Published: February 26, 2026 10:17 PM IST
1 minute Read
ചെന്നൈ ∙ ഹോം ഗ്രൗണ്ടിൽ സ്വന്തം ‘ചേട്ടന്’ വമ്പൻ വരവേൽപ് നൽകി ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം. രാജസ്ഥാൻ റോയൽസിൽനിന്ന് ചെന്നൈ സൂപ്പർ കിങ്സിലേക്കു ചേക്കേറിയ ശേഷം സിഎസ്കെയുടെ സ്വന്തം ‘ചേട്ടൻ’ സഞ്ജു സാംസൺ ആദ്യമായാണ് ഹോംഗ്രൗണ്ടിൽ കളിക്കാൻ ഇറങ്ങിയത്. ടോസ് സമയത്ത്, സഞ്ജു കളിക്കുന്ന വിവരം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞപ്പോൾ തന്നെ വൻ ആരവമാണ് സ്റ്റേഡിയത്തിൽ ഉയർന്നത്. ഇതോടെ സൂര്യയും ചിരിച്ചുപോയി. സഞ്ജു കീപ്പ് ചെയ്യുമോ എന്ന് ബ്രോഡ്കാസ്റ്റർ അവതാരകനായ രവി ശാസ്ത്രി എടുത്തുചോദിച്ചപ്പോൾ, സൂര്യ അതേയെന്ന് മറുപടി നൽകുകയും ചെയ്തു. ഇതോടെ സ്റ്റേഡിയം വീണ്ടും ഇളകി മറിഞ്ഞു.
റിങ്കു സിങ്ങിനു പകരക്കാരനായി പ്ലേയിങ് ഇലവനിലെത്തിയ സഞ്ജുവാണ് അഭിഷേക് ശർമയ്ക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഇടംകൈ – വലംകൈ കോംബിനേഷനിലുള്ള ബാറ്റർമാർ ടോപ് ഓർഡറിൽ വേണമെന്നു ടീം മാനേജ്മെന്റ് തീരുമാനിച്ചതോടെയാണ് സഞ്ജുവിന് ഓപ്പണർ സ്ഥാനം ലഭിച്ചത്. നേരിട്ട രണ്ടാമത്തെ പന്തിൽ തന്നെ സിക്സറടിച്ചുകൊണ്ട് സഞ്ജു തന്റെ വരവ് അറിയിക്കുകയും ചെയ്തു. ഇതോടെ ചെപ്പോക്ക് സ്റ്റേഡിയം ആവേശക്കടലായി. പിന്നാലെ ലെഗ് ബൈയിലൂടെ ഒരു ബൗണ്ടറി കൂടി ആദ്യ ഓവറില്‍ ലഭിച്ചതോടെ ഇന്ത്യ ആദ്യ ഓവറില്‍ 13 റണ്‍സടിച്ചു. ബ്ലെസിങ് മൂസര്‍ബനി എറിഞ്ഞ രണ്ടാം ഓവറിലും സഞ്ജു ഒരു സിക്സർ കൂടി പറത്തി. ഇതോടെ രണ്ടോവറില്‍ ഇന്ത്യ 23 റണ്‍സിലെത്തി. മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മ രണ്ട് ബൗണ്ടറി നേടിയതിന് പിന്നാലെ സഞ്ജുവും ബൗണ്ടറി നേടി.
ആകെ രണ്ടു സിക്സും ഒരു ഫോറുമാണ് സഞ്ജുവിന്റെ ബാറ്റിൽനിന്നു പിറന്നത്. നാലാം ഓവറിൽ സിംബാബ്‌വെ പേസർ ബ്ലസിങ് മൂസറബനി എറിഞ്ഞ ഷോർട്ട് ബോളിൽ പുൾ ഷോട്ടിന് ശ്രമിച്ച സഞ്ജു പുറത്തായെങ്കിലും, പവർപ്ലേയിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകാൻ സഞ്ജുവിന്റെ ഇന്നിങ്സ് സഹായകമായി. ഈ ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് പാർട്ണർഷിപ്പാണ് (48 റൺസ്) സഞ്ജു– അഭിഷേക് ശർമ സഖ്യം കൂട്ടിച്ചേർത്തത്. 2026ൽ കളിച്ച കഴിഞ്ഞ 11 ട്വന്റി20 ഇന്നിങ്സുകളിലും ഇന്ത്യയുടെ ഏറ്റവും മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണിത്. ഈ ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിലും സഞ്ജു കളിച്ചിരുന്നു. അന്ന് 8 പന്തിൽ നിന്ന് 22 റൺസാണ് സഞ്ജു എടുത്തത്. 2015ൽ, സഞ്ജു തന്റെ രാജ്യാന്തര ട്വന്റി20 അരങ്ങേറ്റം കുറിച്ചതും സിംബാബ്‌വെക്കെതിരെയായിരുന്നു.
English Summary:







English (US) ·