അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം; ശുഭ്മൻ ഗില്ലിന് അർധ സെ‍ഞ്ചറി

1 month ago 4

ഓൺലൈൻ ഡെസ്ക്

Published: June 13, 2026 10:59 PM IST Updated: June 13, 2026 11:14 PM IST

1 minute Read

 ARUN SANKAR / AFP)
ഇന്ത്യ - അഫ്ഗാനിസ്ഥാൻ മത്സരത്തിൽ നിന്ന് (Photo: ARUN SANKAR / AFP)

ധരംശാല ∙ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ മികവിൽ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. മഴയെ തുടർന്ന് 25 ഓവറായി ചുരുക്കിയ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 24.5 ഓവറിൽ 194 റൺസിന് ഓൾഔട്ടായി. ഇന്ത്യ 22.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 66 പന്തിൽ പുറത്താകാതെ 84 റൺസെടുത്ത ശുഭ്മൻ ഗില്ലിന്റെ മികവിലാണ് ഇന്ത്യ അനായാസം വിജയം കൈവരിച്ചത്. കെ.എൽ.രാഹുൽ (19 പന്തിൽ 39 നോട്ടൗട്ട്) മികച്ച പിന്തുണ നൽകി. ഇഷാൻ കിഷൻ (22 പന്തിൽ 34), രോഹിത് ശർമ (16 പന്തിൽ 16), ശ്രേയസ് അയ്യർ (15 പന്തിൽ 12) എന്നിവരാണ് പുറത്തായ ബാറ്റർമാർ. 

നേരത്തെ, അ‍ഞ്ച് ഓവറിനുള്ളിൽ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ട് പതറിയ അഫ്ഗാനിസ്ഥാനെ റഹ്മാനുല്ല ഗുർബാസും നായകൻ ഹഷ്മത്തുല്ല ശാഹിദിയും ചേർന്ന് 66 പന്തിൽ നേടിയ 116 റൺസ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 25 പന്തിൽ അർധ സെഞ്ചറി തികച്ച ഗുർബാസ്, 48 പന്തിലാണ് തന്റെ ഒൻപതാം ഏകദിന സെ‍ഞ്ചറി തികച്ചത്. ഒരു അഫ്ഗാനിസ്ഥാൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചറിയാണിത്. 51 പന്തിൽ 8 സിക്സും 8 ഫോറും ഉൾപ്പെടെ 102 റൺസെടുത്ത ഗുർബാസിനെ നിതീഷ് കുമാർ റെഡ്ഡി ബൗൾഡാക്കുകയായിരുന്നു. ഗുർബാസിനെ കൂടാതെ ഹഷ്മത്തുല്ല ശാഹിദിയും (30 പന്തിൽ 27), അസ്മത്തുല്ല ഒമർസായിയും (16 പന്തിൽ 26) മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയ ഗുർനൂർ ബ്രാർ, ഹർഷ് ദുബെ എന്നിവർ മൂന്നു വിക്കറ്റും നിതീഷ് കുമാർ റെഡ്ഡി, അർഷദീപ് സിങ് എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി.

English Summary:

India vs Afghanistan 1st ODI astatine Dharamsala unrecorded updates

Read Entire Article