Published: January 30, 2026 09:43 PM IST
1 minute Read
തിരുവനന്തപുരം∙ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ മോശം ഫോം തുടരുന്ന സഞ്ജു സാംസണ് ടീം മനേജ്മെന്റ് പൂർണ പിന്തുണ നൽകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകൻ സിതാൻഷു കോടക്. പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിൽനിന്ന് ഇതുവരെ 40 റൺസ് മാത്രമാണ് സഞ്ജു നേടിയത്. എന്നാൽ താരത്തിന്റെ പ്രതിഭയിൽ ടീമിനു സംശയമില്ലെന്ന് സിതാൻഷു കോടക് പറഞ്ഞു.
‘‘സഞ്ജു ഒരു സീനിയർ കളിക്കാരനാണ്, അദ്ദേഹം വളരെ മികച്ച താരമാണ്. എല്ലാവരും ആഗ്രഹിക്കുന്നത്ര റൺസ് അദ്ദേഹം നേടിയിട്ടില്ലായിരിക്കാം, പക്ഷേ അത് ക്രിക്കറ്റ് കരിയറിന്റെ ഭാഗമാണ്. ചിലപ്പോൾ തുടർച്ചയായി അഞ്ച് ഇന്നിങ്സുകളിൽ ഒരുപാട് റൺസ് നേടാറുണ്ട്, ചിലപ്പോൾ അൽപം ബുദ്ധിമുട്ടുള്ള സമയമായിരിക്കും.’’– കാര്യവട്ടത്ത് നടക്കുന്ന അവസാന ട്വന്റി20 മത്സരത്തിനു മുന്നോടിയായി കോടക് മാധ്യമങ്ങളോടു പറഞ്ഞു.
സഞ്ജു സാംസണ് ടീമിന്റെ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘‘ഒരു വ്യക്തി മാനസിക സമ്മർദമില്ലാതെ നിൽക്കേണ്ടത് അയാളുടെ ഉത്തരവാദിത്തമാണ്. അയാളെ നല്ല മാനസികാവസ്ഥയിൽ നിലനിർത്തുക എന്നതാണ് ഞങ്ങളുടെ ജോലി. അവൻ പരിശീലിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു. സഞ്ജുവിന്റെ കഴിവ് നമുക്കെല്ലാവർക്കും അറിയാം. സഞ്ജുവിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല, കാരണം അവൻ ശരിക്കും മികച്ച താരം തന്നെയാണ്.’’– സിതാൻഷു കോടക് പറഞ്ഞു.
കോടക്കിന്റെ വാക്കുകൾ ശരിവച്ച്, കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മത്സരത്തലേന്ന് നടന്ന പരിശീലനത്തിൽ നെറ്റ്സിൽ ഏകദേശം അരമണിക്കൂറോളം സഞ്ജു ബാറ്റു ചെയ്തു. സൈഡ് ആമർമാരായ ഹരി, രഘു എന്നിവരെയും ഇടംകൈയ്യൻ സ്പിന്നർ അക്ഷർ പട്ടേലിന്റെയും പന്തുകൾ നേരിട്ടായിരുന്നു സഞ്ജുവിന്റെ പരിശീലനം.
ഇതിനുശേഷം നെറ്റ്സിൽനിന്ന് ഇടവേളയെടുത്ത താരം, മുഖ്യപരിശീലകൻ ഗൗതം ഗംഭീറുമായും ബോളിങ് കോച്ച് മോൺ മോർക്കലുമായും ചർച്ച നടത്തി. ശനിയാഴ്ച നടക്കുന്ന അഞ്ചാം ട്വന്റി20യിൽ അവസരം ലഭിച്ചാൽ, സ്വന്തം നാട്ടിൽ സഞ്ജുവിന്റെ ആദ്യ രാജ്യാന്തര മത്സരമായിരിക്കും അത്.
English Summary:







English (US) ·