Published: February 20, 2026 09:39 AM IST
2 minute Read
ഉടയ്ക്കു സ്വാമീ’ എന്നു പറഞ്ഞ് നെടുമുടി വേണുവിനു പിന്നാലെയോടുന്ന ‘മിഥുനം’ സിനിമയിലെ ജഗതി ശ്രീകുമാറിന്റെ അവസ്ഥയിലായിരുന്നു ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യൻ ആരാധകർ. ക്രിക്കറ്റിലെ അണ്ഡകടാഹങ്ങളെ ഞെട്ടിച്ച് 300 റൺസെന്ന അസാമാന്യ സ്കോർ പൊട്ടിച്ചിതറുമെന്ന് ഇന്ത്യയുടെ ഓരോ മത്സരത്തിലും അവർ പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. 3 കുഞ്ഞൻ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് റൗണ്ടിലെ 4 മത്സരങ്ങളിൽ ഇന്ത്യൻ ടോട്ടൽ 200 കടന്നത് ഒരു തവണ മാത്രം. 8 ബാറ്റർമാരുള്ള ലൈനപ്പിൽ ഒറ്റപ്പെട്ട രക്ഷാപ്രവർത്തനമാണ് 4 തവണയും ഇന്നിങ്സിനെ താങ്ങിനിർത്തിയത്. അപരാജിതരായി മുന്നേറിയെങ്കിലും ഒത്തിണക്കത്തിന്റെ ടീം ഇന്ത്യയെന്ന സ്വപ്നത്തിലേക്ക് താരങ്ങൾ ഇതുവരെ നടന്നെത്തിയിട്ടില്ലെന്നാണ് ഗ്രൂപ്പ് റൗണ്ടിലെ ഇന്ത്യയുടെ പ്രകടനം തെളിയിക്കുന്നത്.
ടോപ് ഡിസോർഡർ
ട്വന്റി20 ലോകകപ്പിനു മുൻപ് എതിർ ടീമിന്റെ പേടിസ്വപ്നമായിരുന്ന അഭിഷേക് ശർമ ടീമിന്റെ വലിയ തലവേദനയായി മാറിയത് വളരെ വേഗത്തിലാണ്. തുടർച്ചയായ 3 മത്സരങ്ങളിൽ പൂജ്യത്തിനു പുറത്തായതിനൊപ്പം സ്പിൻ ബോളിങ്ങിനെതിരെ അഭിഷേകിന്റെ ദൗർബല്യങ്ങൾ എതിരാളികൾ തുറന്നുകാട്ടുകയും ചെയ്തു. ഐപിഎൽ പ്ലേഓഫ് (3 റൺസ്), ഐപിഎൽ ഫൈനൽ (2), ഏഷ്യാ കപ്പ് ഫൈനൽ (5) എന്നിങ്ങനെ നിർണായക ഘട്ടങ്ങളിൽ പതറിയിട്ടുള്ള അഭിഷേകിനു ലോകകപ്പ് മത്സരങ്ങളുടെ സമ്മർദത്തെയും അതിജീവിക്കാനാകുന്നില്ല.
തിലകിന്റെ മെല്ലെപ്പോക്ക്
പവർപ്ലേയിൽ തകർത്തടിക്കുന്ന ഇഷാൻ കിഷൻ നൽകുന്ന മികച്ച തുടക്കം ഇന്ത്യ മധ്യ ഓവറുകളിൽ പാഴാക്കുന്നത് പതിവാകുന്നു. വൺഡൗൺ തിലക് വർമയാണ് ഇതിൽ മുഖ്യപ്രതി. ആക്രമണവീര്യം ചോർന്നുപോയെന്നു തോന്നിപ്പിക്കുംവിധം ബാറ്റുചെയ്യുന്ന തിലകിന്റെ ലോകകപ്പിലെ നിലവിലെ സ്ട്രൈക്ക് റേറ്റ് 120 മാത്രമാണ്. ആകെ 88 പന്തിൽ നേടിയത് 106 റൺസ്. ക്രീസിൽ നിലയുറപ്പിക്കാനായി തിലക് ഡോട് ബോളുകൾ വഴങ്ങുന്നത് ഫീൽഡിങ് നിയന്ത്രണമുള്ള പവർപ്ലേ ഓവറുകളിൽ തിരിച്ചടിയാകുന്നു. പാക്കിസ്ഥാനെതിരായ മത്സരത്തിൽ 34 പന്തിൽ 38 റൺസുമായി സ്കോറിങ് ഇഴയിപ്പിച്ച തിലക്– സൂര്യകുമാർ കൂട്ടുകെട്ട് നമീബിയയ്ക്കെതിരായ മത്സരത്തിൽ 18 പന്തിൽ നേടിയത് 16 റൺസ് മാത്രം. നെതർലൻഡ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ 28 പന്തിൽ 30 റൺസ് മാത്രം നേടിയ ഇവർ മെല്ലെപ്പോക്ക് വീണ്ടും ആവർത്തിച്ചു.
