Published: July 05, 2026 06:56 PM IST Updated: July 05, 2026 10:57 PM IST
2 minute Read
മലയാളി താരം സഞ്ജു സാംസണിന്റെ ക്രിക്കറ്റ് യാത്ര ഡൽഹിയിലാണ് ആരംഭിച്ചത്. പിന്നീട് കേരളത്തിലേക്ക് താമസം മാറ്റാനുള്ള തീരുമാനം ജീവിതം മാറ്റിമറിക്കുകയും സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനും സഹായിച്ചു. ജിയോ സ്റ്റാറിന്റെ 'സൂപ്പർ സ്റ്റാർസ്' എന്ന പരിപാടിയിൽ സംസാരിക്കവേ, സഞ്ജു സാംസൺ ഡൽഹിയിലെ തന്റെ ബാല്യകാലം, ക്രിക്കറ്റിനോട് കുട്ടിക്കാലത്ത് ആരംഭിച്ച സ്നേഹം, അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ഒരു അവിസ്മരണീയ പരിശീലന സെഷൻ, കേരളത്തിലേക്ക് മാറാനുള്ള കുടുംബത്തിന്റെ നിർണായകമായ തീരുമാനം എന്നിവയെക്കുറിച്ച് ഓർമകൾ പങ്കുവച്ചു.
What you should work next
‘ഡൽഹിക്ക് എന്റെ ജീവിതത്തിൽ വലിയ പങ്കുണ്ട്. എന്റെ ജീവിതം തുടങ്ങിയത് ഡൽഹിയിലാണ്. അച്ഛൻ ഡൽഹി പൊലീസ് ഫുട്ബോൾ ടീമിൽ അംഗമായിരുന്നു. രാവിലെയും വൈകിട്ടും അദ്ദേഹം പരിശീലനത്തിന് പോകുമായിരുന്നു. ആ സമയം മുതൽ എനിക്ക് കായികരംഗത്തോട് താൽപര്യം തോന്നിത്തുടങ്ങി. കായികതാരമാകണം എന്ന് ഒരു ദിവസം എനിക്ക് തോന്നി. ഞങ്ങൾ പൊലീസ് ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. അവിടെ എല്ലായിടത്തും ക്രിക്കറ്റ് കളിക്കുമായിരുന്നു. അതുകൊണ്ട് ചെറുപ്പം മുതലേ ക്രിക്കറ്റ് എന്നെ ആകർഷിച്ചു. ഞാൻ കൂട്ടുകാരെ വിളിച്ചുകൂട്ടി. ഇരുവശത്തും ക്വാർട്ടേഴ്‌സുകളുള്ള പൊലീസ് കോളനിയിലെ റോഡിന്റെ നടുവിൽ സ്റ്റംപുകൾ വച്ച് കളിക്കുമായിരുന്നു. ടെന്നീസ് ബോൾ ഉപയോഗിച്ച് ഗള്ളി ക്രിക്കറ്റായിട്ടാണ് അത് തുടങ്ങിയത്. ഞങ്ങൾക്കൊക്കെ സ്വന്തമായി നിയമങ്ങളുണ്ടായിരുന്നു. ഞാൻ ക്രിക്കറ്റ് ആസ്വദിക്കുന്നത് അച്ഛനും കണ്ടു. അദ്ദേഹം എന്നെ ഫുട്ബോളിലേക്ക് തള്ളിവിട്ടിട്ടില്ല. അദ്ദേഹം ഞങ്ങളെ ഫുട്ബോൾ കളിക്കാൻ കൊണ്ടുപോകുമായിരുന്നു, ഇപ്പോഴും ഞങ്ങൾ കളിക്കാറുണ്ട്, പക്ഷേ ക്രിക്കറ്റിൽ എനിക്ക് ഭാവിയുണ്ടെന്ന് അദ്ദേഹത്തിന് തോന്നി. ‘നീ ബാറ്റ് ചെയ്യുന്നത് ഞാൻ കണ്ടു, നിനക്ക് കഴിവുണ്ടെന്ന് എനിക്ക് തോന്നി’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെ അദ്ദേഹം എന്നെയും സഹോദരനെയും ഫുട്ബോളിന് പകരം ക്രിക്കറ്റ് കളിപ്പിച്ചു’ – സഞ്ജു പറഞ്ഞു.
