Published: March 26, 2026 11:00 PM IST
1 minute Read
ന്യൂയോർക്ക് ∙ ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്കും ഡിഎസ്ഡി (Differences successful Sex Development) വിഭാഗത്തിൽപ്പെട്ട കായികതാരങ്ങൾക്കും ഒളിംപിക്സ് കായിക ഇനങ്ങളിലെ വനിതാ വിഭാഗത്തിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തി രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി). 2028 ലൊസാഞ്ചലസ് ഒളിംപിക്സ് തൊട്ട് ഇതു പ്രാബല്യത്തിൽവരുമെന്ന് ഐഒസി പ്രസിഡന്റ് കിർസ്റ്റി കോവെൻട്രി പറഞ്ഞു. ജൈവിക പുരുഷന്മാർ വനിതാ വിഭാഗത്തിൽ മത്സരിക്കുന്നത് ന്യായമല്ലെന്നു വ്യക്തമാക്കിയാണ് തീരുമാനം. ഒളിംപിക്സിലെ വനിതാ വിഭാഗത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന കായികതാരങ്ങൾ ഒറ്റത്തവണ ജനിതക പരിശോധനയ്ക്ക് വിധേയരാകണമെന്നും ഐഒസി കൂട്ടിച്ചേർത്തു. ഇത് ജൈവിക സ്ത്രീകൾക്കും ബാധകമായിരിക്കും. ഉമ്മിനീർ, കവിളിലെ സ്രാവം അല്ലെങ്കിൽ രക്ത സാംപിൾ എന്നിവ വഴി ജനതിക പരിശോധന നടത്തുമെന്നും മറ്റ് രീതികളെ അപേക്ഷിച്ച് ഇത് ബുദ്ധിമുട്ടില്ലാത്തതാണെന്നും ഐഒസി പറഞ്ഞു.
എല്ലാ രാജ്യാന്തരര ഫെഡറേഷനുകളും നാഷനൽ ഒളിംപിക് കമ്മിറ്റികളും ഈ നയം അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യണമെന്ന് ഐഒസി അറിയിച്ചു. 2024ലെ പാരിസ് ഒളിംപിക്സിൽ, അൾജീരിയൻ ബോക്സർ ഇമാനെ ഖെലിഫും ചൈനീസ് തായ്‌പേയ് ബോക്സർ ലിൻ യു-ടിങ്ങും അതത് വിഭാഗങ്ങളിൽ സ്വർണ മെഡലുകൾ നേടിയതോടെ ഉയർന്ന ടെസ്റ്റോസ്റ്റിറോൺ അളവുള്ള അല്ലെങ്കിൽ എക്സ് വൈ ക്രോമസോമുകളുള്ള അത്‌ലറ്റുകളുടെ പങ്കാളിത്തം വിവാദമായിരുന്നു. ഗെയിംസിന് മുൻപ് ജനിതക പരിശോധനയിൽ പരാജയപ്പെട്ടെന്ന് ഇരു ബോക്സർമാർക്കെതിരെയും ആരോപണം ഉയർന്നിരുന്നു.
2023ൽ ന്യൂഡൽഹിയിൽ നടന്ന ലോക ബോക്സിങ് ചാംപ്യൻഷിപ്പിനിടെ അൾജീരിയൻ ബോക്സർ ജനിതക പരിശോധനയിൽ പരാജയപ്പെട്ടുവെന്ന് രാജ്യാന്തര ബോക്സിങ് അസോസിയേഷൻ അറിയിച്ചതോടെ ഖെലിഫ് വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി. ഒരു പതിറ്റാണ്ടിലേറെയായി ട്രാൻസ്‌ജെൻഡർ, ഡിഎസ്ഡി അത്‌ലറ്റുകളുടെ വനിതാ വിഭാഗത്തിലെ പങ്കാളിത്തം സംബന്ധിച്ച പ്രശ്നത്തിൽ രാജ്യാന്തര കായികമേഖല പ്രതിസന്ധി നേരിടുകയായിരുന്നു. 2021ൽ ന്യൂസീലൻഡ് വെയ്റ്റ്‌ലിഫ്റ്റർ ലോറൽ ഹബ്ബാർഡാണ് വനിതാ വിഭാഗത്തിൽ ഒളിംപിക്സിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്‌ജെൻഡർ വനിത.
ബാധിക്കപ്പെട്ട അത്‌ലറ്റുകളുമായി നേരിട്ട് കൂടിയാലോചനകൾ നടത്തിയെന്നും ഐഒസി അത്‌ലറ്റ്സ് കമ്മിറ്റിയുമായി ചർച്ച ചെയ്തെന്നും ശാസ്ത്രം, രാജ്യാന്തര കായിക ഫെഡറേഷനുകളുടെ നയങ്ങൾ, നിയമത്തിലെ മാറ്റങ്ങൾ എന്നിവ പരിശോധിച്ച ശേഷമാണ് തീരുമാനം കൊക്കൊണ്ടതെന്ന ഐഒസി വ്യക്തമാക്കി. ഈ നയം ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മെഡിക്കൽ വിദഗ്ധരുടെ നേതൃത്വത്തിലാണ് തയാറാക്കിയതെന്നും ഐഒസി പ്രസിഡന്റ് കിർസ്റ്റി കോവെൻട്രി പറഞ്ഞു.
‘‘ഒരു മുൻ അത്‌ലറ്റ് എന്ന നിലയിൽ, എല്ലാ ഒളിംപ്യന്മാർക്കും നീതിയുക്തമായ മത്സരത്തിൽ പങ്കെടുക്കാനുള്ള അവകാശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഒളിംപിക് ഗെയിംസിൽ, ചെറിയ വ്യത്യാസങ്ങൾ പോലും വിജയവും പരാജയവും തമ്മിലുള്ള മാറ്റത്തിന് കാരണമാകും. അതുകൊണ്ട് ജൈവിക പുരുഷന്മാർ വനിതാ വിഭാഗത്തിൽ മത്സരിക്കുന്നത് നീതിയല്ല എന്നത് തികച്ചും വ്യക്തമാണ്. കൂടാതെ, ചില കായിക ഇനങ്ങളിൽ ഇത് സുരക്ഷിതവുമല്ല. ഓരോ അത്‌ലറ്റിനോടും മാന്യമായും ആദരവോടെയും പെരുമാറണം. അത്‌ലറ്റുകൾ ജീവിതത്തിൽ ഒരിക്കൽ മാത്രം പരിശോധനയ്ക്ക് വിധേയരായാൽ മതിയാകും.’’– അവർ പറഞ്ഞു.
English Summary:








English (US) ·