Published: March 18, 2026 11:22 AM IST
1 minute Read
കാബുള്‍∙ അഫ്ഗാനിസ്ഥാനിലെ കാബുളിലെ ആശുപത്രിക്കു നേരെ നടന്ന വ്യോമാക്രമണത്തിൽ രാജ്യാന്തര തലത്തിലുള്ള ഇടപെടൽ ആവശ്യപ്പെട്ട് അഫ്ഗാൻ ക്രിക്കറ്റ് താരം അല്ലാഹ് ഗസൻഫർ. ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെ താരമാണ് ഗസൻഫർ. അഫ്ഗാനിസ്ഥാൻ– പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് കാബുളിലെ ആശുപത്രിക്കു നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 400 പേർ മരിക്കുകയും 250ൽ അധികം പേർ പരുക്കേറ്റു ചികിത്സയിലുമായിരുന്നു. 2000 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള വമ്പന്‍ ആശുപത്രിയാണ് വ്യോമാക്രമണത്തിൽ നശിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാൻ ഏറ്റെടുത്തിരുന്നില്ല.
സാധാരണക്കാരുടെ ജീവിതം കൂടുതൽ കഷ്ടത്തിലാക്കാൻ മാത്രമാണ് ഇതുകൊണ്ടു സാധിക്കുകയെന്ന് ഗസൻഫർ പ്രതികരിച്ചു. ‘‘അവിടെയുള്ള ആളുകൾക്കു ചികിത്സിക്കാൻ പണമുണ്ടാകില്ല. ഇപ്പോൾ അവര്‍ ആശുപത്രി കൂടി ലക്ഷ്യമിട്ടിരിക്കുകയാണ്. അവർ എന്താണു തെളിയിക്കാൻ ശ്രമിക്കുന്നതെന്നു വ്യക്തമല്ല. സാധാരണക്കാരെയാണ് അവർ ആക്രമിക്കുന്നത്. അഫ്ഗാനിസ്ഥാൻ ഒരിക്കലും ഇത് അംഗീകരിക്കില്ല. അഫ്ഗാനിസ്ഥാന്റെ ചരിത്രം എല്ലാവർക്കും അറിയാം. ഇത് പാക്കിസ്ഥാനു വളരെ മോശമായിരിക്കും.’’–ഗസൻഫർ വ്യക്തമാക്കി.
‘‘ഇന്ത്യ ഞങ്ങളുടെ അടുത്ത സുഹൃത്താണ്. ഈ പ്രശ്നങ്ങൾ ഇന്ത്യയുമായി ചർച്ച ചെയ്യാൻ താൽപര്യമുണ്ട്. എങ്കിൽ മാത്രമേ ഇനി ഇങ്ങനെ സംഭവിക്കാതിരിക്കൂ. മറ്റു രാജ്യങ്ങളോടും ഞങ്ങൾ ഇതേ ആവശ്യമാണ് ഉന്നയിക്കുന്നത്. ലോകം ഇപ്പോൾ തന്നെ ഒരുപാടു വെല്ലുവിളികളിലൂടെ കടന്നുപോകുകയാണ്. ഇത്തരം ആക്രമണങ്ങൾ ആളുകൾക്കു നല്ലതല്ല.’’– അഫ്ഗാൻ താരം പ്രതികരിച്ചു.
പ്രാദേശിക സമയം, തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് പാക്കിസ്ഥാൻ സൈന്യം അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തിയത്. രണ്ടായിരം കിടക്കകളുള്ള ആശുപത്രി കെട്ടിടത്തിന്റെ ഭൂരിഭാഗവും ആക്രമണത്തിൽ തകർന്നു. ഭീകരത സൃഷ്ടിക്കാൻ ആശുപത്രികളെയും സിവിലിയൻ കേന്ദ്രങ്ങളെയും പാക്കിസ്ഥാൻ ലക്ഷ്യം വയ്ക്കുകയാണെന്ന് അഫ്ഗാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. ഇത്തരം നടപടികൾ അംഗീകൃത തത്വങ്ങൾക്ക് വിരുദ്ധവും മാനവരാശിക്കെതിരായ കുറ്റകൃത്യവുമാണെന്നും അദ്ദേഹം പറഞ്ഞു.
കാബൂളിലെയും കിഴക്കൻ പ്രവിശ്യയായ നംഗർഹാറിലെയും സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇവ കൃത്യമായിരുന്നെന്നും പാക്കിസ്ഥാൻ വാർത്താവിനിമയ മന്ത്രി അതാഉല്ല തരാർ പറഞ്ഞു. ‘‘വിവിധ ഭീകര ഗ്രൂപ്പുകളെ പിന്തുണയ്ക്കാൻ അഫ്ഗാൻ താലിബാൻ ഭരണകൂടം ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടത്.’’– പാക്ക് മന്ത്രി എക്സിൽ കുറിച്ചു.
English Summary:







English (US) ·