ഓ....സ്പിൻ
ടോപ് ഓർഡറിലെ 3 പേർ അടക്കം 6 ഇടംകൈ ബാറ്റർമാർ നിറഞ്ഞ ഇന്ത്യൻ ലൈനപ്പിനെ തളയ്ക്കാൻ ഓഫ് സ്പിന്നാണ് ഏറ്റവും മികച്ച ആയുധമെന്ന് ഗ്രൂപ്പ് റൗണ്ടിലൂടെ എതിരാളികൾ തിരിച്ചറിഞ്ഞു. പാക്കിസ്ഥാന്റെ സൽമാൻ ആഗയും നെതർലൻഡ്സിന്റെ ആര്യൻ ദത്തും നമീബിയയുടെ ജെറാൾഡ് ഇറാസ്മസും ഇന്ത്യൻ ടോപ് ഓർഡറിനെ തകർത്തത് ഓഫ് സ്പിൻ കെണിയിലൂടെയാണ്. വേരിയേഷനുകളില്ലാതെ പന്തെറിയുന്ന പാർടൈം ഓഫ് സ്പിന്നർമാർക്കെതിരെ പോലും ഇന്ത്യയ്ക്ക് പതർച്ചയുണ്ടായി. 4 മത്സരങ്ങളിലായി വീണ ഇന്ത്യയുടെ 31 വിക്കറ്റുകളിൽ പതിനൊന്നും നേടിയത് ഓഫ് സ്പിന്നർമാരാണ്. പാക്ക് ഓഫ് സ്പിന്നർമാരായ സയിം അയൂബും താരിഖ് ഉസ്മാനും ചേർന്നെറിഞ്ഞ 8 ഓവറുകളിൽ 6.6 മാത്രമായിരുന്നു ഇന്ത്യൻ റൺറേറ്റ്.
കൈവിട്ട കളി
ഒരു ചെറിയ പിഴവുപോലും ഫലം അട്ടിമറിച്ചേക്കാവുന്ന സൂപ്പർ 8 റൗണ്ടിലേക്കെത്തുമ്പോൾ ഫീൽഡിങ്ങിലെ പ്രകടനങ്ങളും ഇന്ത്യയ്ക്ക് ഒട്ടും ആശ്വാസകരമല്ല. ഇതുവരെ 9 ക്യാച്ചുകൾ കൈവിട്ട ഇന്ത്യ, ലോകകപ്പിലെ 20 ടീമുകളിൽ അയർലൻഡിന് പിന്നിൽ (10) രണ്ടാമതാണ്. വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ, കുൽദീപ് യാദവ്, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, അഭിഷേക് ശർമ എന്നിവരെല്ലാം നിസ്സാര ക്യാച്ചുകൾ നിലത്തിട്ട് നിരാശപ്പെടുത്തി.
പുലരുന്ന പ്രതീക്ഷ
പ്രതീക്ഷകളെല്ലാം കിരീടത്തിൽ തങ്ങിനിൽക്കുന്നതിനാലാണ് ഗ്രൂപ്പ് റൗണ്ടിൽ ടീമിന്റെ ചെറിയ പിഴവുകൾപോലും ഇന്ത്യൻ ആരാധകരെ അസ്വസ്ഥരാക്കുന്നത്. ശുഭ സൂചനകൾ നൽകുന്ന ഒട്ടേറെ പ്രകടനങ്ങൾക്കും ഗ്രൂപ്പ് റൗണ്ട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 4 മത്സരങ്ങളിൽ 4 വ്യത്യസ്ത പ്ലെയർ ഓഫ് ദ് മാച്ചുകളുണ്ടായത് ടീമിലെ മാച്ച് വിന്നർമാരുടെ സാന്നിധ്യത്തിന് തെളിവായി. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ മികവ് കാട്ടുന്ന ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരുടെ സാന്നിധ്യം പ്ലേയിങ് ഇലവനെ കൂടുതൽ സന്തുലിതമാക്കുന്നു. ബോളിങ്ങിൽ സ്പിന്നർ വരുൺ ചക്രവർത്തിയെ വെല്ലുവിളിക്കാൻ എതിരാളികൾക്കു ഇതുവരെ കഴിഞ്ഞിട്ടില്ല. 4 മത്സരങ്ങളിൽനിന്ന് 9 വിക്കറ്റ് നേടിയ വരുണിന്റെ ഇക്കോണമി 6ൽ താഴെയാണ്. അഭിഷേക് കിതയ്ക്കുമ്പോൾ ആ റോൾ ഏറ്റെടുത്ത് ആഞ്ഞടിക്കുന്ന ഓപ്പണർ ഇഷാൻ കിഷൻ ടൂർണമെന്റിൽ ഇതുവരെ 2 അർധ സെഞ്ചറി നേടിക്കഴിഞ്ഞു.
English Summary:







English (US) ·