What you should work next
ഫിറോസ് ഷാ കോട്‌ലയിലെ പരിശീലനം
‘ഫിറോസ് ഷാ കോട്‌ലയിലെ (ഇപ്പോൾ അരുൺ ജയ്‌റ്റ്‍ലി സ്റ്റേഡിയം) പരിശീലനം വളരെ സവിശേഷമായ ഒരു ഓർമയാണ്. കുട്ടികളായിരിക്കുമ്പോൾ ഞങ്ങൾ അക്കാദമികളിലും സ്കൂളുകളിലുമൊക്കെ പോയി പരിശീലിക്കുമായിരുന്നു. ഒരു ദിവസം അച്ഛൻ എന്നെ ഫിറോസ് ഷാ കോട്‌ലയിൽ പരിശീലനത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ നെറ്റ്സിലേക്ക് പരിശീലനത്തിനായി പോയി. ഞങ്ങൾ വെള്ള യൂണിഫോം അണിഞ്ഞ് തയാറായി. ഞങ്ങൾ എല്ലാവരും ഒരു ബസിലാണ് ഫിറോസ് ഷാ കോട്‌ലയിലേക്ക് പോയത്. അച്ഛന് അവിടെ ഡ്യൂട്ടി ഉണ്ടായിരുന്നു. അദ്ദേഹം ഒരാളോട് ഒരു മണിക്കൂർ ഞങ്ങളെ പരിശീലിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചു. അങ്ങനെ ഞാനും സഹോദരനും അച്ഛനും ഒരു മണിക്കൂർ നെറ്റ്സിൽ ഒരുമിച്ച് പരിശീലിച്ചു. അറിയില്ല, അത് വലിയൊരു അനുഗ്രഹമായിരുന്നിരിക്കണം. അച്ഛൻ എങ്ങനെ അത് സാധിച്ചു എന്ന് എനിക്കറിയില്ല, പക്ഷേ ഇന്നത്തെ കാലത്ത് അങ്ങനെയൊന്നും അവർ അനുവദിക്കില്ല. ഒരുപക്ഷേ അച്ഛൻ ഡ്യൂട്ടിയിലായിരുന്നതുകൊണ്ടാവാം അത് സംഭവിച്ചത്.’ – സഞ്ജു പറഞ്ഞു.
കേരളത്തിലേക്ക് മാറാനുള്ള തീരുമാനം
‘സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാർ ഡിഡിസിഎ (ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ) ജാക്കറ്റ് ധരിച്ച് ഡൽഹി ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ കാണാറുണ്ടായിരുന്നു. അത് എന്നെ പ്രചോദിപ്പിച്ചു. എനിക്കും ഡൽഹിയെ പ്രതിനിധീകരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാൻ ട്രയൽസിന് പോയി, സംസ്ഥാന ക്യാംപുകളിൽ പങ്കെടുത്തു, റൺസ് നേടി. രണ്ടോ മൂന്നോ തവണ ഞാൻ ക്യാംപിൽ ഇടം നേടി. പക്ഷേ സംസ്ഥാന ടീമിൽ ഇടംപിടിക്കാനായില്ല. മത്സരം കടുപ്പമായിരുന്നു. പിന്നീട് ഒരു ദിവസം, എന്റെ ട്രയൽസ് കഴിഞ്ഞതിന് ശേഷം ടീം ലിസ്റ്റ് പ്രഖ്യാപിച്ചു. എന്റെ പേരുണ്ടായിരുന്നില്ല. ഞങ്ങൾ നിശബ്ദമായി വീട്ടിലേക്ക് മടങ്ങി.
വീട്ടിലെത്തിയ ഉടൻ അച്ഛൻ അമ്മയോട് പറഞ്ഞു: ‘നമുക്ക് കേരളത്തിലേക്ക് മാറേണ്ടി വരും. നമ്മൾ താമസം മാറുകയാണ്’. ‘കുട്ടികൾ ആറാം ക്ലാസ്സിൽ ആയതേയുള്ളു. അവർ പത്താം ക്ലാസ്സ് പൂർത്തിയാക്കട്ടെ’ – എന്നായിരുന്നു അമ്മയുടെ പ്രതികരണം. അച്ഛൻ പറഞ്ഞു: ‘വേണ്ട, നമുക്ക് ഇപ്പോൾ പോകണം. സാധനങ്ങൾ പായ്ക്ക് ചെയ്യൂ. ഞാൻ മൂന്നു ദിവസത്തിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയാണ്’. ‘അദ്ദേഹം ആ തീരുമാനം തൽക്ഷണം എടുത്തു. ഞാൻ ഓർക്കുന്നു, ഞങ്ങൾ എല്ലാവരും ട്രെയിനിൽ കയറി. പിന്നീട് ഞങ്ങൾ കേരളത്തിലെത്തി, ഞാൻ കേരളത്തിനു വേണ്ടി കളിക്കാൻ തുടങ്ങി. അങ്ങനെയാണ് കേരള ടീമിലേക്കുള്ള എന്റെ ക്രിക്കറ്റ് യാത്ര ആരംഭിച്ചത്’ – സഞ്ജു പറഞ്ഞു.
English Summary:





English (US) ·