയിൽ ക്യാപ്റ്റൻ സ്കോട്ട് എഡ്‍വാർഡ്സ് (29 പന്തിൽ 37), ബാസ് ഡെ ലീഡ് (25 പന്തിൽ 30), കോളിൻ അക്കർമാന്‍ (14 പന്തിൽ 20) എന്നിവരുടെ പ്രകടനങ്ങളാണ് ചെറുതെങ്കിലും പാക്കിസ്ഥാനോടു പൊരുതിനിൽക്കാവുന്ന സ്കോറിലേക്ക് നെതർലൻഡ്സിനെ എത്തിച്ചത്. ഓപ്പണർ മിച്ചൽ ലെവിറ്റ് 24 റൺസടിച്ചും പുറത്തായി. എന്നാൽ ലോവര്‍ മിഡിൽ ഓർഡറും വാലറ്റവും പൊരുതാതെ കീഴടങ്ങിയത് നെതർലൻഡ്സിനു തിരിച്ചടിയായി. 105 ന് നാല് എന്ന നിലയിൽനിന്ന് 147 റൺസിലെത്തുമ്പോഴേക്കും നെതര്‍ലൻഡ്സ് ഓൾഔട്ടായിരുന്നു. പാക്കിസ്ഥാനു വേണ്ടി സൽമാൻ മിർസ മൂന്നും മുഹമ്മദ് നവാസ്, അബ്രാർ അഹമ്മദ്, സയിം അയൂബ് എന്നിവർ രണ്ടു വീതവും വിക്കറ്റുകൾ വീഴ്ത്തി.
English Summary:







English (US) ·